Connect with us

india

മണിപ്പൂര്‍: രാജി നാടകം കൃത്യമായ ആസൂത്രണത്തോടെ, രാജി വെക്കാന്‍ പദ്ധതിയില്ലായിരുന്നുവെന്ന് ബി.ജെ.പി

കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്‍കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം.

Published

on

ന്യൂഡല്‍ഹി: കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്‍കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം. തനിക്ക് ഇപ്പോഴും ജനപിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനായിരുന്നു ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു നാടകം അരങ്ങേറിയതെന്നാണ് പ്രധാന വിമര്‍ശനം. ബിരേന്‍ സിങ് രാജി വെക്കാന്‍ പദ്ധതിയില്ലായിരുന്നു എന്ന് ബിജെപി കേന്ദ്ര നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവ വികാസങ്ങളില്‍ ബിജെപിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നടന്നത് എല്ലാവരും അറിഞ്ഞു കൊണ്ടുള്ള നാടകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ എന്‍.ബിരേന്‍ സിങ് മണിപ്പൂര്‍ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടുകയും ചെയ്തു. രാജിവെക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. മെയ്തി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.

വൈകീട്ട് നാലോടെ ബിരേന്‍ സിങിന്റെ ട്വീറ്റ് പുറത്തുവരികയും ചെയ്തു. ”ഈ നിര്‍ണായക ഘട്ടത്തില്‍, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ കാബിനറ്റ് മന്ത്രി എല്‍. സുസിന്ദ്രോ മെയ്‌തേയ് മുഖ്യമന്ത്രിയുടെ രണ്ട് വരി രാജിക്കത്ത് അനുഭാവികളുടെ മുന്നില്‍ കീറിയെറിഞ്ഞു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തികള്‍ക്ക് എസ്.ടി സംവരണം നല്‍കാനുള്ള സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കുകി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് കലാപം ഉണ്ടായത്. കലാപത്തില്‍ ഇതുവരെ 133 പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവന രഹിതരാവുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറു കണക്കിന് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനായലങ്ങളും സ്‌കൂളുകളും കലാപകാരികള്‍ അഗ്നിക്കിരയായിക്കിയിട്ടുണ്ട്. അക്രമങ്ങളില്‍ ദിനംപ്രതി മരണങ്ങള്‍ വര്‍ധിച്ചതോടെ മെയ്തി സ്ത്രീകളുടെ ഒരു വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയ പ്രതിരോധ നീക്കങ്ങള്‍ ബിരേന്‍ സിങ് ശക്തമായത്.

എന്നാല്‍, വ്യാഴാഴ്ച രാത്രിമുതല്‍ തന്നെ രാജി നടകത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടന്നിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ രാജി നീക്കങ്ങള്‍ തടയാന്‍ വാര്‍ത്ത പുറത്തുവരുന്നതിന് മുന്‍പ് വെള്ളിയാഴ്ച രാവിലെ മുതല്‍ പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഉണ്ടായിരുന്നു. ബിരേന്‍ സിങിന് വലിയ സ്വാധീനമുള്ള തലസ്ഥാന നഗരത്തിലെ ഹെയംഗാന്‍, വാങ്‌ഖേയ്, സിങ്ജമേയ്, കക്വ, ഖുറൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് രാത്രി വൈകി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിഷേധക്കാരെ സംഘടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കലാപം അവസാനിപ്പിക്കാന്‍ ഇടപെടാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം ശക്തമായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബിജെപിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ മെയ്തി സമുദായത്തില്‍പ്പെട്ട എട്ട് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മണിപ്പൂര്‍ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ രാജിവെക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വം ബിരേന്‍ സിങിന് മുന്നില്‍ വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

india

പരീക്ഷയേയും പേടി; യു.പിയിലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ആർ.എസ്.എസിനെതിരെ ചോദ്യമുണ്ടാക്കിയെന്ന് ആരോപണം; പരീക്ഷാ മൂല്യനിർണയ ജോലികളിൽ നിന്നും അധ്യാപികക്ക് വിലക്ക്

മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയില്‍ ആര്‍.എസ്.എസിനെയും തീവ്രവാദ സംഘടനയെയും ബന്ധിപ്പിച്ച് ചോദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് അധ്യാപികക്ക് നേരെ നടപടി. മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

ഏപ്രില്‍ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു ചോദ്യപേപ്പര്‍ ഉണ്ടായിരുന്നതായി ആരോപണങ്ങളുയര്‍ന്നു. പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറെ, ചൗധരി ചരണ്‍ സിങ് സര്‍വകലാശാല അധികൃതര്‍ എല്ലാ പരീക്ഷാ, മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കി.

ചോദ്യ പേപ്പറില്‍ ജാതിയും മതവും രാഷ്ട്രീയ ഉയര്‍ച്ചക്കായി ഉപയോഗിക്കുന്ന സംഘടനകളെക്കുറിച്ച് ചോദ്യം ചോദിക്കുകയും അതില്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് വിമര്‍ശനം. ചോദ്യത്തില്‍ നക്‌സലൈറ്റുകള്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ദാല്‍ ഖല്‍സ എന്നിവയ്‌ക്കൊപ്പം ആര്‍.എസ്.എസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്.

