Connect with us

crime

വീണ്ടും ആൾക്കൂട്ട കൊല; ഝാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു

ബൈക്ക് ഓട്ടോയിലിടിച്ച് സ്ത്രീക്ക് പരിക്കേറ്റതിന് പിന്നാലെയായിരുനു ആക്രമണം

Published

on

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഝാര്‍ഖണ്ഡിലെ കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് അവസാനത്തെ ഇര. ഹിന്ദു സ്ത്രീയെ പരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് ഇയാളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ജൂണ്‍ 30ന് ഷഹാബുദ്ദീന്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗൗത്താരികാര്യ എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം അനിതാ ദേവി എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവര്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ ഓട്ടോയില്‍ ഷഹാബുദ്ദീന്റെ ബൈക്കിടിക്കുകയും അനിതാ ദേവിക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ മഹേന്ദ്രയും രാംദേവും ചേര്‍ന്ന് ഷഹാബുദ്ദീനെ കുറ്റപ്പെടുത്താന്‍ തുടങ്ങി.

ഉടന്‍ തന്നെ ആള്‍ക്കൂട്ടം തടിച്ചുകൂടുകയും ബാറ്റും വടിയും ഉപയോഗിച്ച് ഷഹാബുദ്ദീന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ആക്രമിക്കാന്‍ തുടങ്ങി. ആക്രമണം നിര്‍ത്താന്‍ അനിതാ ദേവി ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല. വിവരം ലഭിച്ചതനുസരിച്ച് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ആള്‍ക്കൂട്ടത്തില്‍നിന്ന് ഷഹാബുദ്ദീനെ രക്ഷിക്കുകയും ചെയ്തു. ഈ സമയം ഇയാളുടെ മുഖത്തുനിന്നും തലയില്‍നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഷഹാബുദ്ദീന്‍ മരണത്തിന് കീഴടങ്ങി.

അതേസമയം, സംഭവത്തിന് വര്‍ഗീയ മാനങ്ങളില്ലെന്നും അപകടം കാരണമാണ് ഷഹബുദ്ദീന്‍ മരിച്ചതെന്നും പൊലീസ് പറയുന്നു. അദ്ദേഹത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. പൊലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കുകള്‍ കാരണം വഴിമധ്യേ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.

എന്നാല്‍, സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബര്‍കദ ജില്ലയിലെ ഹസാരിബാഗിലാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലെ വീട്ടി?ലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. ആക്രമത്തെ തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് മകന്‍ മുഹമ്മദ് പര്‍വേസ് ആലം പറഞ്ഞു. അദ്ദേഹത്തിന് പുറമേക്ക് യാതൊരു പരിക്കുമില്ലായിരുന്നു. ആന്തരിക രക്തസ്രാവമാണ് ഉണ്ടായതെന്നും ആലം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം മുസ്ലിമായതിനാലാണ് കൊല? ചെയ്യപ്പെട്ടതെന്ന് പ്രദേശത്തെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് സൂരജ് ദാസ് പറഞ്ഞു. അദ്ദേഹം അപകടത്തിലല്ല മരണപ്പെട്ടത്. അങ്ങനെയായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ജനക്കൂട്ടം അയാളെ തലക്കടിച്ച് കൊലപ്പെടുത്തി.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീ അദ്ദേഹത്തെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ, അവര്‍ മര്‍ദിക്കുന്നത് തുടര്‍ന്നു. സ്ത്രീക്ക് ഗുരുതര പരിക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം മുസ്‌ലിമായതിനാല്‍ ജനക്കൂട്ടം അയാളെ മര്‍ദിച്ചു. അയാള്‍ താടി വളര്‍ത്തിയതും തൊപ്പി ധരിച്ചതും അവര്‍ കണ്ടിരിക്കാമെന്നും സൂരജ് ദാസ് പറഞ്ഞു.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാഴ്ച പിന്നിടുമ്പോള്‍ രാജ്യത്ത് നിരവധി മുസ്‌ലിംകളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ ബുള്‍ഡോസര്‍ രാജും വര്‍ധിച്ചു. പലകാരണങ്ങള്‍ പറഞ്ഞ് പള്ളികളും വീടുകളുമെല്ലാം അധികൃതര്‍ തകര്‍ക്കുകയാണ്.

 

crime

12കാരനെ പീഡിപ്പിച്ച പിതാവിന് 96 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ

Published

on

മഞ്ചേരി: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജയില്‍ശിക്ഷ 40 വർഷമായിരിക്കും. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

Continue Reading

crime

പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് ഹിന്ദുത്വസംഘം

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ 25-കാരനായ ഡോക്ടർ ഇസ്തിഖാറിനാണ് മർദനമേറ്റത്.

Published

on

യോഗിയുടെ ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വസംഘം. മൊറാദാബാദ് ജില്ലയില്‍ ജൂണ്‍ 30-നാണ് 25-കാരനായ ഡോക്ടര്‍ ഇസ്തിഖാറിന് മര്‍ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയതായിരുന്നു ഡോക്ടര്‍. അവിടേക്ക് വന്ന ഒരു സംഘം ആളുകള്‍ പേര് ചോദിച്ചു. മുസ്ലിമാണെന്ന് വ്യക്തമായതോടെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങുകയായിരുന്നു. പിന്നീട് കുറച്ചാളുകള്‍ കൂടി ഒരു ജീപ്പില്‍ അവിടേക്ക് വന്ന് തന്നെ മര്‍ദിച്ചെന്നും ഇസ്തിഖാര്‍ പറഞ്ഞു.

”ഞാന്‍ ക്ലിനിക്കില്‍നിന്ന് മടങ്ങിവരികയായിരുന്നു, ബൈക്കില്‍ ഇന്ധനം കുറവായതിനാല്‍ പെട്രോള്‍ പമ്പിലേക്ക് കയറ്റുകയായിരുന്നു. ഞാന്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ രണ്ടുപേര്‍ എന്നെ തടഞ്ഞു, എന്റെ പേര് ചോദിച്ചു, പിന്നാലെ എന്നെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി, ഏകദേശം 25-ഓളം ആളുകള്‍ എന്നെ വളഞ്ഞിട്ട് മര്‍ദിച്ചു. ഞാന്‍ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ നിസ്സഹായനായിരുന്നു”-ഇസ്തിഖാറിനെ ഉദ്ധരിച്ച് ‘ദി ഒബ്സര്‍വര്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ ഡോക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. തന്നെ മര്‍ദിച്ച ആരെയും പരിചയമില്ലെന്നും അവര്‍ തന്റെ പേര് ചോദിച്ചത് മര്‍ദിക്കുകയായിരുന്നുവെന്നും ഇസ്തിഖാര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ ബൈക്കില്‍ ‘ബി.ജെ.പി മെട്രോപൊളിറ്റന്‍ പ്രസിഡന്റ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കലാപത്തിന് ശ്രമിക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് സംഘര്‍ഷത്തിന് ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Continue Reading

crime

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്.

Published

on

ആലപ്പുഴ മാന്നാർ കല കൊലപാതക കേസിൽ ദുരൂഹതയേറുന്നു. കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം. മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം ഉയരുന്നു. സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രം. മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് പറയുന്നത്.

മൃതദേഹം ആറ്റിൽ കളയാൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് കാറിൽ മൃതദേഹം എത്തിച്ചത്. സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആറ്റിലുപേക്ഷിച്ചില്ല. മറ്റിടങ്ങളിലും പോലീസ് പരിശോധന നടത്തിയേക്കും.

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. അതേസമയം ഒന്നാം പ്രതി അനിൽ കുമാർ ആശുപത്രിയിൽ എന്നാണ് സൂചന. രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായാണ് വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും.

കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. 15 വർഷം മുൻപായിരുന്നു കലയെ കാണാതായത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Continue Reading

Trending