Connect with us

india

‘മണിപ്പൂർ കത്തുന്നു, സഹായിക്കണമെന്ന്’ മേരി കോം; സൈന്യം രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്‍റെ ട്വീറ്റ്.

Published

on

മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെ തുടർന്നുണ്ടായ പ്രതിഷേധം ശക്തമായ മണിപ്പൂരിലെ ചിലയിടങ്ങളിൽ ഇപ്പോഴും അക്രമസംഭവങ്ങൾ തുടരുന്നതായി റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യം ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി. ഇംഫാൽ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ എട്ട് ജില്ലകളിൽ ഇന്നലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു. അക്രമം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിനെയും വിളിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്ന് ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി.

അക്രമത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും 7500 ഓളം പേർക്ക് അഭയം നൽകി.മണിപ്പൂരിലെ ജനസംഖ്യയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്,” സൈനികാധികൃതർ പ്രസ്താവനയിൽ പറഞ്ഞു.പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മുഖ്യമന്ത്രി സിങ്ങുമായി സംസാരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്രം റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീമുകളെ അയച്ചിട്ടുണ്ട്.

‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ.’’ –ഇതിനിടെ ബോക്സിങ് ഇതിഹാസം മേരി കോം ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്‍റെ ട്വീറ്റ്.

 

 

india

ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുത്: സുപ്രിംകോടതി

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

on

ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.

 

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published

on

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നടപടിക്കെതിരെ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.

 

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

Trending