മുഹമ്മദ് ഷാഫി
അര്‍ജന്റീന 0 ക്രൊയേഷ്യ 3
2002 ലോകകപ്പില്‍ നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ മലയാള മനോരമ സ്‌പോര്‍ട്‌സ് പേജിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ബാറ്റിഗോളില്‍ അര്‍ജന്റീന തുടങ്ങി’. മൗറീഷ്യോ പൊഷെറ്റിനോയ്‌ക്കൊപ്പം ഉയര്‍ന്നുചാടിയ ബാറ്റി ഗോളിലേക്ക് ഹെഡ്ഡ് ചെയ്യുന്നതായിരുന്നു ചിത്രമെന്ന് ഓര്‍മയുണ്ട്. അടുത്ത കളിയില്‍ പക്ഷേ, ചിരവൈരികളായ ഇംഗ്ലണ്ട് അര്‍ജന്റീനയുടെ ചിറകരിഞ്ഞു, ഡേവിഡ് ബെക്കാമിന്റെ പെനാല്‍ട്ടി ഗോളില്‍. അവസാന മത്സരത്തില്‍ സ്വീഡനെതിരെ ജയിക്കണമായിരുന്നു; ജയിച്ചില്ല. ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി, നാലു പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.
2018-ല്‍ നൈജീരിയക്കെതിരായ അവസാന മത്സരത്തെപ്പറ്റി അങ്ങേയറ്റം ശുഭാപ്തിവിശ്വാസം പുലര്‍ത്തിയാലും ഇത്തവണ അര്‍ജന്റീനക്ക് കിട്ടുക പരമാവധി നാലു പോയിന്റ്. ഇന്ന് വൈകുന്നേരം നടക്കുന്ന നൈജീരിയ – ഐസ്‌ലാന്റ് മത്സരത്തോടെ മെസ്സിയുടെയും കൂട്ടരുടെയും ഭാവി തെളിയും. നൈജീരിയക്ക് ജയിക്കാനായില്ലെങ്കില്‍ പിന്നെ ക്രൊയേഷ്യയുടെ കരുണക്കായി, അതിനേക്കാള്‍ സ്വന്തം ഭാഗ്യത്തിനായി കാത്തിരിക്കേണ്ടി വരും.
ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ ജയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്രൊയേഷ്യയെ നേരിടുന്നതിനായി സാംപൗളി ടീം അഴിച്ചുപണിയുന്നുവെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു. പക്ഷേ, ഇറക്കിയ ആദ്യ ഇലവനെ കണ്ടപ്പോള്‍ രണ്ട് കാര്യങ്ങളാണ് തോന്നിയത്. ഒന്ന്: ഇതൊരു കൈവിട്ട കളിയാണ്; വര്‍ക്കൗട്ടായാല്‍ അര്‍ജന്റീന ജയിക്കുക തന്നെ ചെയ്യും. രണ്ട്: ക്രൊയേഷ്യക്കാര്‍ ശരീരത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ ഇടയുള്ള മത്സരത്തില്‍, അക്കാര്യം സാംപൗളി മുഖവിലക്കെടുത്തിട്ടേ ഇല്ല. കളി തുടങ്ങിയപ്പോള്‍ മൂന്നാമതൊരു കാര്യം കൂടി ശ്രദ്ധിച്ചു: ലയണല്‍ മെസ്സി സാധാരണ ഗതിയില്‍ വഹിക്കാറുള്ള ഭാരം പോലും അയാള്‍ക്കു നല്‍കാതെ, നൂറു ശതമാനം ടീം ഗെയിമിലൂടെ തൊണ്ണൂറു മിനുട്ടും പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ഐസ്‌ലാന്റ് മാച്ചില്‍ നിന്ന് വ്യത്യസ്തമായി സെന്‍ട്രല്‍ ഡിഫന്‍സില്‍ മൂന്നുപേരെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളില്‍ രണ്ടുപേരെയും നിയോഗിച്ചായിരുന്നു അര്‍ജന്റീനയുടെ പ്ലാന്‍. മുന്നില്‍ ഒറ്റക്ക് ആക്രമിക്കുന്ന അഗ്വേറോയിലേക്ക് പന്തെത്തുംവിധമാണ് ടീം കളിക്കേണ്ടത്. തൊട്ടുപിന്നിലായി വലതുഭാഗത്ത് മെസ്സിയും ഇടതുഭാഗത്ത് മെസയുമുണ്ടെങ്കിലും മഷരാനോക്കും പെരസിനും സെന്‍ട്രല്‍ – ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരെന്ന ഇരട്ട ജോലിയാണ്. അക്യൂന, സാല്‍വിയോ എന്നിവര്‍ക്ക് വശങ്ങള്‍ നോക്കാനും ബോക്‌സിലേക്ക് ക്രോസുകള്‍ നല്‍കാനുമുള്ള ചുമതലയേയുള്ളൂ.
