X

‘മോദി ഗ്യാരന്റി’, ഗുജറാത്തില്‍ ശിവജിയുടെ പേരിട്ട 42 കോടിയുടെ പാലം അപകടത്തില്‍, പൊളിക്കാന്‍ 52 കോടി രൂപ

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ കെടുകാര്യസ്ഥതയുടെ വിചിത്ര മാതൃകയായി ഛത്രപതി ശിവജിയുടെ പേരിലുള്ള ഹട്കേശ്വര്‍ പാലം. ഏഴുവര്‍ഷം മുമ്പ് കോടികള്‍ ചിലവിട്ട് നിര്‍മിച്ച പാലം പൊട്ടിപ്പൊളിഞ്ഞതോടെ, നിര്‍മിച്ചതിന് ചിലവിട്ടതിനേക്കാള്‍ കൂടുല്‍ തുക പൊളിച്ചുമാറ്റാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. 2017ല്‍ 42 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹട്കേശ്വര്‍ പാലം 52 കോടി രൂപ ചിലവിട്ടാണ് പൊളിച്ചുനീക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വിവാദമായതോടെ, പൊളിക്കാനും പുനര്‍നിര്‍മിക്കാനും കൂടിയാണ് തുക അനുവദിച്ചതെന്ന വിശദീകരണവുമായി ഗുജറാത്ത് ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ‘ഛത്രപതി ശിവജി മഹാരാജ് ഫ്‌ലൈ ഓവര്‍’ എന്ന പേരിലുള്ള പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. 563 മീറ്റര്‍ നീളമുള്ള പാലത്തിന് ഉദ്ദേശിച്ചതിന്റെ 20% ബലമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പാലത്തിന്റെ ഘടനയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതാണ് പൊളിക്കാന്‍ കാരണം. ഇത് ശ്രദ്ധയില്‍പെട്ടതോടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചാം വര്‍ഷമായ 2022-ല്‍ തന്നെ പാലത്തില്‍ ഗതാഗതം നിരോധിച്ചിരുന്നു. രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയ പാലം സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു.

100 വര്‍ഷത്തെ ആയുസ്സ് ഉണ്ടാകുമെന്നായിരുന്നു ഉദ്ഘാടനവേളയില്‍ സര്‍ക്കാര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ വിള്ളലുകളും മറ്റ് തകരാറുകളും തുടങ്ങി. തുടര്‍ന്നാണ് 2022ല്‍ അടച്ചുപൂട്ടിയത്. അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (AMC) നടത്തിയ ബലപരിശോധനയില്‍ പാലം ഉപയോഗ യോഗ്യമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

അജയ് ഇന്‍ഫ്രയാണ് പാലത്തിന്റെ നിര്‍മാതാക്കള്‍. സംഭവത്തില്‍ അജയ് എന്‍ജിനീയറിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (എഇഐപിഎല്‍) ചെയര്‍പേഴ്സണ്‍ രമേഷ് പട്ടേല്‍, മക്കളും മാനേജിംഗ് ഡയറക്ടര്‍മാരുമായ ചിരാഗ്കുമാര്‍ പട്ടേല്‍, കല്‍പേഷ്‌കുമാര്‍ പട്ടേല്‍, എം.ഡി റാഷിക് അംബലാല്‍ പട്ടേല്‍, പ്രവീണ്‍ ദേശായി, ഭൈലാല്‍ഭായ് പാണ്ഡ്യ തുടങ്ങിയവര്‍ക്കെതിരെ ഇക്കഴിഞ്ഞ ഏപ്രിലില്‍ കേസെടുത്തിരുന്നു.

webdesk13: