റസാഖ് ആദൃശ്ശേരി
‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നവോത്ഥാന മതില്‍ തീര്‍ത്ത സാക്ഷാല്‍ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ജാതി വിവേചനത്തിന്റെ പേരില്‍ ഒരു കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയ കാഴ്ചയാണ് കാണേണ്ടിവന്നത്. കോട്ടയം കെ.ആര്‍ നാരയണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്ഥാപന ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാഗത്ത്‌നിന്നും ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയ വിവേചനങ്ങള്‍ നേരിടേണ്ടിവന്നത്.
ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാതി അധിക്ഷേപം നടത്തുക, സീറ്റുകള്‍ ഒഴിവുണ്ടായിട്ടും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാതിരിക്കുക, റിസര്‍വേഷന്‍ സീറ്റുകളില്‍ ആളുകളെ എടുക്കാതെ സംവരണം അട്ടിമറിക്കുക, വ്യക്തിസ്വാതന്ത്ര്യം പോലും ലംഘിക്കുന്ന വിധത്തിലുള്ള ക്ലോസുകള്‍ ഉള്‍പ്പെടുത്തിയ ബോണ്ടില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു ഒപ്പിടുപ്പിക്കുക, ഇ ഗ്രാന്‍സും മറ്റു ഫെലോഷിപ്പുകളും തടഞ്ഞുവെക്കുക, സര്‍ക്കാരില്‍ നിന്നും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നതെല്ലാം ചാരിറ്റിയാണെന്നു പറഞ്ഞു അവരെ അപമാനിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ക്കെതിരെ ഉന്നയിക്കുന്നത്.
ബാല്യകാലം മുതല്‍ ജാതിക്കോമരങ്ങളുടെ വിവേചനങ്ങള്‍ക്കും അകറ്റിനിറുത്തലുകള്‍ക്കും വിധേയമായി, എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് കഠിന പ്രയത്‌നത്തിലൂടെ പഠിച്ചുയര്‍ന്നു, ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡണ്ട് വരെയായി തീര്‍ന്ന കെ.ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനത്തില്‍ ജാതി ചിന്തകള്‍ മനസ്സില്‍ പേറി നടക്കുന്നവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഉത്തരവാദപ്പെട്ടവര്‍ക്കാവുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിഷയം പഠിക്കാന്‍ മൂന്നംഗ കമ്മീഷനെ വെച്ചിട്ടുണ്ടെന്നു പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവാദപ്പെട്ടവരോ സി.പി.എം നേതാക്കളോ ഇത് അറിഞ്ഞ മട്ടുപോലുമില്ല. വലിയ നവോത്ഥാനം നേടിയെടുത്തുവെന്നു അവകാശപ്പെടുന്ന കേരളത്തിലാണ് ജാതിയുടെ പേരില്‍ ഇത്തരം വിവേചനങ്ങള്‍ നടക്കുന്നുവെന്നത് ആരെയാണ് ലജ്ജിപ്പിക്കാത്തത്? പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നു ഊറ്റംകൊള്ളുന്ന എസ്.എഫ്.ഐ സമരത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ ഒപ്പം നില്‍ക്കാനോ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ശബരിമല സ്ത്രീ പ്രവേശന പ്രശ്‌നത്തില്‍ നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ സംഘടിപ്പിച്ച സി.പി.എമ്മിനു ജാതിവിവേചനം ഒരു പ്രശ്‌നമല്ലയെന്നല്ലെ ഇത് തെളിയിക്കുന്നത്.
