ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതിലൂടെയാണ് പ്രധാനമന്ത്രി ഗുര്‍മീത് വിഷയത്തില്‍ പ്രതികരിച്ചത്.
മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകാര്യതയില്ല. ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. നിയമം കയ്യിലെടുക്കുന്നത് ആരായാലും വെറുതെവിടില്ലെന്നും മോദി പറഞ്ഞു.
അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടല്‍ നടത്താത്തതിനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും കോടതി കഴിഞ്ഞ ദിവസം ഓര്‍മിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദി മൗനം വെടിഞ്ഞത്.