Connect with us

kerala

പഠിക്കാനും തൊഴിലിനും ഇനിയും പോകും- article

മാനവസംസ്‌കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.

Published

on

കാലം,കാലികം-

\കെ.എന്‍.എ ഖാദര്‍

 

വിദ്യാര്‍ത്ഥികള്‍ പഠിക്കാനും യുവതീ യുവാക്കള്‍ തൊഴിലിനു വേണ്ടിയും ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. അതില്‍ ഒരു ഭാഗം തിരിച്ചു നാട്ടില്‍ വന്നു താമസിച്ചേക്കാം. മറ്റു ചിലര്‍ അവിടങ്ങളില്‍തന്നെ ജീവിക്കും. വേറെ ചിലര്‍ നാട്ടില്‍ ബാക്കിയുള്ള ഉറ്റ ബന്ധുക്കളെയും പിന്നീട് അവിടങ്ങളിലേക്ക് കൊണ്ടുപോവും. ഇക്കൂട്ടത്തില്‍ ചിലര്‍ പൗരത്വം ഉപേക്ഷിച്ച് അന്യനാടുകളിലെ പൗരത്വവും സ്വീകരിക്കാറുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങിനെ വിദേശത്തു പോകുന്നവര്‍ ധാരാളമുണ്ട്. കേരളത്തില്‍നിന്ന് പോവുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. ഇതിനെ തടയാമെന്ന് കേരള സര്‍ക്കാര്‍ വ്യാമോഹിക്കുന്നു. എന്തുകൊണ്ട് ഈ പ്രവാസമെന്ന് അറിയാവുന്ന ആരും നമ്മുടെ മന്ത്രിസഭയില്‍ ഇല്ലെ? ഈ പ്രശ്‌നം മറ്റു രാജ്യങ്ങളിലും ഏറെക്കുറെ കാണപ്പെടുന്നു. എല്ലാ രാജ്യക്കാരും എന്നും അവര്‍ ജനിച്ചിടത്തുതന്നെ താമസിച്ചതായി മനുഷ്യചരിത്രത്തില്‍ കാണുകയില്ല. ഇതുതടയാനും സാധ്യമല്ല. പോകുന്നതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്. പോവേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതും യുക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. മനുഷ്യ വംശം തന്നെ ഇപ്രകാരം ലോകത്ത് പരന്നത് ഈ ജീവിതയാത്രയിലൂടെയാണ്. അറിയപ്പെടുന്ന പലരും ജനിച്ചനാട്ടിലല്ല ജീവിച്ചതും മരിച്ചതും.
ഇന്ത്യയില്‍നിന്ന് പഠിക്കാന്‍ ഗാന്ധിജി പോയി. മാര്‍ക്‌സും ലെനിനും അനവധി കമ്യൂണിസ്റ്റ് നേതാക്കളും പ്രവാസികളായിരുന്നു. വിദേശത്തു പഠിച്ചവര്‍ പലരും രാഷ്ട്രീയത്തിലും ഭരണത്തിലും ഉന്നതപദവികളില്‍ ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഋഷി സുനകിനു ഒരു ചെറിയ ഇന്ത്യന്‍ ബന്ധം ഉണ്ടെന്നറിഞ്ഞ് ഇവിടെ ആരെല്ലാം തുള്ളിച്ചാടിയിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സാഹിത്യ സംസ്‌കാരിക നായകന്മാരും ശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും അടിമകളും തൊഴിലാളികളും എന്നു വേണ്ട മനുഷ്യ വംശത്തിലും ജീവിവംശത്തിലും വൃക്ഷലതാദികളിലുംപെട്ട സകല ഇനങ്ങളും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്നുണ്ട്. ഇനിയും സഞ്ചരിക്കുകയും ചെയ്യും. ആ യാത്രകളാണ് ശരിയായ വിദ്യാഭ്യാസം, അത് പുസ്തക താളുകള്‍ക്കകത്തല്ല പുറത്താണ്. മാനവസംസ്‌കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.
കേരളത്തില്‍നിന്നും ഇനിയും മലയാളികള്‍ പഠനത്തിനും തൊഴിലിനും ബിസ്സിനസ്സു നടത്താനും കച്ചവടത്തിനുമായി കേരളം വിടാന്‍ കാത്തുനില്‍ക്കുകയാണ്. സാധ്യമായ എല്ലാ രാഷ്ട്രങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പൊയ്‌കൊണ്ടിരിക്കും. ഈ നാട് എല്ലാ അര്‍ത്ഥത്തിലും പഠിക്കാനും കച്ചവടം ചെയ്യാനും വ്യവസായത്തിനും ജോലിക്കും ഒക്കെ അത്ര അനുയോജ്യമല്ലെന്ന് വിവരമുള്ള കേരളീയര്‍ മനസ്സിലാക്കികഴിഞ്ഞു. ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്‍ അവരുടെ കവാടങ്ങള്‍ പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും. അതുതടയാന്‍ ശിവന്‍കുട്ടിക്കും ബിന്ദുവിനും മന്ത്രിമാര്‍ക്കും കഴിയില്ല. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ തഞ്ചംകിട്ടിയാല്‍ കേരളം വിടാന്‍ കാത്തുനില്‍ക്കുന്നവരാണ്. ചികിത്സക്കും പഠിക്കാനുമൊക്കെ അവര്‍ പോകാറുണ്ട്. ശിവന്‍കുട്ടിയെ ആദ്യം ഫിന്‍ലാന്‍ഡിലയച്ച് അദ്ദേഹം തിരിച്ചു വന്നശേഷം അതില്‍നിന്നു പഠിക്കാന്‍ മിടുക്കുള്ളവരും മിടുക്കികളുമായ കേരളത്തിലെ കുട്ടികള്‍ക്കു മനസ്സില്ല എന്നറിഞ്ഞാല്‍ മതി. കാത്തിരിക്കാന്‍ സമയവും ഇല്ല. ഇത്രയേറെ അഴിമതിയും മെല്ലെപ്പോക്കും ഉത്തരവാദിത്തരാഹിത്വവും കാണപ്പെടുന്ന ഒരു സംസ്ഥാനത്ത്‌നിന്ന് ആളുകള്‍ പോകാന്‍ വൈകുന്നതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അനാവശ്യ സമരങ്ങളും പഠനവും ഗവേഷണവുമല്ലാത്ത സകലതും കാട്ടികൂട്ടുന്ന സര്‍വകലാശാലകളും നാട്ടുകാര്‍ക്കു മടുത്തു കാണണം.

