ജര്‍മനി 0 മെക്‌സിക്കോ 1
മുഹമ്മദ് ഷാഫി
ചാമ്പ്യന്‍ ഷോക്കര്‍!. തോറ്റത് ചാമ്പ്യന്മാരായതു കൊണ്ടു മാത്രമല്ല ജര്‍മനി മെക്‌സിക്കോ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. പച്ചമലയാളത്തില്‍ എജ്ജാതി കല്‍എന്നും പറയാം. കേളികേട്ട ജര്‍മനിയെ ആദ്യാന്തം പെരുവിരലില്‍ നിര്‍ത്തിയ, ലളിതമായ ഒരു പ്ലാന്‍ ഏറെക്കുറെ പൂര്‍ണതയോടെ നടപ്പിലാക്കിയ മെക്‌സിക്കോ അര്‍ഹിച്ച ജയം തന്നെ നേടി. മിഗ്വേല്‍ ലയൂനിന്റെ സ്ഥാനത്ത് കോച്ചിങ് ക്ലാസില്‍ പോയ ഒരു കരിങ്കല്ലെങ്കിലുമായിരുന്നെങ്കില്‍ വിജയ മാര്‍ജിന്‍ ഇനിയുമുയര്‍ന്നേനെ. പക്ഷേ, ഡിഫന്‍സില്‍ അയാള്‍ വഹിച്ച പങ്കില്‍, ജര്‍മനിയെ ശ്വാസം വിടാന്‍ അനുവദിക്കാതിരുന്ന പ്രത്യാക്രമണങ്ങളില്‍ അയാളോട് മെക്‌സിക്കോ പൊറുക്കും.
4231 എന്ന ഫോര്‍മേഷനില്‍ നിന്നു തന്നെ മനസ്സിലാക്കാം ജര്‍മനി ഈ മത്സരം ജയിക്കാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന്. ഒറ്റക്കു നില്‍ക്കുന്ന തിമോ വെര്‍നര്‍ക്കു പിന്നില്‍ ഡ്രാക്സ്ലര്‍, ഓസില്‍, തോമസ് മുള്ളര്‍ എന്നീ കുന്തമുനകള്‍. പിന്നെ, ബോണസ്സായി വലതു വിങില്‍ ഓടിക്കയറുന്ന ജോഷ്വ കിമ്മിച്ചും. സമി ഖദീറയും ടോണി ക്രൂസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ പൊസിഷനിലായിരുന്നെങ്കിലും അവര്‍ കളിയെ സമീപിക്കുക എങ്ങനെയാണെന്ന് നമുക്കെല്ലാമറിയാം.
മെക്‌സിക്കോ കോച്ച് ജുവാന്‍ ഒസോറിയോയും അതേ ഫോര്‍മേഷന്‍ ആണ് അവലംബിച്ചത്. എക്‌സിക്യൂഷനില്‍ പക്ഷേ, വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. ഹവിയര്‍ ഹെര്‍ണാണ്ടസിനു പിന്നില്‍ ലയൂനും കാര്‍ലോസ് വേലക്കും ലൊസാനോക്കും ആക്രമണ ചുമതല. ഹെക്ടര്‍ ഹെരേരക്ക് ഡിഫന്‍സുമായിട്ടാണ് കൂടുതല്‍ ഇണക്കമെങ്കില്‍ ക്യാപ്ടന്‍ ഗ്വര്‍ഡാഡോക്ക് മുന്നേറ്റത്തെ സഹായിക്കലായിരുന്നു ജോലി.
ടിപ്പിക്കല്‍ ലോജര്‍മന്‍ ശൈലിയിലാണ് അവര്‍ തുടങ്ങിയത്. വലതുവിങില്‍ കിമ്മിച്ച് ഓവര്‍ലാപ് ചെയ്ത് കളിച്ചപ്പോള്‍ ഓസില്‍ ഒരല്‍പം പിന്നോട്ടു മാറി പരമ്പരാഗത പത്താം നമ്പറിന്റെ ജോലി ഏറ്റെടുത്തു. (ഓസിലിന്റെ റോള്‍ മാത്രമാണ് എനിക്കല്‍പം അപരിചിതമായി തോന്നിയത്. എന്റെ പരിചയക്കുറവായിരിക്കാനാണ് സാധ്യത.) ഖദീറകിമ്മിച്ച്മുള്ളര്‍ഓസില്‍ ചത്വരം വലതുഭാഗത്ത് ആക്രമണം കേന്ദ്രീകരിച്ചു.
ജര്‍മനി എങ്ങനെ കളിക്കുമെന്ന് ഓസോറിയോ ഇന്നു പുലര്‍ച്ചെ സ്വപ്‌നത്തില്‍ കണ്ടിരിക്കണം. അത്ര കൃത്യതയോടെയായിരുന്നു ഡിഫന്‍സ് പ്ലേസിങ്. അതേസമയം, ജര്‍മനി എത്ര ശക്തമായി ആക്രമിക്കുമ്പോഴും മുഴുവന്‍ പേരെയും സ്വന്തം ഹാഫില്‍ നിയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഹെര്‍ണാണ്ടസ് എപ്പോഴും മധ്യവരയ്ക്കടുത്തുണ്ടായിരുന്നു. ഇരുവശത്തുമായി കുതിക്കാന്‍ പാകത്തിലായിരുന്നു സ്വന്തം ഹാഫില്‍ കല്‍ക്കുമ്പോഴും ലയൂന്‍ലൊസാനോവേല എന്നിവരില്‍ ഓരോരുത്തരുടെയും നില്‍പ്പ്. പ്രത്യാക്രമണം നടത്താന്‍ മാത്രമല്ല, അപകടകാരികളായ ബോട്ടങിനെയും ഹമ്മല്‍സിനെയും അവരുടെ ഹാഫില്‍ തളക്കാനും ഇതുകൊണ്ട് കഴിഞ്ഞു. ഫലം, പന്ത് ലീക്കാകുമ്പോഴൊക്കെ ജര്‍മന്‍ കളിക്കാര്‍ക്ക് പിന്‍കാലിലേക്ക് ഗിയര്‍ മാറ്റേണ്ടിവന്നു.
അത്തരമൊരുമൊരു ഘട്ടത്തിലാണ് ഗോള്‍ വന്നത്. യഥാര്‍ത്ഥത്തില്‍ അതിന്റെ സൂചനകള്‍ നേരത്തെ തന്നെ കിട്ടിയിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് മധ്യത്തിലേക്ക്, അവിടെ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ, ബോക്‌സില്‍ കയറിയാല്‍ പിന്നെ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട്. ഒരു മിനുട്ടാകും മുമ്പേ മെക്‌സിക്കോ ഇത് പരീക്ഷിച്ചിരുന്നു. ക്ലോസ്‌റേഞ്ചില്‍ നിന്ന് ലൊസാനോയുടെ ഷോട്ട് ബോട്ടങ് വീണു തടഞ്ഞു എന്നുമാത്രം.
ഖദീറയില്‍ നിന്ന് സ്വന്തം ബോക്‌സിനു പുറത്തുവെച്ച് മെക്‌സിക്കോ പന്ത് റിക്കവര്‍ ചെയ്തപ്പോള്‍ അതെന്തു ചെയ്യണമെന്ന് ആ കളിക്കാരന് നല്ല ധാരണയുണ്ടായിരുന്നു. കൃത്യം മധ്യത്തിലെ വട്ടത്തിലേക്ക് പാസ്. ഹവിയര്‍ അവിടെയുണ്ടായിരുന്നു. പന്ത് വാങ്ങി ഇടത്തോട്ട് പാസ് ചെയ്ത് അയാള്‍ കുതിച്ചുപാഞ്ഞു. 30 വാര അകലെ വെച്ച് വീണ്ടും പന്ത് സ്വകരിക്കുമ്പോള്‍ മുന്നില്‍ ഒരു ഡിഫന്റര്‍ മാത്രം. ഇതുവിങിലൂടെ മിന്നല്‍പോലെ കുതിച്ചുവരുന്ന ലൊസാനോയെ സ്‌പോട്ട് ചെയ്തതിനാണ് ഹെര്‍ണാണ്ടസിന് മാര്‍ക്ക് നല്‍കേണ്ടത്. തിരിഞ്ഞുനോക്കി അത് കാണാവുന്ന പൊസിഷനിലും സന്ദര്‍ഭത്തിലും ആയിരുന്നില്ല ഹവിയര്‍. ഒരുപക്ഷേ, അത് എത്രയോ തവണ ഗ്രൗണ്ടില്‍ അവര്‍ പരിശീലിച്ചതായിരിക്കണം. ബോക്‌സിനകത്തുവെച്ചുള്ള ലൊസാനോയുടെ ഫസ്റ്റ് ടച്ച് അപാരമായിരുന്നു. മുമ്പൊരിക്കല്‍ പറ്റിയ ബോട്ടങ് വരുത്തിയ വിന ഓര്‍മയിലുള്ളതു കൊണ്ടാവണം, ഓസിലിനെ (?) നിരായുധനാക്കിക്കൊണ്ടുള്ള ആ വെട്ടിത്തിരിയല്‍. ഗോളി മാത്രമുള്ള പോസ്റ്റിലേക്ക് പന്ത് എങ്ങനെ എത്തിക്കണമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
ടോണി ക്രൂസിന്റെ 100 ശതമാനം കൃത്യമായ ഫ്രീകിക്ക് 110 ശതമാനം കൃത്യതയോടെ തട്ടിത്തെറിപ്പിച്ച ഒച്ചാവോയുടേതു കൂടിയാണ് ഈ വിജയം.കിമ്മിച്ചിന്റെ ബൈസിക്കിള്‍ കിക്കിന് ഒരു ശതമാനം പോലും ചാന്‍സ് നല്‍കാതിരിക്കാന്‍ അയാള്‍ നടത്തിയ ഡൈവ്. ലോങ് റേഞ്ചറുകളിലും ബോക്‌സിലെ അനിശ്ചിതത്വതങ്ങളിലും നടത്തിയ സേവുകള്‍… പിന്നെ അവസാന നിമിഷങ്ങളില്‍ പുലര്‍ത്തിയ കാല്‍ക്കുലേഷന്‍..
