ലോക വനിതാ ദിനമായ ഇന്ന് കേരളം ഏറ്റവും ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടരിക്കുന്നത് ഒരു വനിതാ സമരമാണ്. 25 ദിവസം പിന്നിട്ടുകഴിഞ്ഞ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ ആശാ വര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ചാണത്. സേവന സന്നദ്ധത തൊഴിലായി സ്വീകരിച്ച ഒരു സമൂഹം, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാട് കാരണം തീര്‍ത്തും ന്യായമായ ആവശ്യങ്ങളുമായി അധികാരികളുടെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോടുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക സമീപനം എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നതാണ് ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെടുന്നത്.
സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാറിന്റെ സ്ത്രീകളോടുള്ള മനോഭാവത്തിന്റെ മകുടോദാഹരണമായി ഈ നിലപാട് മാറിയിരിക്കുകയാണ്. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന ‘നവകേരളത്തെ നയിക്കാന്‍ പുതു വഴികള്‍’ എന്ന 41 പേജുള്ള റിപ്പോര്‍ട്ടാണ്. കഴിഞ്ഞ സമ്മേളനത്തിലെ ചര്‍ച്ചയാകട്ടേ മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ചിരുന്ന ‘നവകേരളത്തിനുള്ള പാര്‍ട്ടി കാഴച്ചപ്പാട്’ ആയിരുന്നു. സി.പി.എമ്മും ഇടതു സര്‍ക്കാറും വിഭാവനം ചെയ്യുന്ന നവകേരളത്തില്‍ വനിതകളോടും വനിതാ സമരങ്ങളോടുമുള്ള സമീപനം ആശാവര്‍ക്കാര്‍മാരോടും അവരുടെ സമരത്തോടും സ്വീകരിച്ച രീതിയിലുള്ളതാണോയെന്നാണ് ജനം അറിയാന്‍ ആഗ്രഹിക്കുന്നത്.
ഒരു ഭരണകൂടത്തിനും ഒരു നിമിഷംപോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തത്രയും അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിച്ചിരിക്കുന്നത്. ഓണറേറിയം 21000 രൂപയാക്കണം, വേതനവും ഇന്‍സന്റീവും എല്ലാ മാസവും അഞ്ചിനകം വിതരണം ചെയ്യണം, വിരമിക്കല്‍ പ്രായത്തില്‍ വ്യക്തത വേണം, വിരമിക്കല്‍ ആനുകൂല്യം നല്‍കണം, ജോലി സ്ഥിരപ്പെടുത്തണം, യൂണിഫോം അനുവദിക്കണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണവ. ഗര്‍ഭിണികളുടെ കണക്കെടുപ്പ്, വിവിധ യോഗങ്ങളില്‍ സംബന്ധിക്കല്‍, രജിസ്റ്ററുകളുമായി വീടുകയറല്‍, സര്‍വേകളുടെ കണക്കു തയാറാക്കല്‍, പ്രതിരോധ കുത്തിവെപ്പുകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പുകള്‍, പാലിയേറ്റീവ് പരിചരണം, കിടപ്പുരോഗികളെ കാണല്‍, ഒറ്റപ്പെട്ടുപോയ രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കല്‍, സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളിലെ ആസൂത്രണം എന്നിങ്ങനെ ഇരു സര്‍ക്കാറുകളുടേതു മായി ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്. ആരോഗ്യ സംവിധാനത്തില്‍ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുകയും സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുകയും സാധരണക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ എന്നനിലയില്‍ ഭരണകൂടങ്ങളുടെ ബ്രാന്റ് അംബാസിഡര്‍മാരായി സേവനം ചെയ്യുന്നവരാണവര്‍.
സന്നദ്ധ സേവകര്‍ എന്ന നിലയില്‍ കൃത്യമായ അവധിയോ ഒഴിവോ ഇല്ലാതെ ഏതു സാഹചര്യത്തിലും സര്‍ക്കാറിന്റെയും ജനങ്ങളുടെയും വിളിപ്പുറത്തുണ്ടാവേണ്ട ഇവര്‍ക്ക് മറ്റൊരു വരുമാന മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. ആ നിലക്ക് ഇപ്പോള്‍ ലഭ്യമാകുന്ന ഈ തുച്ഛമായ വേതനം കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ഇവരുടെ ചോദ്യത്തെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തുമാത്രം അപഹാസ്യമാണ്.
കേന്ദ്രം നല്‍കാത്തതുകൊണ്ടാണെന്ന് കേരളവും എന്നാല്‍ തങ്ങളുടെ വിഹിതം പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രവും പറയുമ്പോള്‍ ഇരുകൂട്ടരും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാവുകയാണ്. സംസ്ഥാന സര്‍ക്കാറാകാട്ടെ ധാര്‍ഷ്ട്യവും ധിക്കാരവും ഇതിന് മേമ്പൊടിയായി ചേര്‍ത്തുവെച്ചിമുണ്ട്. വകുപ്പ് മന്ത്രി ഒരു വനിതയായിരുന്നിട്ടു പോലും ഈയോരു സാഹചര്യം സംജാതമാവുമ്പോള്‍ വിഷയം കൂടുതല്‍ ഗൗരവതരമാവുകയാണ്. ഒരു ഘട്ടത്തില്‍ ആശമാരെ കേള്‍ക്കാന്‍പോലും തയാറാകാതിരുന്ന അവര്‍ പിന്നീട് പച്ചക്കള്ളം കൊണ്ട് പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്.
നിവൃത്തികേടുകൊണ്ടാണെങ്കില്‍പേലും ഏതാനും ആവശ്യങ്ങള്‍ പരിഗണിച്ചിട്ടു പോലും സമരം അവസാനിക്കാത്തത് ഈ ധിക്കാരികളെ എങ്ങനെ വിശ്വസിക്കുമെന്ന സമരക്കാരുടെ ആശങ്ക കാരണമാണ്. സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ക്ക് ക്ലാസെടുത്തുനല്‍കുന്ന സി.പി.എമ്മിന്റെ തനിസ്വഭാവം പ്രകടമാക്കുന്നതാണ് ഉത്തരവാദപ്പെട്ട നേതാക്കന്‍മാരുടെ വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമരപ്പന്തല്‍ സന്ദര്‍ശിച്ചതിനെയും സമരക്കാര്‍ ഫണ്ട്കലക്ഷന്‍ നടത്തി യതിനെക്കുറിച്ചുമെല്ലാം കേട്ടാലറക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന ഇവര്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായകളാണെന്ന് നിസംശയം പറയാന്‍ കഴിയും. ഏതായാലും ഈ വനിതാ ദിനത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടത് ആശാ സമരത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഭരണകൂടത്തിന്റെ സ്ത്രീ സമൂഹത്തോടുള്ള സമീപനമാണ്.