ലയണല്‍ മെസ്സി ഒരു ഇതിഹാസം തന്നെയാണ് . എതിര്‍ക്കുന്നവര്‍ പോലും മൈതാനത്ത് അദ്ദേഹം ഇടം കാലില്‍ വിസ്മയം തീര്‍ക്കാന്‍ കാത്തിരിക്കുന്നു എന്നത് പരസ്യമായ രഹസ്യം.
കോപ്പയില്‍ അര്‍ജന്റീന പുറത്തായിരിക്കുന്നു. ഇനിയും രാജ്യത്തിന് വേണ്ടി ഒരു കിരീടം എന്ന മെസ്സിയുടെ സ്വപ്‌നം വെറും സ്വപ്‌ന മാത്രമായി അവശേഷിക്കുന്നു. നിലവില്‍ ഫുട്‌ബോളില്‍ രണ്ട് ഇതിഹാസങ്ങളെയാണ് താരതമ്യം ചെയ്യാറുള്ളത്. പോര്‍ച്ചുഗല്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും.
കളിപ്പാടവത്തില്‍ ആര് കേമന്‍ എന്ന് പറയുന്നത് സാധ്യമല്ല. എന്നാല്‍ മൈതാനത്തെ ആത്മവിശ്വാസത്തില്‍ ക്രിസ്റ്റ്യാനോ ബഹുദൂരം മുന്നിലാണ്.
തന്റെ ടീമിനെതിരെ എതിരാളി ഗോള്‍ നേടിയാല്‍ മൈതാനത്ത് ക്രിസ്റ്റിയാനോ തലകുനിക്കാറില്ല. എന്നാല്‍ മെസ്സി മറിച്ചാണ്. റഷ്യയില്‍ നടന്ന ലോകകപ്പില്‍ മെസ്സിക്കെതിരെ വന്ന വിമര്‍ശനവും ഇതു തന്നെയായിരുന്നു. ഫുട്‌ബോളില്‍ ഒരു രാജ്യത്തിന്റെ ഭാരം ചുമക്കുന്ന താരങ്ങള്‍ തന്നെയാണ് മെസ്സിയും ക്രിസ്റ്റിയാനോയും, എന്നാല്‍ അത് സമ്മര്‍ദ്ദത്തിലേക്ക് വഴിവെക്കുന്നതാണ് മെസ്സിയുടെ പരാജയവും. നിലവിലെ യൂറോപ്പിന്റെ ചാമ്പ്യന്‍മാര്‍ പോര്‍ച്ചുഗലാണ്.
എടുത്ത് പറയാന്‍ മികച്ച താരങ്ങളുടെ പട്ടികയൊന്നും അവര്‍ക്കില്ലെങ്കിലും ടീമിന്റെ പതര്‍ച്ചയിലും ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന ‘സി ആര്‍ 7’ അവരോടൊപ്പമുണ്ട്. മെസ്സി തലകുനിക്കുന്നത് കാണാന്‍ ഫുട്‌ബോള്‍ ലോകം കൊതിക്കില്ല. താലോലിച്ച് വളര്‍ത്തിയ മോഹങ്ങള്‍ നേടാന്‍ കഴിയാതെ വരുമ്പോള്‍ ഒറ്റക്കാവുന്നത് നിങ്ങളല്ല മിശിഹ മറിച്ച് ഫുട്‌ബോള്‍ പ്രേമിയാണ്. ഫുട്‌ബോള്‍ ലോകം കാത്തിരിക്കും പുല്‍മൈതാനത്ത് ഇടം കാല്‍ കൊണ്ടുള്ള താങ്കളുടെ ഇന്ദ്രജാലം തീരും വരെ.