ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ പ്രകീര്‍ത്തിച്ചും മോദിയുടെ ഗുജറാത്ത് പ്രസംഗം. ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയതെന്നും നരേന്ദ്രമോദി ആരോപിച്ചു.
രാഷ്ട്രീയത്തിന്റെ നിലവാരം തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണ പ്രചാരണം നടത്തുകയാണ്. അശുഭ പ്രതീക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യുകയായിരിന്നു അദ്ധേഹം.
അതേ സമയം പ്രസംഗത്തിലുടനീളം അമിത്ഷായെ പ്രകീര്‍ത്തിക്കാനും മറന്നില്ല. ബി.ജെ.പിയുടെ വിജയത്തിന്റെ ഉത്തരവാദിത്വം അമിത്ഷായ്ക്കാണെന്ന് മോദി പറഞ്ഞു. ഉത്തരപ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ഷാ ആണെന്നും മോദി. 2019 ലെ തിരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തിലെത്തും അതിനും ഷാ ചുക്കാന്‍ പിടിക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി തന്നെ ഈ വര്‍ഷവും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ബിജെപി നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച പീഡനങ്ങളും ബുദ്ധിമുട്ടുകളും മറികടന്ന് പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നുകഴിഞ്ഞു. രാജ്യമെങ്ങും ബിജെപി വിജയക്കൊടി പാറിക്കാന്‍ പോവുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. പ്രസംഗത്തിലൂടനീളം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ പ്രകീര്‍ത്തിക്കാനും മോദി മറന്നില്ല. കേരളം മുതല്‍ കശ്മീര്‍വരെ ബിജെപി തരംഗം ആഞ്ഞടിക്കുകയാണെന്ന് അമിത് ഷായും അഭിപ്രായപ്പെട്ടു.
നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രചരണമാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുല്‍ മോദിക്കെതിരേയും ബി.ജ.പിക്കെതിരേയും കേന്ദ്രസര്‍ക്കാറിനെതിരേയും ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. അതിനുള്ള മറുപടി കൂടിയായിരുന്നു മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം.
ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം. മോദിയുടെ റാലിക്കായാണ് തിയതി പ്രഖ്യാപിക്കാതിരുന്നത് എന്ന വിമര്‍ശനവും ശക്തമായിരുന്നു.
നിലവിലെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത് 2018 ജനുവരിയിലാണ്. ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇക്കാര്യത്തിലുള്ളൂ. സാധാരണ ഗതിയില്‍ ആറു മാസം വരെ കാലയളവുകളിലുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതും ഒരുമിച്ച് പ്രഖ്യാപിക്കുന്നതുമാണ് കമ്മീഷന്റെ രീതി. ഇതില്‍ നിന്ന് ഭിന്നമായാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ വൈകിപ്പിക്കുകയും ചെയ്തത്.
കമ്മീഷന്‍ നിലപാടിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം സ്വാഭാവികമായി സംശയത്തിന്റെ മുനയിലാകുന്നുണ്ടെന്നും ഖുറേഷി ആരോപിച്ചിരുന്നു. കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടെ ഇംഗിതത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിയും തെര.കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.