*വിദ്യാഭ്യാസ മേഖലക്ക് സമഗ്ര പദ്ധതി
*സുവര്‍ണ നഗരിക്ക് ഇനി വികസനത്തിന്റെ പുതുയുഗം; ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
*ആരോഗ്യ രംഗം കൂടുതല്‍ ആരോഗ്യകരമാക്കും
*കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്തും
*ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും
*എല്ലാവര്‍ക്കും കുടിവെള്ളം
*വനിതാ ശാക്തീകരണം ഉറപ്പാക്കും; തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കും
*ഗതാഗത കുരിക്കിനും പാര്‍ക്കിങ്ങിനും പരിഹാരം
*ടൂറിസം മേഖലക്കും പദ്ധതികള്‍
*പ്രവാസികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്
*കൊടുവള്ളിക്കായി ഐ.ടി മിഷന്‍
*കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റും ഷോപ്പിങ് കോംപ്ലക്‌സും
*ചെറുപട്ടണങ്ങളില്‍ സന്ദര്യവത്കരണം
*കലാ-കായിക-സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കും
*മാലിന്യ സംസ്‌കരണത്തിനായി മാസ്റ്റര്‍ പ്ലാന്‍
*ഡ്രൈവേഴ്‌സിന് ഇന്‍ഷൂറന്‍സ്
*സാങ്കേതിക അറിവിലൂടെ വാണിജ്യ വികസനം
*ലോറി ഓണേഴ്‌സിനും ഡ്രൈവേഴ്‌സിനും വിശ്രമ കേന്ദ്രങ്ങള്‍
*വ്യവസായ പാര്‍ക്കിലൂടെ നാടിന്റെ വികസനം
*അംഗന്‍വാടികള്‍ സ്മാര്‍ട്ടാവും
*കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും കരുതല്‍
*ഭിന്നശേഷിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം
കൊടുവള്ളി: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് യു.ഡി.എഫിന്റെ പ്രകടന പത്രിക. സമഗ്രവും സുസ്ഥിരവുമായ വികസനവും കരുതലും ഉറപ്പ് നല്‍കുന്ന പ്രകടന പത്രിക ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് നേതാക്കള്‍ പുറത്തിറക്കി. സുവര്‍ണ നഗരിയെയും സമീപ പഞ്ചായത്തുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ വികസന പാതയിലേക്ക് നയിക്കുന്നതാണ് പ്രകടന പത്രിക.
വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിനും കരിയര്‍ മികവിനുമായി സമഗ്ര പദ്ധതിയാണ് പ്രകടന പത്രികയെ ഏറെ ആകര്‍ഷകമാക്കുന്നത്. പദ്ധതിയുടെ പ്രാഥമിക രൂപം ഇതിനോടകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞതാണ്. കൊടുവള്ളി കേന്ദ്രമായി ആരംഭിച്ച വിദ്യാഭ്യാസ പാക്കേജായ ‘എക്‌സ് ജെന്‍ ഫോര്‍ നെക്‌സ് ജെന്‍’ ആണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഡോ. ശശി തരൂരിനെപോലെയുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായവരുടെ മേല്‍നോട്ടത്തില്‍ ഡോ. മുനീര്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. ഹയര്‍ സെക്കണ്ടറി തലം മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ആന്റ് റിസര്‍ച്ച് തലം വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഭിന്നശേഷി, മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട, പിന്നോക്ക ദളിത് വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവും കലാ-കായിക-സാംസ്‌കാരിക രംഗത്തേക്കും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സുവര്‍ണ നഗരിയുടെ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി സ്വര്‍ണ വ്യാപാര മേഖലയെ കൂടുതല്‍ തിളക്കത്തോടെ ചേര്‍ത്തു നില്‍ത്താനുള്ള വിവിധ പദ്ധതികളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ആഭരണ നിര്‍മ്മാണ രംഗത്ത് പണ്ട് മുതല്‍ക്കേ പേരുകേട്ട നാടിന്റെ പാരമ്പര്യത്തനിമ ചോരാതെ കാത്തു സൂക്ഷിക്കാന്‍ കൊടുവള്ളി കേന്ദ്രമായി ലോകോത്തര നിലവാരത്തിലുള്ള ഒരു ഫാഷന്‍ ജ്വല്ലറി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പദ്ധതിയും ആവിശ്കരിച്ച് നടപ്പിലാക്കും. ജ്വല്ലറികളുടെ കൂട്ടായ്മയില്‍ ഗോള്‍ഡ് സൂഖും പ്രാവര്‍ത്തികമാക്കും.
