Connect with us

Video Stories

കുരുക്കു മുറുകി മോദിയും റഫാലും

Published

on

റഫാല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ വിറളിപിടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടിക സമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട്‌വെച്ചെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ ആയിരം പടച്ചട്ടയെങ്കിലും അണിയേണ്ടി വരും നരേന്ദ്ര മോദിക്ക്. അംബാനിക്ക് കോടികളുടെ ആസ്തി വ്യാപ്തിക്കായി വഴിവിട്ട് അവസരമൊരുക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നെഞ്ചില്‍ അത്രമേല്‍ അഴിമതിയുടെ കൂരമ്പുകളാണ് ആപതിച്ചുകൊണ്ടിരിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിക്കാത്തതും വിവാദത്തിനിടെ പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ ഫ്രാന്‍സില്‍ പോയതുമെല്ലാം ഉയര്‍ത്തിവിടുന്ന ദുരൂഹതയുടെ കരിമേഘച്ചുരുളുകള്‍ അതീവ ഗൗരവമേറിയതാണ്. പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുപ്പിച്ച പോരാട്ടം അഴിമതിയുടെ കോട്ടക്കൊത്തളങ്ങളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന കാര്യം തീര്‍ച്ച.
റഫാല്‍ യുദ്ധ വിമാന ഇടപാടിലെ വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് കേന്ദ്ര സര്‍ക്കാറിനെതിരെ ആദ്യ വെടിയുതിര്‍ത്തത്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നില്ലെന്നുമായിരുന്നു ഫ്രാന്‍സ്വ ഒലാന്ദെയുടെ വെളിപ്പെടുത്തല്‍. തന്റെ നിലപാടില്‍നിന്ന് ഒലാന്ദ് പിന്നീട് പിറകോട്ട് പോയെങ്കിലും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നതില്‍ അവ്യക്തതകള്‍ തെല്ലുമില്ലായിരുന്നു. കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന ഫ്രാന്‍സ്വ ഒലാന്ദ് സമ്മര്‍ദങ്ങളുടെ സാഹചര്യത്തിലാണ് വാക്കുവിഴുങ്ങിയതെന്ന് വ്യക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കരാറിലെ കൊടും വഞ്ചന തുറന്നുകാട്ടി വാക്‌പോര് കത്തിപ്പടരുന്ന സമയത്താണ് ഒലാന്ദെയുടെ കരണം മറിച്ചില്‍. എന്നാല്‍ ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെയും (സി.എ.ജി) കേന്ദ്ര വിജിലന്‍സ് ഡയരക്ടറെയും കണ്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം വിമാന ഇടപാടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനാല്‍ ഈ രണ്ടു വഴികളിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരം പുറത്തുവരുന്നത് കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഡിറ്റ് നടത്തുമെന്ന് കോണ്‍ഗ്രസിന് സി.എ.ജി നല്‍കിയ ഉറപ്പ് പ്രതീക്ഷപകരുന്നതാണ്.
രാജ്യത്തിന്റെയല്ല മോദി, അംബാനിയുടെ മാത്രം പ്രധാനമന്ത്രിയാണ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം ഏറെ ചിന്തനീയമാണ്. വിദേശകാര്യ-പ്രതിരോധ മന്ത്രിമാര്‍, പ്രതിരോധ സെക്രട്ടറി, വിദഗ്ധര്‍ തുടങ്ങിയവര്‍ ആരും അറിയാതെയും ടെണ്ടര്‍ വിളിക്കാതെയുമാണ് കൂടിയ വിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ തിരുത്തിയത്. ഇടപാടില്‍ ദേശീയ സുരക്ഷക്ക് പുല്ലുവില കല്‍പിച്ചില്ലെന്ന അതിഗുരുതരമായ ആരോപണം മുന്‍ പ്രതിരോധ മന്ത്രി കൂടിയായ എ.കെ ആന്റണി ഉന്നയിച്ചിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്താണ് ഫ്രഞ്ച് സര്‍ക്കാറുമായി ഇന്ത്യാ ഗവണ്‍മെന്റ് റാഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെക്കുന്നത്. 18 യുദ്ധ വിമാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കാനും 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തോടെയാണ് കരാര്‍ മാറ്റിയെഴുതിയത്. വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി ചുരുങ്ങി എന്നുമാത്രമല്ല നിര്‍മാണ ചുമതലയില്‍നിന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി റിലയന്‍സ് എയ്‌റോ സ്‌പെയ്‌സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫ്രഞ്ച് കമ്പനിക്ക്‌മേല്‍ സമ്മര്‍ദം ചെലുത്താനാണ് നിര്‍മലാസീതാരാമന്റെ യാത്ര, കോടികളുടെ കരാര്‍ ലഭിച്ചതിനാല്‍ ഇന്ത്യാ സര്‍ക്കാര്‍ പറയുന്നതു മാത്രമേ അവര്‍ പുറത്ത് പറയൂ എന്ന വിശ്വാസവും കേന്ദ്ര സര്‍ക്കാറിനെ ഈ കാട്ടുകൊള്ളക്ക് പ്രേരിപ്പിച്ചു. 2017 മെയ് 11 ന് ദസോ എവിയേഷന്‍ സി.ഇ.ഒ ലോയ്ക് സെഗാലിന്‍ നടത്തിയ പ്രസന്റേഷന്‍ ഉദ്ധരിച്ചാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘ആ നിബന്ധന അംഗീകരിക്കേണ്ടത് ദസോ ഏവിയേഷന് ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്നതിന് അനിവാര്യമായിരുന്നു’ എന്നായിരുന്നു ഉദ്യോഗസ്ഥന്‍ പ്രസന്റേഷനിലൂടെ സ്ഥാപിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന രണ്ടു വെളിപ്പെടുത്തലുകളായാണ് ഇവ കാണേണ്ടത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയേക്കാള്‍ രണ്ടിരട്ടി അധിക തുകക്കാണ് മോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുള്ളത്. ഇതുവഴി പൊതുഖജനാവിന് 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് പുത്തനുണര്‍വ് പ്രവചിക്കപ്പെട്ട മികവുറ്റ ഒരു കരാറിനെ തീവെട്ടിക്കൊള്ളയിലൂടെ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കും കോടികള്‍ തട്ടിയെടുക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റിയെഴുതിയ ഒരു പ്രധാനമന്ത്രിയെ ഇനിയും എത്രകാലം ഈ രാജ്യം പേറണം? ജനാധിപത്യബോധമേ… സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending