Connect with us

Culture

സ്വിസ്സുകാർ തുലച്ചു കളഞ്ഞ വലിയ അവസരം

Published

on

സ്വീഡന്‍ 1 – സ്വിറ്റ്‌സര്‍ലാന്റ് 0

#SWESUI

#WCReviewShafi

‘ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍?’ എന്നു തോന്നിക്കുന്ന മത്സരങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്‍ എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്‍ജിയം – ജപ്പാന്‍ മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളി ആകര്‍ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്‌സര്‍ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനവര്‍ക്ക് അര്‍ഹതയുമുണ്ടായിരുന്നു. പക്ഷേ, എങ്ങനെയോ അടിച്ച ഒരു ഗോളില്‍ ജയിച്ച് സ്വീഡന്‍ അവസാന എട്ടിലേക്ക് ടിക്കറ്റ് നേടി. സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി വന്നിട്ടും ക്വാര്‍ട്ടറില്‍ കയറാതെ സ്വിസ്സുകാര്‍ മടങ്ങുകയും ചെയ്തു.

മൈതാനമധ്യത്തില്‍ കളി മെനയ്തും ആസൂത്രിത നീക്കങ്ങളിലൂടെ ബോക്‌സില്‍ കയറിയും കുറ്റമറ്റ രീതിയില്‍ ഫിനിഷ് ചെയ്തും കൊണ്ടുള്ള പന്തുകളിക്ക് ഉന്നത ശേഷിയുള്ള കളിക്കാരും അതിനനുസരിച്ചുള്ള കേളീശൈലിയും വേണം. ഇന്നത്തെ കളിയില്‍ ഇരുടീമുകള്‍ക്കും അസാധാരണ മികവുള്ള താരങ്ങളോ ശൈലീകാരന്മാരായ കോച്ചുമാരോ ഇല്ലായിരുന്നു. കളിക്കു മുമ്പ് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞ് സ്വിറ്റ്‌സര്‍ലാന്റ് സ്വന്തം ശവക്കുഴി തോണ്ടി. ഉയരക്കാരായ മുന്നേറ്റക്കാര്‍ക്ക് വായുവിലൂടെ പന്തെത്തിച്ചു നല്‍കിയ സ്വീഡനാകട്ടെ, നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് വലയിലാക്കി, ആ ലീഡ് സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു.

ഗൂഢതന്ത്രങ്ങളൊന്നുമില്ലാതെയുള്ള ഓപണ്‍ ഗെയിമുകളില്‍, മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെടാന്‍ ഒരൊറ്റ ഗോള്‍ ധാരാളമാണ്. തമ്മില്‍ ഭേദപ്പെട്ട ടീമുകള്‍ക്ക് തുടക്കം മുതലേ മത്സരം കൈവശപ്പെടുത്തിയില്ലെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് എതിരാളി ഭാഗ്യം തങ്ങളുടേതാക്കും. കട്ടപ്പാടങ്ങളിലെ സെവന്‍സ് മുതല്‍ ലോകകപ്പ് വേദി വരെ അതില്‍ കാര്യമായ മാറ്റമില്ല. ഗോളടിക്കുകയും അത് സംരക്ഷിക്കാന്‍ പിന്നില്‍ കോട്ടകെട്ടുകയും ചെയ്യുന്ന ശൈലിയും ഫുട്‌ബോളിന്റെ ഭാഗമാകയാല്‍ അതിനെ കുറ്റംപറയാനുമില്ല. നിരന്തരമായ ആക്രമണങ്ങളിലൂടെ ആ കോട്ട ഭേദിച്ച് സമനില കണ്ടെത്തുകയും മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് പിന്നെ എതിര്‍ടീമിന് ചെയ്യാനുണ്ടായിരുന്നത്. ഷര്‍ദാന്‍ ഷഖീരി ഡീപ്പില്‍ നിന്നും റോഡ്രിഗസ് ഇടതുഭാഗത്തു നിന്നുമൊക്കെ തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ അപകടകരമായ രീതിയില്‍ താണിറങ്ങിയെങ്കിലും അവയില്‍ തലവെക്കാന്‍ പാകത്തിലുള്ള ക്വാളിറ്റി സ്‌ട്രൈക്കര്‍മാര്‍ ഇല്ലാതിരുന്നതാണ് സ്വിറ്റ്‌സര്‍ലാന്റിന് തിരിച്ചടിയായത്. അര്‍ധാവസരങ്ങളില്‍ അവര്‍ ഷോട്ടുതിര്‍ക്കാന്‍ മുതിര്‍ന്നപ്പോഴൊക്കെ ശരീരം കൊണ്ട് നിരപ്പലകയിട്ട് സ്വീഡന്‍കാര്‍ അത് വിഫലമാക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലാന്റിന് അനായാസം തോല്‍പ്പിക്കാമായിരുന്ന ടീമായിരുന്നു സ്വീഡന്‍. ഗോളൊഴികെ എല്ലാ മേഖലയിലും അവര്‍ മുന്‍തൂക്കം പുലര്‍ത്തുകയും ചെയ്തു. 1954-നു ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്താനുള്ള സുവര്‍ണാവസരം പാഴാക്കിയെന്ന കുറ്റബോധത്തില്‍ അവര്‍ക്ക് റഷ്യയില്‍ നിന്നു മടങ്ങാം. അതേസമയം, 1958-നു ശേഷം ഇതാദ്യമായി തുടര്‍ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനലിനൊരുങ്ങാം. അവിടെ എതിരാളികള്‍ ഇംഗ്ലണ്ടോ കൊളംബിയയോ, ആരായിരുന്നാലും മുന്നോട്ടുള്ള ഗമിക്കണമെങ്കില്‍ ഇന്നത്തെ കളി കളിച്ചാല്‍ മതിയാവില്ല. വേറൊരു രീതിയില്‍, പ്രീക്വാര്‍ട്ടര്‍ ജയിച്ചാല്‍ സെമിബെര്‍ത്ത് എന്ന സാധ്യതയിലേക്കാണ് ഇംഗ്ലണ്ടും കൊളംബിയയും ബൂട്ടുകെട്ടുന്നത് എന്നും പറയാം.

Film

‘ARM’ ഇനി പാൻ ഇന്ത്യൻ; അഞ്ച് ഭാഷകളിൽ ഒ.ടി.ടി സ്ട്രീമിം​ഗ് ആരംഭിച്ചു

ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും. 

Published

on

ടൊവിനോ തോമസ്  നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം (ARM) ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് മുതൽ കാണാൻ കഴിയും. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും.

ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് 58 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 12-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ജിതിൻ ലാൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് സിനിമ പ്രമികളെ ഞെട്ടിക്കാൻ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജിതിന് കഴിഞ്ഞിരുന്നു.

ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം വെന്നിക്കൊടി പാറിക്കുന്നത്. മോഹൻലാലിന്റെ ശബ്ദ സാന്നിധ്യം ചിത്രത്തിന്റെ മിസ്റ്ററി എലമെന്റ് കൂട്ടുന്നുണ്ട്.

38 കോടി മുടക്കിയ ചിത്രത്തിന് 100 കോടി ക്ലബിൽ ഇടം നേടാൻ കഴിഞ്ഞുവെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

Continue Reading

crime

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി.

Published

on

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.

ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading

Business

തൊട്ടാല്‍ പൊള്ളും പൊന്ന് ! പതുങ്ങിയത് കുതിക്കാനോ ? ഒറ്റയടിക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Trending