X

അനുദിനം ആവശ്യക്കാരേറുന്ന മെസ്സി ബിഷ്ത് വില്‍പ്പന ഓണ്‍ലൈനിലേക്ക്

അശ്‌റഫ് തൂണേരി

ദോഹ: ഖത്തര്‍ ലോകകപ്പ് വിജയകരീടമണിഞ്ഞ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ട്രോഫി കൈമാറ്റച്ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ധരിപ്പിച്ച അറബ് മേല്‍ക്കുപ്പായത്തിന് അനുദിനം ആവശ്യക്കാരേറുന്നു. ഖത്തറിലെ പരമ്പരാഗത അങ്ങാടിയായ സൂഖ് വാഖിഫിലാണ് അര്‍ജന്റീനന്‍ ആരാധകര്‍ ബിഷ്ത് അന്വേഷിച്ചെത്തുന്നത്. തിങ്കളാഴ്ച കാലത്തുമുതല്‍ ബിഷ്ത് അന്വേഷിച്ച് ആളുകളെത്തിത്തുടങ്ങിയിരുന്നു. ഇന്നലേയും അര്‍ജന്റീനന്‍ ആരാധകരെത്തിയെന്ന് സൂഖിലെ ബിഷ്ത് കച്ചവടക്കാര്‍ പറഞ്ഞു. അര്‍ജന്റീനക്കാരായവരും അര്‍ജന്റീനന്‍ ആരാധകരും ആവശ്യക്കാരിലുണ്ട്. അതിനിടെ എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി ഒമാനിലെ പ്രമുഖന്‍ രംഗത്തെത്തി.

ഒമാനി ഷൂറ കൗണ്‍സില്‍ അംഗവും ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റുമായ അഹമ്മദ് അല്‍ ബര്‍വാനിയാണ് മെസിയുടെ ബിഷ്ത് സ്വന്തമാക്കാന്‍ പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 8,28,42,600 ഇന്ത്യന്‍ രൂപ) ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തത്. മെസ്സിക്ക് ബിഷ്ത് ലഭിച്ചതിലൂടെ വിദേശികളായ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഇതിന് ആവശ്യക്കാര്‍ ഏറിയെന്നും ഖത്തറിലേയും സഊദിഅറേബ്യയിലേയും ബിഷ്ത് വിപണിയിലെ പ്രമുഖര്‍ വ്യക്തമാക്കി. ബിഷ്ത് വാങ്ങാനെത്തുന്നവരും ധരിച്ചവരും സാമൂഹിക മാധ്യമങ്ങളിലൂടേയും മാധ്യമങ്ങളിലൂടേയും വൈറലായതോടെ അനുദിനം ആവശ്യക്കാരും വര്‍ധിക്കുകയാണ്.

പലരും ഗൂഗിളില്‍ പരതി ഓണ്‍ലൈനില്‍ കിട്ടുമോ എന്ന അന്വേഷണം ആരംഭിച്ചു. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ വിപണനം ചെയ്യാന്‍ പദ്ധതിയുള്ളതായി സഊദി അറേബ്യയിലെ അല്‍ഹസയിലെ ബിഷ്ത് വ്യാപാരി അലി മുഹമ്മദ് അല്‍ഖത്താന്‍ വെളിപ്പെടുത്തി. ഖത്തറില്‍ മാത്രമല്ല മറ്റ് അറബ് രാജ്യങ്ങളിലെത്തുന്ന വിദേശികളും ബിഷ്ത് വാങ്ങാനാഗ്രഹിക്കുകയാണ്. വൈകാതെ ആവശ്യം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബിഷ്തിന്റെ മോഡലുകളില്‍ ഒന്നിന് മെസ്സി ബിഷ്ത് എന്ന് പേരിട്ടുവെന്നും അല്‍ഖത്താന്‍ പറയുന്നു. സഊദി അല്‍ഹസയിലെ ചില ബിഷ്ത് നിര്‍മാണ കേന്ദ്രങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും വില്‍പ്പന നടത്താന്‍ ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളും പ്രയോജനപ്പെടുത്തും.

