Connect with us

Sports

‘പന്ത് ഞാന്‍ കൈ കൊണ്ട് തൊട്ടിരുന്നു’ – തുറന്നു സമ്മതിച്ച് മാഴ്‌സലോ

Published

on

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിനിടെ സ്വന്തം ബോക്‌സില്‍ വെച്ച് താന്‍ പന്ത് കൈകൊണ്ട് തൊട്ടിരുന്നുവെന്ന് റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാഴ്‌സലോയുടെ സ്ഥിരീകരണം. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയും ഇരുപാദങ്ങളിലുമായി 4-3 സ്‌കോറിന് റയല്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. അതിനിടെ ഒന്നാം പകുതിയില്‍ ബയേണിന്റെ ഗോള്‍ ശ്രമം മാഴ്‌സലോ കൈകൊണ്ട് തടഞ്ഞിട്ടും റഫറി പെനാല്‍ട്ടി അനുവദിക്കാത്തത് വിവാദമായിരുന്നു.

സ്‌കോര്‍ 1-1 ല്‍ നില്‍ക്കെയാണ് വലതു വിങില്‍ നിന്ന് ജോഷ്വ കിമ്മിച്ച് നല്‍കിയ ക്രോസ് തടയാനുള്ള ശ്രമത്തില്‍ മാഴ്‌സലോ പന്ത് കൈകൊണ്ട് തൊട്ടത്. പന്ത് തടയാനുള്ള ചാട്ടത്തില്‍ മാഴ്‌സലോ കൈ ഉപയോഗിക്കുന്നത് റീപ്ലേകളില്‍ വ്യക്തവുമായിരുന്നു. ബയേണ്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തിട്ടും തുര്‍ക്കിക്കാരനായ റഫറി പെനാല്‍ട്ടി അനുവദിക്കാന്‍ തയ്യാറായില്ല.

‘പന്ത് എന്റെ കൈയില്‍ തൊട്ടിട്ടില്ല എന്ന് പറയാന്‍ എനിക്കു കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ ഞാനൊരു കള്ളനാകും.’ മത്സര ശേഷം മാഴ്‌സലോ പറഞ്ഞു. ബയേണില്‍ നിന്ന് കടുത്ത മത്സരമാണ് നേരിട്ടതെന്നും ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും ബ്രസീലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍കീപ്പര്‍ സ്വെന്‍ ഉള്‍റിക് വരുത്തിയ ഭീമാബദ്ധമാണ് ബയേണിന് തിരിച്ചടിയായത്. പ്രതിരോധ താരം പിന്നോട്ട് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഉള്‍റിക് വീഴ്ച വരുത്തിയപ്പോള്‍ കരീം ബെന്‍സേമ പന്ത് തട്ടിയെടുത്ത് ഗോളടിക്കുകയായിരുന്നു. ഹാമിസ് റോഡ്രിഗസ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും വിജയ ഗോളിനുള്ള ബയേണിന്റെ ശ്രമങ്ങള്‍ക്കു മുന്നില്‍ റയല്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും ഉറച്ചുനിന്നു.

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

kerala

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം: നിലവിലെ മാനദണ്ഡപ്രകാരം അനസ് എടത്തൊടിക ജോലിക്ക് അര്‍ഹനല്ലെന്ന് കായിക മന്ത്രി

അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡപ്രകാരം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാനാകില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍.

പൊതുഭരണവകുപ്പിന്റെ 2021ലെ വിജ്ഞാപനപ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Continue Reading

Football

വീണ്ടും വില്ലനായി പരിക്ക്; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്, പകരം എന്‍ഡ്രിക്ക്‌

പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

Published

on

ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബ്രസീല്‍ ദേശീയ ടീം ജഴ്‌സിയില്‍ കളിക്കാമെന്ന സൂപ്പര്‍താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകന്‍ ഡൊറിവാള്‍ ജൂനിയര്‍ പ്രഖ്യാപിച്ച 23 അംഗ ടീമില്‍ നെയ്മറും ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 21ന് ബ്രസീലിയയില്‍ കൊളംബിയയെ നേരിടുന്ന ബ്രസീല്‍, 25ന് ബ്യൂണസ് ഐറിസില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടും.

‘തിരിച്ചുവരവിന്റെ പടിവാതില്‍ക്കലായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ പ്രിയപ്പട്ടെ ടീമിന്റെ ജഴ്‌സി ധരിക്കാന്‍ ഇനിയും കാത്തിരിക്കണം. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ, നിലവില്‍ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരിയില്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് സഊദിയിലെ അല്‍ഹിലാല്‍ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

സൂപ്പര്‍താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. താരത്തിന്റെ അഭാവത്തില്‍ റയല്‍ മഡ്രിഡിന്റെ കൗമാരതാരം എന്‍ഡ്രിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗോള്‍ കീപ്പര്‍ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫന്‍ഡര്‍ ഡാനിലോക്കു പകരം ഫ്‌ലെമിംഗോയുടെ അലക്‌സ് സാന്‍ഡ്രോയും ടീമിലെത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുകയാണ് ടീം. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 18 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.

Continue Reading

Trending