സി.പി.എം ചരിത്രം പരിശോധിച്ചാല്‍ താഴ്ന്ന ജാതിക്കാരെ തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമായി മാറ്റിനിര്‍ത്താനാണ് പാര്‍ട്ടിയെന്നും ശ്രമിച്ചുപോന്നിട്ടുള്ളതെന്നു കാണാവുന്നതാണ്. പുറമേക്ക് എത്ര പുരോഗമനം ചമയാന്‍ ശ്രമിച്ചാലും സി.പി.എമ്മിന്റെ മിക്ക നേതാക്കളിലും ജാതി മന:സ്ഥിതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1950ല്‍ ഇന്ത്യന്‍ ഭരണഘടന അസ്പൃശ്യതയെ നിര്‍മാര്‍ജനം ചെയ്തതായി പ്രഖ്യാപനമുണ്ടായെങ്കിലും ജാതി നിര്‍മാര്‍ജനം മുഖ്യ ലക്ഷ്യമായി സി.പി. എമ്മും സി.പി.ഐയും കണ്ടിട്ടില്ല. സവര്‍ണ താല്‍പര്യ സംരക്ഷണത്തിനാണ് ഈ പാര്‍ട്ടികള്‍ എന്നും മുന്‍ഗണന നല്‍കിയത്. 2019 ജനുവരി 9ാം തിയതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ലു.എസ്) സംവരണമേര്‍പ്പെടുത്തിയുള്ള ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയപ്പോള്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ ആദ്യം കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അത് നടപ്പിലാക്കിയത് ഉദാഹരണം മാത്രം.
ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ പോലെയുള്ളവര്‍ അപ്രമാദിത്വത്തോടെ വാണ പാര്‍ട്ടിയാണ് സി.പി.എം. അത്തരമൊരു പാര്‍ട്ടിയില്‍നിന്ന് ഇപ്രകാരമല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇ.എം.എസിനുള്ള ഈ അപ്രമാദിത്വത്തിന് കാരണം അദ്ദേഹം ബ്രാഹ്മണനായിരുന്നത് കൊണ്ടാണെന്നു വിലയിരുത്തുന്ന ധാരാളം എഴുത്തുകാരുണ്ട്. 1964 മുതല്‍ ഇ.എം.എസ് മരിക്കുന്നത് വരെ സി. പി.എമ്മിന്റെ എല്ലാമെല്ലാം അദ്ദേഹമായിരുന്നു. പാര്‍ട്ടിയില്‍ തനിക്ക് ചുറ്റും കറങ്ങുന്ന കുറെ ശിങ്കിടികളെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. തന്നിലെ ബ്രാഹ്മണ്യം അതിനു അദ്ദേഹം ഉപയോഗിച്ചുവെന്നത് പരസ്യമായ ചരിത്രം. ടി.വി തോമസിനെ പോലെയുള്ള ജനകീയരായ അനവധി നേതാക്കളുണ്ടായിട്ടും 1957 ല്‍ ഇ.എം.എസ് മുഖ്യമന്ത്രിയായത് അതുകൊണ്ടാണ്. അക്കാലങ്ങളില്‍ ഇ.എം.എസ് എന്നാല്‍ പാര്‍ട്ടിയും പാര്‍ട്ടിയെന്നാല്‍ ഇ.എം.എസും ആയിരുന്നു. സവര്‍ണനായ ഇ.എം.എസ്സിനു ‘ബുദ്ധിരാക്ഷസന്‍’ എന്ന വിശേഷണം കേരള രാഷ്ട്രീയം ചാര്‍ത്തികൊടുത്തു. താന്‍ വലിയ ചിന്തകനും പണ്ഡിതനുമാണെന്ന ഒരു ‘മിഥ്യ’ സൃഷ്ടിക്കാനും വ്യാപകമായി പ്രചരിപ്പിക്കാനും അദ്ദേഹം തന്നെ നേതൃത്വം കൊടുത്തു. കല, സാഹിത്യം, ചരിത്രം എന്നു വേണ്ട സൂര്യനു കീഴിലുള്ള ഏതു കാര്യത്തെ കുറിച്ചും അദ്ദേഹം ‘അഭിപ്രായം’ പറഞ്ഞു. അതിനു മാധ്യമങ്ങള്‍ വലിയ ‘തലക്കെട്ട്’ കൊടുത്തു. സവര്‍ണജാതി താല്‍പര്യങ്ങളെയും ബ്രാഹ്മണിക മൂല്യങ്ങളെയും മാര്‍ക്‌സിസ്റ്റുവത്കരിച്ചു അവതരിപ്പിക്കാനുള്ള ഇ.എം.എസ്സിന്റെ കഴിവാണ് അദ്ദേഹത്തെ ബുദ്ധിരാക്ഷസനാക്കിയത്. ബി.ആര്‍ അംബേദ്കര്‍, ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍, അയ്യന്‍കാളി തുടങ്ങിയവരെയെല്ലാം ‘സാമ്രാജ്യത്വ പാദസേവകര്‍’ എന്നായിരുന്നു ഇ.എം.എസ് വിളിച്ചിരുന്നത്. ഇതില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ സവര്‍ണ മന:സ്ഥിതി മനസ്സിലാക്കാം.