മെക്‌സിക്കോ നടത്തിയ സബ്സ്റ്റിറ്റിയൂഷനുകള്‍ എല്ലാം കിറുകൃത്യമായിരുന്നു. ധാരണയില്ലാതെ ഉഴറിയ വേലയെ 58ാം മിനുട്ടില്‍ തന്നെ പിന്‍വലിച്ചതു കൊണ്ട് കരുത്തനും ചെറുപ്പക്കാരനുമായ അല്‍വാരസിനെ ഇറക്കാന്‍ കഴിഞ്ഞു. ലൊസാനോ ഗ്യാസ്ഔട്ട് ആയ സമയത്താണ് പരിചയ സമ്പത്തുള്ള യിമനസ് വന്നത്. മാര്‍ക്വേസ് കൂടി വന്നതോടെ കളിയുടെ ശേഷക്രിയ നടത്താന്‍ ഒരു കാരണവരുമായി. (അത്രയും സമ്മര്‍ദമുള്ള ഘട്ടത്തില്‍ 39കാരനായ ഒരു കളിക്കാരനെ ഇറക്കി വിട്ട കോച്ചിന്റെ ആത്മവിശ്വാസം സമ്മതിക്കണം, മാര്‍ക്വേസിന്റെ സ്റ്റാമിനയും. അയാള്‍ ഒരുപക്ഷെ, ഇനിയുമൊരു ലോകകപ്പ് കളിച്ചേക്കും.)
ജര്‍മനി മോശമായി കളിച്ചല്ല തോറ്റത്. ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ കളിക്കും എന്നും ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്.പക്ഷേ, ഇന്നലെ അര്‍ജന്റീന വരുത്തിയ ഒരു പിഴവ്, പാസിങ് മൂവിങ് വേഗത കൂട്ടാതിരിക്കല്‍, ജര്‍മനിയും വരുത്തി എന്നെനിക്കു തോന്നി. അവസാന 15 മിനുട്ടിലാണ് അവര്‍ അപകടം മണത്ത് കൂടുതല്‍ പേരുമായി ആക്രമണം തുടങ്ങിയത്. 15 മിനുട്ട് ഗോളടിക്കാനുള്ള യഥേഷ്ട സമയം തന്നെയാണ്. റിയാസിനെയും ഗോമസിനെയും ബ്രാന്റ്‌റിനെയും ഇറക്കി ജര്‍മന്‍കാര്‍ ആഞ്ഞുപിടിച്ചെങ്കിലും മെക്‌സിക്കോ അവരെ മികച്ചുനിന്നു. ഓസിലിന്റെ പൊസിഷനിങും കളിയില്‍ അയാള്‍ നടത്തിയ ഷിഫ്റ്റിങുമാണ് എന്നെ കുഴപ്പിച്ചത്. അയാള്‍ ഒരു ഫീഡര്‍ ആയിരുന്നോ? അതോ പ്രതിരോധത്തിലും ചുമതല ഉണ്ടായിരുന്നോ? ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ, ആക്രമിക്കാന്‍ അവസരങ്ങള്‍ കൂടുതലുള്ള ഒരു പൊസിഷനിലായിരുന്നു ഓസിലെങ്കില്‍ മെക്‌സിക്കോ ഒന്നുകൂടി വിയര്‍ക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.