Connect with us

kerala

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരപൂര്‍വതയാണ്; മനോജ് കുറൂരിന്റെ കുറിപ്പ്

കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്‍ തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്.

Published

on

മനോജ് കുറൂര്‍

ഞാന്‍ ഇവിടെ പറയുന്ന ഒരു വാക്കുപോലും വേണ്ട രീതിയില്‍ മനസ്സിലാക്കപ്പെടും എന്നു പ്രതീക്ഷയില്ല; പ്രത്യേകിച്ച്, ഞാന്‍ എഴുതിയ മുറിനാവ് എന്ന നോവലിനെക്കുറിച്ച്, ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍, തിങ്കളാഴ്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്ന സന്ദര്‍ഭത്തില്‍. അതിന്റെ കാരണം ആദ്യം പറയാം. ഈ നോവല്‍ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഏറ്റവുമധികം ഞാന്‍ സംസാരിച്ചിട്ടുള്ള ഒരാള്‍ അദ്ദേഹമാണ്. അതിനും കുറച്ചു കാലം മുന്‍പുവരെ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അതു മുറിഞ്ഞു പോയി. പക്ഷേ പില്ക്കാലത്തൊരിക്കല്‍ ഭാഷ തെറ്റുകൂടാതെയെഴുതാന്‍ പോലും അറിയാത്ത വിദ്യാര്‍ത്ഥികളും അവരെ തിരുത്താത്ത അദ്ധ്യാപകരുമുള്ള വിദ്യാലയങ്ങളില്‍ തന്റെ കവിതകള്‍ പഠിപ്പിക്കേണ്ടതില്ല എന്നദ്ദേഹം പ്രസ്താവിച്ചപ്പോള്‍, അദ്ദേഹത്തോട് പൂര്‍ണമായും യോജിച്ചുകൊണ്ട് മനോരമ ഓണ്‍ലൈനിലൂടെ ഞാനും പ്രതികരിച്ചിരുന്നു. അതു പ്രസിദ്ധീകരിച്ചു വന്ന ദിവസം രാവിലെ അദ്ദേഹം വിളിച്ചു. ‘മനോജേ, നിന്റെ വര്‍ഗ്ഗത്തെപ്പോലെ ആത്മവഞ്ചകര്‍ വേറെയില്ല’ എന്നു പറഞ്ഞായിരുന്നു തുടക്കം. അദ്ദേഹം അങ്ങനെ പറയാനിടയായ സാഹചര്യത്തെക്കുറിച്ച് വളരെ ക്ഷോഭത്തോടെ സംസാരിച്ചു. തീര്‍ച്ചയായും ആ ക്ഷോഭകാരണം മനസ്സിലായതുകൊണ്ട് ഞാന്‍ കേട്ടു നിന്നതേയുള്ളൂ. ഒടുവില്‍ അദ്ദേഹം പറഞ്ഞു: ‘പക്ഷേ മനോജ് അതിനെ പിന്തുണച്ചത് എന്നെ അമ്പരപ്പിച്ചു.’

പിന്നീടുള്ള ഫോണ്‍ സംസാരങ്ങളില്‍നിന്ന് ആ മനുഷ്യനെ, കവിയെ, ധിഷണാശാലിയെ കുറേയൊക്കെ അടുത്തറിയാനായി. വാല്മീകിയും കാളിദാസനും ഹോമറും ഷേക്‌സ്പിയറും എലിയറ്റും യേറ്റ്‌സും സെസാര്‍ വയെഹോയും നെരൂദയും എഴുത്തച്ഛനും ആശാനും വള്ളത്തോളും ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും ഒളപ്പമണ്ണയും ഉള്‍പ്പെടെ നിരവധി കവികള്‍ എഴുതിയ മികച്ച കവിതകളെല്ലാം അദ്ദേഹത്തിനു ഹൃദിസ്ഥം. ദസ്തയവ്‌സ്‌കിയുടെയും കസാന്‍ദ്‌സാക്കീസിന്റെയും സി വി രാമന്‍പിള്ളയുടെയുമൊക്കെ നോവലുകളില്‍നിന്നുള്ള നിരവധി സന്ദര്‍ഭങ്ങളും മനഃപാഠം.