ആരോഗ്യ രംഗത്തെ പിന്നോക്കവാസ്ഥ പരിഹരിക്കുന്നതിന് മുഖ്യ പരിഗണന വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയില്‍ പുതിയ ആരോഗ്യ സംസ്‌കാരത്തിന് തന്നെയായിരുക്കും തുടക്കം കുറിക്കുക. വൈദ്യശാസ്ത്ര മേഖലകളെ കോര്‍ത്തിണക്കി നടപ്പാക്കുന്ന പദ്ധതിയില്‍ ആരോഗ്യത്തെയും ആരോഗ്യപ്രവര്‍ത്തകരെയും ബഹുമാനിക്കുന്ന ആരോഗ്യ സംസ്‌കാരത്തിനാണ് ഡോ. എം.കെ മുനീര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസകരമാകുന്ന തരത്തില്‍ ബില്‍ രഹിത ആശുപത്രി സ്ഥാപിക്കും. താലൂക്ക് ആശുപത്രിയിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും കൂടുതല്‍ സൗകര്യമൊരുക്കി മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കും.
പശ്ചാത്തല വികസന കാര്യത്തിലും വ്യക്തമായ വികസനം രൂപപ്പെടുത്തിയാണ് യു.ഡി.എഫ് മുന്നോട്ട് പോവുക. അതാതു പ്രദേശത്തെ വിഷയങ്ങള്‍ നിവേദനങ്ങളായും മറ്റും ശേഖരിച്ച് ആവശ്യമായ ഇടങ്ങളിലെല്ലാം റോഡ്, പാലം, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നടപ്പിലാക്കും.
കൃഷിയെ ജീവിത സംസ്‌കാരമാക്കി മാറ്റി കൃഷിയെയും കര്‍ഷകനെയും ബഹുമാനിക്കുന്ന ഒരു പുതിയ കാര്‍ഷിക സംസ്‌കാരവും ഡോ. എം.കെ മുനീര്‍ ലക്ഷ്യമിടുന്നു. മലയോര മേഖലയിലെ വന്യമൃഗശല്യം, പട്ടയപ്രശ്‌നങ്ങള്‍, കൃഷി ഓഫീസുകളുടെ ആധുനിക വത്കരണം, ബഫര്‍സോണ്‍ വിഷയം തുടങ്ങിയ എല്ലാപ്രശ്‌നങ്ങളെയും പരിഗണിച്ച് പരിഹാരം കാണുന്ന സമഗ്രപാക്കേജാണ് കാര്‍ഷിക മേഖലക്കായി ഉറപ്പ് നല്‍കുന്നത്. ജലസ്രോതസുകളുടെ സംരക്ഷണവും പുഴ സംരക്ഷണവും പ്രധാന വിഷയമായി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യും.
മണ്ഡലത്തിലെ എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പു വരുത്തി അവരുടെ അവകാശം സാധ്യമക്കുക എന്നതും പ്രകടന പത്രികയിലെ പ്രധാനപ്പെട്ട ഒന്നാണ്. വനിതാ ശാക്തീകരണ പദ്ധതികള്‍ വഴി സാമൂഹിക പുരോഗതിയിലേക്ക് നയിക്കാനായി വിവിധ പദ്ധതികളാണ് ഡോ. എം.കെ മുനീര്‍ ആസുത്രണം ചെയ്തിരിക്കുന്നത്. സ്വയം തൊഴില്‍ സംരംഭങ്ങള്‍, വനിതാ പരിശീലന കേന്ദ്രങ്ങള്‍, കുടുംബശ്രീ പൊലുള്ള സ്ത്രീ കൂട്ടായമകളുടെ പ്രോത്സാഹനം, സ്ത്രീ സൗഹൃദ ആശുപത്രികള്‍, സ്ത്രീകള്‍ക്ക് മാത്രമായുള്ള കൗണ്‍സിലിംങ് സെന്ററുകള്‍, വയോജന പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കും പ്രകടന പത്രികയില്‍ വലിയ പ്രധാന്യം നല്‍കിയിട്ടുണ്ട്.
മണ്ഡലത്തിലെ പ്രധാന ടൗണുകളിലെ ഗതാഗത കരുക്കിനും വാഹന പാര്‍ക്കിങ്ങിനും പരിഹാരം ഉറപ്പ് നല്‍കുന്ന പത്രികയില്‍, ദേശീയപാത കടന്നുപോകുന്ന കൊടുവള്ളി-താമരശ്ശേരി മേഖലയെ ബന്ധിപ്പിച്ച് മികച്ച ബൈപ്പാസ് അനുയോഗ്യമായ രീതിയില്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്. കൊടുവള്ളിയിലെ സിറാജ് ഫ്‌ളൈ ഓവര്‍ തുരങ്കപാത പദ്ധതി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ആശങ്കകള്‍ പരിഗണിച്ച് പുതിയ രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. കൊടുവള്ളിക്ക് അനുയോജ്യമായ രീതിയില്‍ വ്യാപാരി സമൂഹത്തിന് ദോഷകരമല്ലാത്ത വിധത്തിലായിരിക്കും ഈ പദ്ധതിയെ സമീപിക്കുക. ഇതിനായി വിദഗ്ധ കമ്മിറ്റികളെ ചുമതലപ്പെടുത്തി വിശദമായ പഠനം നടത്തുകയും ചെയ്യും.
മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളും നടപ്പിലാക്കും. നാടിന്റെ വളര്‍ച്ചക്കൊപ്പം ടൂറിസം രംഗത്തും വലിയ മാറ്റങ്ങളാണ് ഡോ. എം.കെ മുനീര്‍ ഉറപ്പ് നല്‍കുന്നത്. പ്രവാസികള്‍ നിരവധിയുള്ള മണ്ഡലമായ കൊടുവള്ളിയില്‍ അവര്‍ക്കായി പ്രത്യേക പദ്ധതികളും പ്രകടന പത്രികയില്‍ ഉണ്ട്. നാടിന്റെ നെടുംതൂണായ പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേകം ഹെല്‍പ്‌ഡെസ്‌ക്ക് തന്നെ സ്ഥാപിക്കും. കൊടുവള്ളിയെ ഐ.ടി രംഗത്ത് മുന്നോട്ട് നയിക്കുന്ന പ്രത്യേക ഐ.ടി മിഷനും പത്രിക ഉറപ്പ് നല്‍കുന്നു. മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയായ താമരശ്ശേരിയില്‍ ഡിപ്പോയും ഷോപ്പിംങ് കോംപ്ലക്‌സും സ്ഥാപിക്കാനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. ചെറുപട്ടണങ്ങളുടെ നവീകരണവും സൗന്ദര്യവത്കരണവും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന നടപടികളും ഉണ്ടാകും. കലാകായിക രംഗവും സാംസ്‌കാരിക രംഗത്തെയും കൂടുതല്‍ ഉത്തേജിപ്പിക്കാനുള്ള പാക്കേജുകളും ആരംഭിക്കും. മാലിന്യസംസ്‌കരണത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് വിഭാവനം ചെയ്യുക. വിശദമായ പഠനത്തോടെ ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.