സംഭവം പ്രചരിച്ചതോടെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങള്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയുടെ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

മീററ്റ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ സീമ പന്‍വാര്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് സര്‍വകലാശാല കണ്ടെത്തി. സീമ പന്‍വര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി സര്‍വകലാശാല രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ വര്‍മ പറഞ്ഞു. ഭാവിയില്‍ ഇനി സീമ പന്‍വര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വര്‍മ പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ചുള്ള ചോദ്യമുള്ള ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല പറഞ്ഞു.

Continue Reading

india

ജബല്‍പൂരില്‍ വൈദികരെ വിശ്വ ഹിന്ദു പരിശത്ത് ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍

നാല് ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

Published

on

ജബൽപൂരിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ക്രിസ്ത്യൻ സംഘടനകൾ. എഫ്ഐആർ വൈകിപ്പിച്ചതിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ. ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

ജബൽപൂരിൽ പൊലീസിന്റെ കൺമുമ്പിൽ നടന്ന മർദ്ദനത്തിൽ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 4 ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

അതേസമയം രണ്ടാം തീയതി തന്നെ കേസെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം പാർലമെന്റിൽ അടക്കം ചർച്ചയായ സാഹചര്യത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. എഫ്ഐആർ വൈകിപ്പിച്ചതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികർ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാവുകയാണ്.

Continue Reading

india

യോഗിയുടെ യു.പിയില്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം; വ്യാജ കുറ്റങ്ങള്‍ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ നടത്തി. ആളുകളെ വ്യാജ കുറ്റങ്ങള്‍ ചുമത്തി പൂട്ടുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ഇരയുടെ മകന്‍ ആദ്യത്തേത് ഒത്തുതീര്‍പ്പാക്കിയ ഉടന്‍ തന്നെ രണ്ടാമതും മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. ഇരകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ വ്യാജ പൊലീസ് സ്‌റ്റേഷന്റെ തനിനിറം പുറത്തുവന്നു.

കസ്ബ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പ്രതികളായ പൊലീസുകാര്‍ ആ പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയുടെ ഒരു ഭാഗം പിടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷന്റെ രൂപസാദൃശ്യത്തില്‍ വ്യാജ ലോക്കപ്പ് തീര്‍ത്തു. ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ ഹിമാന്‍ഷു തോമര്‍, മോഹിത് കുമാര്‍ എന്നിവര്‍ ഭിതൗര ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. വീട്ടില്‍ മയക്കുമരുന്നും അനധികൃത തോക്കുകളും സൂക്ഷിച്ചതായി ആരോപിച്ചു.

തന്റെ മകന്റെ സമീപത്തുള്ള കസേരയില്‍ അവര്‍ ഒരു തോക്ക് വെക്കുകയും കുറ്റങ്ങള്‍ ‘തെളിയിക്കാന്‍’ ഒരു വിഡിയോ ഷൂട്ട് ചെയ്തുവെന്നും കര്‍ഷകന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വീട്ടില്‍ വെച്ച് ഞാന്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വില്‍ക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അവര്‍ വീട് കൊള്ളയടിച്ചു. എന്നെ റബ്ബര്‍ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ടു. അത് ഒരു യഥാര്‍ത്ഥ പൊലീസ് സ്‌റ്റേഷനല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായില്ല’ കര്‍ഷകന്‍ പറഞ്ഞു.

‘അവര്‍ എന്റെ കുടുംബത്തില്‍ നിന്ന് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് നല്‍കി. പക്ഷേ അവര്‍ എന്നെ വിട്ടയച്ചില്ല. കൂടുതല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ മകന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ധൈര്യം സംഭരിച്ചു’വെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്.

ഫത്തേഗഞ്ച് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സര്‍ക്കിള്‍ ഓഫിസറെ അയച്ചുവെന്നും ലക്‌നോനൗവില്‍ നിന്ന് 260 കിലോമീറ്റര്‍ വടക്കുള്ള ബറേലിയിലെ സീനിയര്‍ സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

സര്‍ക്കിള്‍ ഓഫിസര്‍ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് അദ്ദേഹത്തിന്റെ മൊഴി എടുത്തു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചൗക്കി ഇന്‍ ചാര്‍ജിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.

അതിക്രമിച്ചു കടക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തെറ്റായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയും ചെയ്യുക, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണി, മനഃപൂര്‍വ്വം അപമാനിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മൂവരെയും സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്തിരിക്കുകയും ചെയ്തതായി ആര്യ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ സിങ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഹെറോയിന്‍ കടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു.പി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു പൊലീസുകാരന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടത്തിയില്ലെന്നും പേരു വെളിപ്പെടുത്തരുതെന്നറിയിച്ച് പൊലീസുകാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Continue Reading

Trending