തന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള വൈലോപ്പിള്ളി മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള മുതിര്‍ന്ന കവികളോട് തികഞ്ഞ ആദരവ്, ജീവിതത്തില്‍ സഹായിച്ച എല്ലാവരോടുമുള്ള തീരാത്ത കടപ്പാട്, മനുഷ്യബന്ധങ്ങളോട് തീവ്രമായ മമത, സൗഹൃദങ്ങളിലുള്ള വിശ്വാസം എന്നിങ്ങനെ അദ്ദേഹത്തിന്റെ നിരവധി പ്രത്യേകതകള്‍ ഇക്കാലത്ത് തിരിച്ചറിയാനായി. ഞാന്‍ നോവല്‍ എഴുതുന്ന കാലമായതിനാല്‍, തത്ത്വചിന്ത അതിലൊരു പ്രധാനവിഷയമായതിനാല്‍, ആ മേഖലയെപ്പറ്റി ഇടയ്‌ക്കൊരിക്കല്‍ സംസാരം വന്നപ്പോഴാണ് ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടത്. പൗരസ്ത്യവും പാശ്ചാത്യവുമായ തത്ത്വചിന്തകളിലെ വളരെ സങ്കീര്‍ണ്ണമായ സങ്കല്പനങ്ങളില്‍പ്പോലും അദ്ദേഹത്തിനു വ്യക്തവും സൂക്ഷ്മവുമായ ജ്ഞാനമുണ്ട്. പിന്നീട് പലപ്പോഴായി എന്റെ നിരവധി സംശയങ്ങള്‍ അദ്ദേഹം തീര്‍ത്തുതരികയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങള്‍ വലിയ തുണയായി. കലകളെക്കുറിച്ചുള്ള സൂക്ഷ്മധാരണയാണ് അതിലേറെ അദ്ഭുതം. ഹിന്ദുസ്ഥാനി-കര്‍ണാടക സംഗീതരംഗങ്ങളില്‍ പണ്ടുതൊട്ടേയുള്ള സംഗീതജ്ഞരുടെ ആലാപനങ്ങള്‍ ചിരപരിചിതം. കഥകളിയും നാഗസ്വരവും കൂടിയാട്ടവും നാടകവും സിനിമയും അതേപോലെതന്നെ ഇഷ്ടമേഖലകള്‍. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പറയാറില്ല. സ്വന്തം കവിതയെ മഹത്വവത്കരിച്ച് ഒരു വാക്കുപോലും പറഞ്ഞതായി ഓര്‍മ്മയില്ല. മറ്റുള്ളവരുടെ മികച്ച കവിതകള്‍ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ തൊണ്ടയിടറുകയും ക്ലാസ്സിക് കൃതികളിലെ മനുഷ്യാവസ്ഥകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന ഈ മനുഷ്യന്റെ ആത്മാര്‍ത്ഥതയും നിഷ്‌കപടമായ സ്‌നേഹവും എത്രയോ തവണയാണ് അറിയാന്‍ ഇടയായിട്ടുള്ളത്!

ഇതേ സ്വഭാവത്തിന്റെ ഭാഗമായ മറ്റു ഘടകങ്ങളാണ് അദ്ദേഹത്തെ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങള്‍ക്കും കാരണം എന്നു തോന്നുന്നു. ഡിപ്ലോമസി അദ്ദേഹത്തിനു വശമില്ല. ആത്മാര്‍ത്ഥതയില്ലാത്ത പുകഴ്ത്തലുകളില്‍ വീഴില്ല. തന്നെ അളക്കാനും സ്വാതന്ത്ര്യത്തില്‍ ഇടപെടാനും വരുന്നവരോട് ക്ഷോഭിക്കുകയും ചെയ്യും. ഓരോന്നും ആവര്‍ത്തിച്ചു പരീക്ഷിച്ചറിയും. അങ്ങനെ ബോധ്യപ്പെട്ട മറ്റുള്ളവരുടെ ഗുണങ്ങളെ അംഗീകരിക്കാനും സ്വയം വിനീതനാവാനും ഒരു മടിയുമില്ല. വളരെ സാധാരണക്കാരായ ആളുകളുടെ ചില ഇടപെടലുകളില്‍ തന്റെ തെറ്റു സമ്മതിച്ച് കാല്ക്കല്‍ വീണ കഥകളും അദ്ദേഹം ധാരാളം പറഞ്ഞിട്ടുണ്ട്.

കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്‍ തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്. വാക്കുകളോടും ഭാഷയോടുമുള്ള കരുതല്‍ അത്രത്തോളമുണ്ട്. ഈ സ്വയംസമര്‍പ്പണം എല്ലാറ്റിലും കാണാം. ക്ഷോഭിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോഴും അതുണ്ടാവും.

