ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
‘നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‌ലിംകളെ പരാമര്‍ശിച്ച്) കത്തിക്കാം,’ ‘ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പരസ്യങ്ങള്‍. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രത്തിനൊപ്പം ‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാന്‍’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നല്‍കുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നല്‍കി.
ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയു?ടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്‌ലിംകളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.