‘സാമ്പത്തിക സംവരണം’ എന്ന സവര്‍ണവാദം 1957ല്‍ തന്നെ ഇ.എം.എസ് സി. പി.എമ്മില്‍ ഉയര്‍ത്തിയിരുന്നു. ‘ക്രീമിലെയര്‍’ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട ഈ സംവരണത്തിന്റെ പിതൃത്വം പോലും ഇ.എം.എസ് അവകാശപ്പെട്ടിരുന്നു. ഇതില്‍ നിന്നെല്ലാം സവര്‍ണ താല്‍പര്യ സംരക്ഷണത്തിനു വേണ്ടിയായിരുന്നു പാര്‍ട്ടി കൂടുതലായും ശ്രമിച്ചിരുന്നതെന്നും അവര്‍ണരോടു മുഖം തിരിക്കുകയായിരുന്നുവെന്നും വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ ജാതി പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു. വര്‍ഗസമരത്തില്‍ മാത്രമാണ് അവര്‍ ഊന്നല്‍ നല്‍കിയത്. ‘ജാതി, തൊഴിലിനെ മാത്രമല്ല തൊഴിലാളികളെയും വിഭജിക്കുന്നതാണ്’ എന്ന അംബേദ്കര്‍ വാക്യം അവര്‍ക്ക് ഉള്‍കൊള്ളാനായില്ല. വര്‍ഗസമരം പൂര്‍ത്തിയാകുന്നതോടെ ജാതി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ വര്‍ഗസമരവും നടന്നില്ല, ജാതി പ്രശ്‌നം പരിഹരിക്കപ്പെട്ടതുമില്ല. ഇന്ത്യയിലെ പട്ടിണി പാവങ്ങളായ കോടികണക്കിനു ദലിതുകളെയും തൊഴിലാളികളെയും അഭിമുഖീകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചില്ല. ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന പാര്‍ട്ടി തകര്‍ന്ന്, ഇന്ന് കേരളത്തില്‍ മാത്രം അവശേഷിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു അവരെ വിളിക്കാന്‍ പോലും കഴിയാത്തവിധം അത് മുതലാളിത്ത പാര്‍ട്ടിയായി മാറിയിരിക്കുന്നു. ബ്രാഹ്മണര്‍ നിയന്ത്രിക്കുന്ന ഭരണകൂട മുതലാളിത്ത സമൂഹത്തിനു വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. അതുകൊണ്ടാണ് പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം ഉണ്ടായത്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ കോര്‍പറേറ്റ് ഭീമന്‍ അദാനിയുമായി ചങ്ങാത്തത്തിലാകുന്നത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് കെ റെയില്‍ പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ആര്‍.എസ്.എസ്സിന്റെയും ഇഷ്ടപ്പെട്ടവനായി പിണറായി വിജയന്‍ മാറുന്നതും ഇടതുഭരണത്തിനു ആര്‍.എസ്.എസിന്റെ നിരുപാധിക പിന്തുണ ലഭിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
കേരളത്തില്‍ ജാതി അയിത്താചാരങ്ങള്‍ക്കെതിരെ ധീരമായി പടപൊരുതി, നവോത്ഥാന മൂല്യങ്ങള്‍ മുറുകെപിടിക്കുന്ന ജനതയെ വാര്‍ത്തെടുക്കാന്‍ നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും അങ്ങനെ അധികാരത്തിലെത്തുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകള്‍. പക്ഷേ, പാര്‍ട്ടിയില്‍ നിന്നും ജാതി സവര്‍ണബോധം പുര്‍ണമായും തുടച്ചുനീക്കാന്‍ അവര്‍ക്കായില്ല. കെ. ആര്‍ ഗൗരിയമ്മയുടെ അനുഭവം അതിനുള്ള തെളിവാണ്. ‘കേരം തിങ്ങും കേരള നാട്, കെ.