വ്യക്തിപരമായ അനുഭവങ്ങള്‍ ഇനിയുമേറെയുണ്ടെങ്കിലും ഞാന്‍ അതു വിവരിക്കാന്‍ തുനിയുന്നില്ല. അദ്ദേഹവുമായുള്ള അടുപ്പം മുതലെടുക്കരുത് എന്ന് എനിക്കും നിര്‍ബന്ധമുണ്ട്. എങ്കിലും ഞാന്‍ തോറ്റുപോയ ഒരനുഭവം പറയാം. ഞാന്‍ നോവല്‍ എഴുതിത്തീര്‍ന്നപ്പോള്‍ എന്നെക്കാള്‍ സന്തോഷിച്ചത് അദ്ദേഹമാണ്. നോവല്‍ വായിക്കാന്‍ താത്പര്യപ്പെട്ടതനുസരിച്ച് ഞാന്‍ അയച്ചുകൊടുത്തപ്പോള്‍ അതു പ്രിന്റൗട്ട് എടുത്തു സൂക്ഷ്മമായി വായിക്കുകയും ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എടുത്തു പറയുകയും വേണ്ടത്ര മിഴിവില്ലാത്ത ഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഞാന്‍ പിന്നെയും പല തവണ തിരുത്തി. അതു വാരികയില്‍ വന്നപ്പോഴും ചില നിരീക്ഷണങ്ങള്‍ പങ്കു വച്ചു. നോവല്‍ പുസ്തകമാക്കിയപ്പോള്‍ ഞാന്‍ അയച്ചുകൊടുത്തു. അതു മുഴുവന്‍ ആഴ്ചകളെടുത്തു വീണ്ടും വായിക്കുകയാണ് അദ്ദേഹം ചെയ്തത്. പുസ്തകത്തെക്കുറിച്ചു സംസാരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച താത്പര്യം എന്നെ വിനീതനാക്കുന്നു. അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ പറയുന്നില്ല.

ഇപ്പോഴത്തെ ഈ ചര്‍ച്ച എന്നെ അമ്പരപ്പിക്കുന്നു. രണ്ടു വര്‍ഷം മുന്‍പു നടന്ന ഒരു പരിപാടിയില്‍നിന്നുള്ള ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വീണ്ടും അവതരിപ്പിച്ച് അത് ഇപ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഈ തമാശ അവിടെ നില്ക്കട്ടെ. അദ്ദേഹം ആ പരിപാടിക്കുശേഷം സാഹിത്യോത്സവങ്ങളില്‍ സംസാരിക്കാറുമില്ല. അതിനൊന്നും താത്പര്യമില്ലെന്നു തോന്നുന്നു. കാരണം, ലക്ഷങ്ങള്‍ വായിക്കുന്ന ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിലേക്ക് അഭിമുഖം ചോദിച്ചപ്പോള്‍ നിരസിക്കുന്നതിനു ഞാന്‍ സാക്ഷിയാണ്. താത്പര്യമില്ലാത്ത മേഖലകളില്‍നിന്നു സ്വയം ഒഴിഞ്ഞുനടക്കാന്‍ ശ്രമിക്കുന്ന ഒരാളെ അദ്ദേഹത്തിന്റെ വഴിക്കുവിടുക. അദ്ദേഹത്തോടു ചോദ്യങ്ങള്‍ ചോദിക്കുന്നുവെങ്കില്‍ അവയ്ക്കുള്ള മറുപടി എങ്ങനെയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം എന്നു പറഞ്ഞാല്‍ സമ്മതമാവില്ലെങ്കില്‍, അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാനുള്ള വിവേകം കാണിക്കുകയെങ്കിലും വേണം. കാരണം, ഇത്തരം മാനുഷികമായ ബലങ്ങളും ദൗര്‍ബല്യങ്ങളും വികാരവിക്ഷോഭങ്ങളുമെല്ലാം ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ കവിത. ആ കവിത ഇഷ്ടമാണ്, പക്ഷേ ആ കവിതകള്‍ക്കു കാരണമായ മറ്റൊന്നും ഇഷ്ടമല്ല എന്നു പറയുന്നതില്‍ എന്തു കഥയാണുള്ളത്?

ഞാന്‍ ഇത്രയൊക്കെ എഴുതിയതുകൊണ്ട് അദ്ദേഹത്തിനുമേല്‍ എന്തെങ്കിലും അധികാരം എനിക്കുണ്ടെന്നോ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അടുപ്പമുണ്ടെന്നോ ദയവായി ധരിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്‍ വളരെ കുറച്ചേ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളൂ. പരദൂഷണം പറയാനോ മറ്റുള്ളവരെ വിലയിരുത്താനോ സ്വയം അടുപ്പം സ്ഥാപിക്കാനോ ഒന്നുമല്ല, സമാനതാത്പര്യങ്ങള്‍ പങ്കിടാനും കൂടുതല്‍ അറിയാനുമാണ് ഈ സൗഹൃദം എന്നെ സഹായിച്ചിട്ടുള്ളത്. അദ്ദേഹത്തെപ്പറ്റി ഇവിടെ പറഞ്ഞതെല്ലാം എനിക്കു പലതവണ ബോധ്യപ്പെട്ട കാര്യങ്ങളാണ്. സന്ദര്‍ഭം ഇതായതുകൊണ്ട് വിസ്തരിച്ചെഴുതി എന്നു മാത്രം. ‘സ്വസ്ഥിതിതന്‍ മറുപുറം തപ്പും മര്‍ത്ത്യനീതി’യുടെ പ്രഭാവകാലത്ത് വാക്കുകള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്നറിഞ്ഞുകൂടല്ലോ.

 

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

kerala

എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു; ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 232 പേര്‍ അറസ്റ്റില്‍

വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു

Published

on

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Continue Reading

kerala

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

Published

on

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അച്ഛനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.

Continue Reading

Trending