ആദ്യ പകുതിയില്‍ ഇരുടീമുകളും പരസ്പരം ബഹുമാനിച്ചാണ് കളിച്ചത്. പ്രതിരോധത്തിലെ മണ്ടത്തരങ്ങളും മാര്‍ക്കിങ് പിഴവുകളും കൊണ്ടു വരുത്തിയ അബദ്ധങ്ങളൊഴിച്ചാല്‍ ഇരുപക്ഷത്തും കാര്യമായ തുറന്ന അവസരങ്ങളുണ്ടായില്ല. അതേസമയം, ഇരുകൂട്ടര്‍ക്കും ലീഡ് സ്വന്തമാക്കാനുള്ള ഓപണ്‍ ചാന്‍സുകള്‍ ലഭിച്ചിരുന്നു. നിര്‍ണായകമായത് 39-ാം മിനുട്ടില്‍ പെരസിന്റെ കണങ്കാലില്‍ റെബിച്ച് നടത്തിയ സ്റ്റാംപിങ്ങിന് റഫറി ചുവപ്പുകാര്‍ഡെടുത്തില്ല എന്നതാണ്. എല്ലാ തെളിവുകളും അയാള്‍ക്ക് എതിരായിരുന്നു. പക്ഷേ, വി.എ.ആറിനെ ആശ്രയിക്കാന്‍ റഫറി തയ്യാറായില്ല. അത് റെബിച്ചിന്റെ ഭാഗ്യമായിരുന്നു. ആ ഭാഗ്യത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അര്‍ജന്റീനയുടെ ഹൃദയം പിളര്‍ന്ന ഗോളും.
ഗോള്‍കീപ്പര്‍ കബായെറോ ഫീല്‍ഡ് ഗെയിമില്‍ എങ്ങനെയാണ് ഇടപെടുക എന്ന കാര്യത്തില്‍ ആദ്യം മുതല്‍ക്കേ ആശങ്കയുണ്ടായിരുന്നു. പാസുകളുടെ കാര്യത്തില്‍ താനൊരു മഹാദുരന്തമാണെന്ന് കബായെറോ ഈ മാച്ചിലെ ആദ്യപകുതിയില്‍ മാത്രമല്ല മുമ്പ് ക്ലബ്ബ് കളികളിലും തെളിയിച്ചിട്ടുണ്ട്. എന്നിട്ടും, 50-50 അവസരങ്ങളില്‍ പോലും ചാന്‍സുകളെടുക്കാന്‍ അയാള്‍ക്ക് സൗംപൗളി അനുവാദം നല്‍കി എന്നതാണ് അതിശയം. ബോക്‌സില്‍ നിന്ന് അയാള്‍ അടിച്ചുവിടുന്ന പന്തുകള്‍ ഉയരക്കാരായ ക്രൊയേഷ്യന്‍ താരങ്ങള്‍ക്കാണ് കിട്ടിയിരുന്നതെങ്കിലും അതൊരു വലിയ പ്രശ്‌നമായിരുന്നില്ല. പക്ഷേ, അയാള്‍ വരുത്തിയ ഹിമാലയന്‍ ബ്ലണ്ടര്‍ – പ്രത്യേകിച്ചും പാസ് സ്വീകരിക്കണമെന്ന് അയാള്‍ സങ്കല്‍പിക്കുന്ന മെര്‍ക്കാഡോ കളിയില്‍ ശ്രദ്ധിക്കാതെ നില്‍ക്കുമ്പോള്‍ – അര്‍ജന്റീനയുടെ ചരമഗീതമെഴുതി. കളി കാണുന്ന ആര്‍ക്കും ആ ഗോളോടെ ഉറപ്പിക്കാമായിരുന്നു അര്‍ജന്റീന തോറ്റുകഴിഞ്ഞെന്ന്.
ക്രൊയേഷ്യ പോലെ ഫിസിക്കലി ആന്റ് ടെക്‌നിക്കലി ബ്രില്ല്യന്റ് ആയ ഒരു ടീമിന് പരിഭ്രമിച്ച അര്‍ജന്റീനയെ പിന്നീട് കൈകാര്യം ചെയ്യുക എന്നത് പൂപറിക്കും പോലെയായിരുന്നു. ലയണല്‍ മെസ്സിക്ക് പന്ത് കിട്ടാതെ നോക്കുക, അഗ്വേറോയെ ഫ്രീയായി വിടാതിരിക്കുക എന്നതായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്ന ഏക ജോലി. മെസ്സിക്ക് പന്ത് നല്‍കാതിരിക്കാന്‍ അര്‍ജന്റീനക്കാര്‍ തന്നെ ശ്രദ്ധിച്ചതിനാല്‍ അത് എളുപ്പമായി. മെസ്സിയാകട്ടെ, തീര്‍ത്തും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായി ചുറ്റിനടക്കുകയായിരുന്നു. ഒറ്റപ്പെട്ട ചില നീക്കങ്ങളൊഴിച്ചാല്‍ സൂപ്പര്‍താരത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതേയില്ല.
എന്റെ നോട്ടത്തില്‍ അര്‍ജന്റീനാ നിരയില്‍ ഇടതുമിഡ്ഫീല്‍ഡറായി കളിച്ച മാര്‍കോസ് അക്യൂനയാണ് ഗോള്‍കീപ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും മോശമായി കളിച്ചത്. ആക്രമണം നടത്തുമ്പോള്‍ ബോക്‌സ് ഏരിയയില്‍ പന്തുകിട്ടുമ്പോഴൊക്കെ അയാള്‍ കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് ഡ്രിബിള്‍ ചെയ്ത് പോകുന്നത് കാണാമായിരുന്നു. വിര്‍സാലിക്കോയും ലോവ്‌റെനും നയിക്കുന്ന വഴിയേ അയാള്‍ താനെന്തോ മിടുക്കു കാട്ടുന്നു എന്നപോലെ ആവേശത്തോടെ പന്തുകൊണ്ടുപോയി. അവിടെ നിന്ന് തൊടുക്കുന്ന ക്രോസുകളില്‍ ഒന്നുപോലും കൃത്യമായിരുന്നില്ല. ലോവ്‌റനും വിഡക്കും അവ ക്ലിയര്‍ ചെയ്യാന്‍ ഒരു പണിയുമുണ്ടായിരുന്നില്ല. അയാള്‍ റീപ്ലേസ് ചെയ്ത എയ്ഞ്ചല്‍ ഡിമരിയ പന്തുമായി ബോക്‌സില്‍ കയറുകയെങ്കിലും ചെയ്യാറുണ്ടായിരുന്നു.
4-1-4-1 ഫോര്‍മേഷനില്‍ കളിച്ച ക്രൊയേഷ്യ അര്‍ജന്റീനയെ മധ്യനിരയില്‍ തളക്കുകയും വേഗതയില്‍ ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. തങ്ങളുടെ ഉയരവും ശരീരബലവും ഉപയോഗപ്പെടുത്താനും അവര്‍ക്ക് മടിയില്ലായിരുന്നു. മാന്‍ഡ്‌സുകിച്ച് മുന്നിലും മോഡ്രിഡും റാകിറ്റിച്ചും തൊട്ടുപിന്നിലുമുള്ളപ്പോള്‍ അര്‍ജന്റീനയേക്കാള്‍ ഒരുപടി മുകളിലായിരുന്നു അവരുടെ ആക്രമണം നടത്താനുള്ള കരുത്ത്. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായ ബ്രൊസോവിച്ച് അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡര്‍മാരും മുന്‍നിരക്കാരും തമ്മിലുള്ള ഗ്യാപ്പ് അടച്ചുകളയുന്നതില്‍ വിദഗ്ധനുമായിരുന്നു. എത്രയെത്ര ലോപാസുകളാണ് അയാള്‍ മുറിച്ചുകളഞ്ഞത്. മോഡ്രിച്ചിന്റെ ഗോള്‍ ലോകനിലവാരമുള്ളതായിരുന്നു; റാകിറ്റിച്ചിന്റെ ഗോളാകാതെ പോയ ഫ്രീകിക്കും. ആദ്യം വഴങ്ങിയ ഒറ്റഗോളില്‍ മത്സരം അവസാനിപ്പിക്കാനെങ്കിലും അര്‍ജന്റീനക്ക് കഴിഞ്ഞിരുന്നെങ്കില്‍, അര്‍ജന്റീനക്ക് ഇപ്പോഴുള്ളതിനേക്കാള്‍ പ്രതീക്ഷ ശേഷിക്കുമായിരുന്നു.
ലളിതമായ രീതിയില്‍ കളിക്കുന്ന എതിരാളികളെ ലളിതമായി തന്നെയാണ് നേരിടേണ്ടത്. അതിന് സ്വന്തം ദൗര്‍ബല്യങ്ങളെപ്പറ്റി ബോധ്യമുണ്ടാവുകയാണ് ഏറ്റവും പ്രധാനമായി വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അര്‍ജന്റീനാ കോച്ച് സാംപൗളിക്ക് ആത്മവിശ്വാസം കൂടുതലും സ്ഥിതിവിചാരം കുറവുമായിരുന്നു. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ സ്വന്തം തന്ത്രങ്ങളെ അയാള്‍ വിശ്വസിച്ചു. വിദാലും സാഞ്ചസുമൊക്കെയുള്ള ചിലിയല്ല ഇന്നത്തെ അര്‍ജന്റീന എന്നയാള്‍ ഓര്‍്ത്തില്ല.
ആദ്യം പറഞ്ഞ 2002-ലേക്കു തന്നെ മടങ്ങാം. ബാറ്റി, ഒര്‍ട്ടേഗ, അയ്മര്‍, പൊചറ്റിനോ, സനെറ്റി, സോറിന്‍, ക്രെസ്‌പോ, വെറോണ്‍, അയാള, സിമിയോണി തുടങ്ങിയ വന്‍മരങ്ങളുള്ള ടീമാണ് അന്ന് ആദ്യറൗണ്ടില്‍ മുടന്തിവീണത്. ആ നിലക്ക് ഇപ്പോഴത്തെ ടീമിന് ആദ്യറൗണ്ട് കടക്കാതെ നാട്ടില്‍ തിരിച്ചെത്താനുള്ള അര്‍ഹത ഏതായാലുമുണ്ട്. ഏതായാലും അവരെ അവസാന മത്സരം കളിക്കാന്‍ അനുവദിക്കുക.
പിന്‍കുറി: ശുഭാപ്തിവിശ്വാസികളായ ഫാന്‍സിനു വേണ്ടി, അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത പറയാം.
1. ഇന്നു നടക്കുന്ന നൈജീരിയ – ഐസ്‌ലാന്റ് മത്സരം നൈജീരിയ ജയിക്കുകയോ സമനില ആവുകയോ ചെയ്യുക. ഒപ്പം അടുത്ത മത്സരത്തില്‍ അര്‍ജന്റീന ജയിക്കുകയും ഐസ്‌ലാന്റ് ജയിക്കാതിരിക്കുകയും ചെയ്യുക.
2. ഇന്നത്തെ മത്സരത്തില്‍ ഐസ്‌ലാന്റ് ജയിച്ചാല്‍: അടുത്ത മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയോട് വലിയ മാര്‍ജിനില്‍ തോല്‍ക്കുക. അര്‍ജന്റീന നൈജീരിയയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തു. ആ മാര്‍ജിന്‍ എന്താണെന്നറിയണമെങ്കില്‍ ഇന്നത്തെ കളി കഴിയണം.
3. ഐസ്‌ലാന്റ് ജയിക്കാതിരിക്കുകയാണ് ഏറ്റവും പ്രധാനം. പക്ഷേ, അത് സംഭവിച്ചു എന്നുതന്നെ കരുതുക; നൈജീരിയയെ തോല്‍പ്പിക്കാതെ പറ്റില്ലല്ലോ. നൈജീരിയ ക്രൊയേഷ്യയോട് തോറ്റത് രണ്ടു ഗോളിനാണ്. നമ്മള്‍ മൂന്നു ഗോളിനും.
അര്‍ജന്റീനാ ഫാന്‍സിന് സങ്കടം കൊണ്ടും മറ്റു ഫാന്‍സിന് സന്തോഷം കൊണ്ടും ഇന്ന് ഉറക്കം വൈകുമെന്നറിയാം. എന്റെ മാച്ച് അനാലിസിസ് വായിക്കൂ…