ആര്‍ ഗൗരി ഭരിച്ചിടും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടവര്‍ ഭരണം കിട്ടിയപ്പോള്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാത്ത സവര്‍ണനായ ഇ.കെ നായനാരെ കൊണ്ടുവന്നു മുഖ്യമന്ത്രിയാക്കി. പിന്നീട് ആദിവാസി ഭൂപ്രശ്‌നത്തിലുള്‍പ്പെടെ കൃത്യമായ നിലപാട് കൈകൊണ്ട ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഇപ്പോഴും സി.പി.എം കീഴില്‍ ദലിത് സമൂഹത്തിനു വേണ്ടി പ്രത്യേകം സംഘടനയുണ്ട്. ദലിതുകളുടെ പുരോഗതിയും ക്ഷേമവുമല്ല അതിന്റെ ലക്ഷ്യം. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആസൂത്രിത അറുകൊല നടത്താനും അക്രമാസക്ത സമരങ്ങളിലൂടെ പാര്‍ട്ടിയുടെ ചാവേറുകളാകാനും ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐയെയും മുന്‍കാലങ്ങളെ പോലെ ഇപ്പോള്‍ കിട്ടുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ ലാത്തിചാര്‍ജും ജയില്‍വാസവും ഏറ്റുവാങ്ങാന്‍ പാര്‍ട്ടിക്ക് പുതിയ ചാവേറുകള്‍ വേണം. അതിനു ദലിതുകളെ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ദലിത് സ്‌നേഹവും കാരുണ്യവുമൊക്കെ ഇടക്കിടെ സി.പി.എം നേതാക്കള്‍ പുറത്തെടുക്കും.
ബി.ജെ.പിയും ദലിതുകളോട് സമാന സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. ദലിത് സമൂഹത്തെ ഹിന്ദുവായി പോലും അവര്‍ അംഗീ
കരിച്ചിട്ടില്ല. ദലിതുകള്‍ക്ക് അവരുടെ അസ്തിത്വം പോലും വകവെച്ചു കൊടുത്തിട്ടില്ല. വോട്ടിനു വേണ്ടിയും തങ്ങള്‍ക്ക് അടിമപ്പണി ചെയ്യുന്നതിനു വേണ്ടിയും അവരെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു.1993ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍, ബാബരി മസ്ജിദ് പ്രക്ഷോഭം ആരംഭിച്ച് ദലിതരെ ഹിന്ദുത്വ പാളയത്തിലേക്ക് ആട്ടിതെളിയിച്ചു കൊണ്ടുപോയി. ഗുജറാത്ത് വംശഹത്യയില്‍ ആദിവാസികളെയും ദലിതുകളെയും ബി.ജെ.പി സമര്‍ത്ഥമായി ഉപയോഗിച്ചു. സ്വത്വപരമായ തിരിച്ചറിവ് ഇന്നും പൂര്‍ണമായി അവര്‍ നേടിയിട്ടില്ലയെന്നതിനു തെളിവാണിതെല്ലാം.
വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും ഫലമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ ശവങ്ങള്‍ കുഴിച്ചുമൂടലും തുകല്‍പ്പണിയും മനുഷ്യമലം ചുമക്കുകയും ചെയ്യുന്ന ‘ഉദ്യോഗത്തിലേക്ക്’ ദലിതുകളെ കേരളത്തിലും എത്തിക്കണമെന്നു കണക്ക്കൂട്ടുന്ന ചില കുടില മനസ്സുകളുണ്ട്. അവര്‍ക്ക് കടിഞ്ഞാണിടേണ്ടതായിട്ടുണ്ട്. ജാതി സാമൂഹിക ക്രമത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സാമൂഹിക നീതിയും മാനവികതയും നടപ്പിലാക്കുകയെന്നുള്ളതാണ് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നു തിരിച്ചറിയാന്‍ സര്‍ക്കാരിനാവണം.