ബാര്‍സിലോണ: ബാര്‍സിലോണയില്‍ തുടരാനുള്ള തീരുമാനമെടുത്തതിനു ശേഷം ആദ്യ ട്രെയിനിങ് സെഷനെത്തിയ ലയണല്‍ മെസി, പരിശീലകന്‍ റൊണാള്‍ഡ് കൂമാനുമായി ചര്‍ച്ചകള്‍ നടത്തി. ബാഴ്‌സലോണയില്‍ പൂര്‍ണ ആത്മാര്‍ത്ഥതയോടെ കളിക്കുമെന്നും ടീം വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ സ്വാധീനിക്കുന്നില്ലെന്നും മെസി ഡച്ച് പരിശീലകനെ അറിയിച്ചുവെന്നാണ് സ്പാനിഷ് മാധ്യമം കുവാട്രോ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേ സമയം മെസി ബാഴ്‌സലോണ നായകസ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ കൂമാനാണ് ഇനി തീരുമാനമെടുക്കേണ്ടത്.
കൂമാനെ സംബന്ധിച്ച് എടുക്കാവുന്ന ഒരു തീരുമാനം കഴിഞ്ഞ സീസണിലേതു പോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ്. മെസി, ജെറാര്‍ഡ് പിക്വ, ബുസ്‌ക്വറ്റ്‌സ്, സെര്‍ജി റോബര്‍ട്ടോ എന്നിങ്ങനെ നാല് നായകന്മാരാണ് ക്ലബിലുണ്ടായിരുന്നത്. ഈ നാലു പേരും ഇപ്പോഴും ടീമിലുണ്ടെന്നതു കൊണ്ട് ഇവരെത്തന്നെ നേതൃസ്ഥാനത്ത് നിലനിര്‍ത്താവുന്നതാണ്. എന്നാല്‍ നായകനെ കൂമാന്‍ സ്വയം തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ബാഴ്‌സയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി തെളിച്ചേക്കും.
മറ്റൊരു വഴി നായകനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഡ്രസിങ് റൂമിനു വിട്ടുകയെന്നതാണ്. ഓരോ താരങ്ങള്‍ക്കും തങ്ങള്‍ക്ക് നായകനായി വേണ്ടയാളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാല്‍ ടീം വിടാനുള്ള പദ്ധതികള്‍ മൂലം മെസിക്ക് സഹതാരങ്ങള്‍ക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ കഴിയും.
കര്‍ക്കശസ്വഭാവമുള്ള പരിശീലകനാണ് കൂമാനെന്നതു കൊണ്ട് ഇതില്‍ ഏതു തീരുമാനമാണ് അദ്ദേഹം കൈക്കൊള്ളുകയെന്നത് വ്യക്തമല്ല. താരങ്ങളെ കുറച്ചെങ്കിലും ഒരുമിച്ചു നിര്‍ത്തണമെങ്കില്‍ മെസിയെത്തന്നെ വീണ്ടും നായകനാക്കുകയാണ് ഉചിതമായ കാര്യം. എന്നാല്‍ അതില്‍ നിന്നും എന്തെങ്കിലും മാറ്റം വരുത്താനുള്ള ധൈര്യം കൂമാന്‍ കാണിക്കുകയാണെങ്കില്‍ അത് ബാഴ്‌സലോണയില്‍ മെസിക്കുള്ള പ്രത്യേക അധികാരങ്ങള്‍ അവസാനിച്ചുവെന്നതിന്റെ തെളിവ് തന്നെയായിരിക്കും.