ഇവിടെ നിഷേധത്തിന്റെ നാടാണ്. മര്യാദക്കൊരു കച്ചവടമോ വ്യവസായമോ തൊഴിലോ പഠനമോ സാധ്യമല്ല. വാചകമടികളും അധരസേവയും കൊണ്ട് കാര്യമില്ല. സത്യം എല്ലാവര്‍ക്കും അറിയാം. തമ്മില്‍ തമ്മില്‍ പറഞ്ഞു തലകുലുക്കാറുണ്ട്. പിന്നെ കൊടിയും പാര്‍ട്ടിയും തലയില്‍ കേറിയ സാധുക്കള്‍ ഇവിടെ നിന്നു പിഴക്കുകയാണ്. അവരവരുടെ മക്കളാരും കേരളത്തില്‍ പഠിക്കരുതെന്നും ജോലിയെടുക്കരുതെന്നും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും കൊതിയാണ്. അതാണിവടെ നടന്നുവരുന്നത്. അതു നിര്‍ത്താന്‍ മെനക്കെട്ട് ഇളിഭ്യരാവരുത്. ഇന്ന് മനുഷ്യര്‍ക്കു വിവരമുണ്ട്. മലയാളികള്‍ നിസ്സാരകാരല്ല. സ്വന്തം വഴിതേടാന്‍ അവര്‍ക്കറിയാം. സര്‍ക്കാര്‍ വഴിമുടക്കരുത് എന്നവര്‍ കരുതുന്നു. പഠനത്തിനും ജോലിക്കും ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് മുഴുവന്‍ കേരളീയ കുടുംബങ്ങളെയും ഈ സര്‍ക്കാര്‍ അറിയിക്കണം. താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ വേണ്ട പിന്തുണയും സഹായവും തക്കസമയത്ത് നല്‍കണം. കേരളക്കാര്‍ ലോകത്താകെ പറന്നു പഠിക്കട്ടെ. തൊഴില്‍ ചെയ്തു വളരട്ടെ. കൂടുതല്‍ സംസ്‌കാര സമ്പന്നരാവട്ടെ നമ്മുടെ കുട്ടികളെല്ലാം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കാണട്ടെ. അങ്ങിനെ അവരില്‍നിന്ന് ഒരു പുതിയ ജനത ഉയര്‍ന്നു വരട്ടെ. ഈ സര്‍ക്കാരും മന്ത്രിമാരുമൊക്കെ ഒന്നു മിണ്ടാതിരുന്നാല്‍ മതി. നിങ്ങളുടെ യാതൊരു വിധ സുഖസൗകര്യങ്ങള്‍ക്കും നേര്‍വഴിക്ക് ചിന്തിക്കുന്ന ഒരു മലയാളിയും എതിരല്ലല്ലോ. അവര്‍ക്കു നിങ്ങളെ എതിര്‍ക്കാന്‍ സമയമില്ല. അവര്‍ക്കവരുടെ ജീവിതം അതിനേക്കാള്‍ പ്രാധാനമാണല്ലോ. നിങ്ങളാരും നിലപാടുകളില്‍നിന്ന് മാറില്ലായെന്നും പഠിച്ചതൊന്നും മറക്കില്ലായെന്നും പുതുതായൊന്നും പഠിക്കില്ലാ എന്നും പൊതുജനം മനസ്സിലാക്കികഴിഞ്ഞു. പ്ലീസ് ദയവായി ബുദ്ധിമുട്ടിക്കരുത്.

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending