പാരീസ്: ലിയോ മെസി കഴിഞ്ഞാല്‍ പിന്നെയാര്…? ചോദ്യത്തിന് മറുപടി നല്‍കുന്നു കിലിയന്‍ എംബാപ്പേ.. 2018 റഷ്യന്‍ ലോകകപ്പില്‍ മികച്ച യുവതാരമായി മാറിയ എംബാപ്പേ ഖത്തര്‍ ലോകകപ്പില്‍ ടോപ് സ്‌ക്കോററായി മാറിയതിന് പിറകെ ഇന്നലെ പി.എസ്.ജിയുടെ ചരിത്രത്തിലെ ടോപ് സ്‌ക്കോററായി.
ഡിസംബറില്‍ 24 വയസ് പൂര്‍ത്തിയാക്കിയ താരത്തിന് മുന്നില്‍ ഇനിയും എത്രയോ സീസണ്‍ ബാക്കി നില്‍ക്കെ ഫുട്‌ബോളിലെ മിക്ക ഗോള്‍ റെക്കോര്‍ഡുകളും സ്വന്തമാക്കാനുള്ള കുതിപ്പിപ്പിലാണ് ഈ അള്‍ജീരിയന്‍ വംശജന്‍. ഇന്നലെ ഫ്രഞ്ച് ലീഗില്‍ നാന്റസിനെ നേടിയ ഗോള്‍ വഴി പി.എസ്.ജിയില്‍ അദ്ദേഹം ഒന്നാമനായി. യുറഗ്വായ് താരം എഡില്‍സണ്‍ കവാനിയുടെ നാമധേയത്തിലുള്ള റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത.് 200 ഗോളുകളായിരുന്നു കവാനി പി.എസ്.ജി ജഴ്‌സിയില്‍ നേടിയത്. 2017 ല്‍ മോണോക്കോയില്‍ നിന്നും ലോണില്‍ പി.എസ്.ജിയിലെത്തിയ താരം പിന്നീട് തന്റെ കരാര്‍ സര്‍വകാല റെക്കോര്‍ഡാക്കി മാറ്റിയിരുന്നു. ചരിത്രം രചിക്കാന്‍ തന്നെയാണ് എന്റെ വരവ്-ഇന്നലെ സ്വന്തമാക്കിയ പുതിയ നേട്ടത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, ഫ്രാന്‍സില്‍ ചരിത്രം രചിക്കുകയാണ് എന്റെ ലക്ഷ്യം. ഫ്രാന്‍സ് എന്റെ രാജ്യമാണ്. പാരീസ് എന്റെ ആസ്ഥാനമാണ്. അവിടെ കളിക്കുമ്പോള്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കണം. പാരീസില്‍ കളിക്കുമ്പോള്‍ ഞാന്‍ എന്റെ നാട്ടുകാര്‍ക്ക് നടുവിലാണ്. നായകന്റെ ആം ബാന്‍ഡുമിട്ടാണ് ഇന്നലെ സ്‌ക്കോര്‍ ചെയ്യാനായത്. അത് പക്ഷേ എനിക്ക് വിശ്വസിക്കാനാവുന്നില്ല-അദ്ദേഹം പറഞ്ഞു.
ഇതിനകം രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിച്ചിരിക്കുന്നു എംബാപ്പേ. അതിലൊന്നില്‍ കിരീടത്തില്‍ മുത്തമിട്ടു. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് മൂന്ന് ഗോളുകള്‍ കരസ്ഥമാക്കി. 2021 ലെ യുവേഫ നാഷന്‍സ് ലീഗ് ഫ്രാന്‍സ് കരസ്ഥമാക്കിയപ്പോള്‍ അതിന് പിറകിലും എംബാപ്പേയുണ്ടായിരുന്നു. നാല് തവണയാണ് അദ്ദേഹം ഫ്രഞ്ച് ലീഗ് പി.എസ്.ജിക്കായി നേടിയത്. നാല് തവണയും ലീഗിലെ ടോപ് സ്‌ക്കോറര്‍ മറ്റാരുമായിരുന്നില്ല.