വ്യത്യസ്ത രാജ്യങ്ങളില്‍നിന്നും ബിശ്തിനുള്ള ഡിമാന്റും ഉപയോക്താക്കളുടെ ആഗ്രഹങ്ങളും നിര്‍ണയിക്കാനും ഓരോ രാജ്യത്തെയും സ്ത്രീപുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രായവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രത്യേക രൂപകല്‍പനകളിലുള്ള കൂടുതല്‍ ബിഷ്തുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മാണ, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളുമായി ചേര്‍ന്ന് വരും ദിവസങ്ങളില്‍ സമഗ്ര പഠനം നടത്താനും ആലോചനയുണ്ട്. ഓരോ രാജ്യങ്ങളുടെയും എംബ്ലങ്ങളും നിറങ്ങളും ഉപയോഗിച്ച് പ്രത്യേക ബിഷ്തുകളും ഉടന്‍ വരും. മെസ്സിയുടെ ബിഷ്ത് ധാരണം ലോക വിപണികളിലേക്കുള്ള ബിഷ്ത് പ്രവേശനം എളുപ്പമാക്കുകയും ഒരു അന്താരാഷ്ട്ര ട്രേഡ്മാര്‍ക്ക് ആക്കി മാറ്റുകയും ചെയ്തുവെന്നും വിപണിയിലുള്ളവര്‍ വിശദീകരിക്കുന്നു.

പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര വിപണികളില്‍ എത്താനും വില്‍പന വര്‍ധിപ്പിക്കാനും ഉല്‍പാദന യൂനിറ്റുകളുടെ ശേഷി വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും മറ്റും ബിഷ്ത് കയറ്റുമതി സഹായിക്കുമെന്നും അലി മുഹമ്മദ് അല്‍ഖത്താന്‍ എടുത്തുപറഞ്ഞു. അല്‍ഹസയിലെ ബിഷ്ത് വിവിധ രാജ്യങ്ങളില്‍ വിപണനം ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാര്‍ഥികളുടെ സേവനവും പ്രയോജനപ്പെടുത്താനും സഊദി ബിസിനസ്സ് രംഗത്തുള്ളവര്‍ ആലോചിക്കുന്നു. രാജകീയതയുടെയും അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ഉയര്‍ന്ന പദവിയുടെയും പ്രതീകമായ ബിഷ്ത് ഔദ്യോഗിക ചടങ്ങുകള്‍ക്കും മറ്റും ധരിക്കുന്ന അറബ് പരമ്പരാഗത മേല്‍ വസ്ത്രമാണ് ബിഷ്ത്.

വിശേഷ സന്ദര്‍ഭങ്ങളില്‍ രാജാക്കന്‍മാര്‍, മുതിര്‍ന്ന മത വ്യക്തികള്‍, രാഷ്ട്രീയ പദവിയിലുള്ളവര്‍, ഗോത്ര നേതാക്കള്‍, മതപണ്ഡിതന്മാര്‍ എന്നിവര്‍ ധരിച്ചുവരുന്നു. ഏറ്റവും കുറഞ്ഞ ബിഷ്തിന് ഇരുന്നൂറ് ഖത്തര്‍ റിയാല്‍ വിലവരും. കൂടിയതിന് പതിനായിരം ഖത്തര്‍ റിയാല്‍ വരെ വില ഉയരും. സൂഖിലെ ബിഷ്ത് അല്‍സാലെം വര്‍ക്ക് ഷോപ്പിലാണ് മെസ്സിക്ക് ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് തയ്യാറാക്കിയത്. 2,200 ഡോളറാണ് മെസ്സി ബിഷ്തിന്റെ വില. രണ്ട് ബിഷ്തായിരുന്നു ഇവിടെ നിന്നും ഖത്തര്‍ ഫിഫ ലോകകപ്പ് സംഘാടകര്‍ വാങ്ങിയത്. ഏറ്റവും ഭാരം കുറഞ്ഞതും സുതാര്യവുമായ തുണികൊണ്ടുള്ള ബിഷ്ത് നിര്‍മ്മിച്ചു തരണമെന്നായിരുന്നു ആവശ്യം. ആര്‍ക്കു വേണ്ടിയാണ് എന്ന് വ്യക്തമാക്കിയുമില്ല. ജര്‍മനിയില്‍ നിന്നുള്ള സ്വര്‍ണ നൂലിലും ജപ്പാനില്‍ നിന്നുള്ള നജാഫി കോട്ടര്‍ തുണിയും ചേര്‍ത്ത് കൈകൊണ്ട് തുന്നിയതാണ് മെസ്സി ബിഷ്ത്. സാധാരണ ഓരോ ബിഷ്തും തയ്യാറാക്കാന്‍ ഒരാഴ്ചയാണ് വേണ്ടത്‌

webdesk13: