X
    Categories: MoreViews

ഷെഫീക്കിന്, ഡോ. എം.കെ മുനീര്‍ ഇന്നും മന്ത്രി

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ ഡോ. എം.കെ. മുനീറെത്തിയപ്പോള്‍

തൊടുപുഴ: രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിനരയായി തൊടുപുഴ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ ഡോ. എം.കെ. മുനീറെത്തിയപ്പോള്‍ ഷെഫീക്കിന് എന്തെന്നില്ലാത്ത ആഹ്ലാദം. ദുരിതത്തില്‍ കഴിഞ്ഞ ഷഫീക്കിനെ 2014ല്‍ അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ മുനീര്‍ നേരിട്ടെത്തി മെഡിക്കല്‍ കോളജ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.
അന്നുമുതല്‍ ഇന്നുവരെ ഷഫീക്കിന്റെ ഓരോ ജന്മദിനത്തിനും മുനീര്‍ കുട്ടിയെ സന്ദര്‍ശിച്ച് പുതു വസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കി വരുന്നു. ഇപ്പോള്‍ എട്ടു വയസ് പ്രായമുള്ള ഷഫീക്ക് അല്‍ അസ്ഹര്‍ പബ്ലിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ഷഫീക്കിനോടൊപ്പം പരിചരണത്തിനായി എത്തിയ വാഗമണ്‍ സ്വദേശി രാഗിണിയും മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും കുട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ വേണ്ട സഹായം നല്‍കി കഴിയുകയാണ്. ഷഫീക്കിന്റെയും രാഗിണിയുടേയും മുഴുവന്‍ ചിലവുകളും പരിചരണങ്ങളും വഹിക്കുന്നത് കോളജ് മാനേജ്‌മെന്റാണ്. യു.ഡി.എഫിന്റെ പടയൊരുക്കം ജാഥയുടെ ഉപനായകന്‍ കൂടിയായ ഡോ. എം.കെ. മുനീര്‍ ഇന്നലെ ഇടുക്കി ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലാണ് ഷഫീക്കിനെ കാണാന്‍ ഓടിയെത്തിയത്.ഡോ. മുനീറിനെ കണ്ട ഷഫീക്ക്, മന്ത്രി… മന്ത്രി എന്നു വിളിച്ച് തന്റെ ആഹ്ലാദം പങ്കിടുകയായിരുന്നു. ഡോ. എം.കെ. മുനീറിനെ അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം. മൂസ ഹാജി , എം.ഡി. അഡ്വ. കെ.എം. മിജാസ്, കോളജ് ഡയറക്ടര്‍ ഡോ. കെ.പി.ഷിയാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.മന്ത്രിയോടൊപ്പം മുസ് ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.എച്ച്. അബ്ദുല്‍ ജബ്ബാറും അല്‍ അസ്ഹറിലെത്തിയിരുന്നു.

chandrika: