Connect with us

india

രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ കലാപം പൊട്ടിപുറപ്പെട്ട് രണ്ട് മാസം പിന്നിട്ടിട്ടും സംഘര്‍ഷം തുടരുന്നു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുരിലുണ്ടായ വെടിവെപ്പില്‍ മൂന്നു മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍. പ്രദേശത്ത് നിരവധി തവണ വെടിവെപ്പുണ്ടായെന്നാണ് ഗ്രാമീണവാസികള്‍ പറഞ്ഞു. ഇംഫാല്‍ വെസ്റ്റിലും വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികള്‍ സ്ഥാപിച്ച ബങ്കറുകള്‍ സായുധരായ അക്രമികള്‍ ആക്രമിച്ചതായി ബിഷ്ണുപൂര്‍ പൊലീസ് സൂപ്രണ്ട് ഹൈസ്‌നം ബല്‍റാം സിങ് പറഞ്ഞു. പ്രദേശത്ത് ഏകദേശം 50000 പേരാണ് താമസിച്ചിരുന്നത്. കലാപം തുടങ്ങിയതിന് പിന്നാലെ ഭൂരിപക്ഷം ജനങ്ങളും ഗ്രാമം വിട്ടു പോയിരുന്നു.

സുരക്ഷക്കായുള്ള ചില വളണ്ടിയര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാമങ്ങളിലുള്ളത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്ന് മുതല്‍ കുക്കികള്‍ക്ക് സ്വാധീനമുള്ള മലനിരകളില്‍ നിന്നും തങ്ങള്‍ക്ക് നേരെ വെടിവെപ്പുണ്ടാകുന്നുണ്ടെന്നാണ് മെയ്‌തേയ് വിഭാഗത്തിന്റെ പരാതി. തങ്ങളുടെ സുരക്ഷക്കായി കേന്ദ്രസേനയുടെ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഖോയ്ജുമന്തബിയിലെ വെടിവെപ്പിനെ തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ കുക്കി ഗ്രാമങ്ങളായ ലാങ്‌സ, ചിംഗ്‌ലാങ്‌മെയി എന്നിവിടങ്ങളിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ ഗ്രാമീണ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ക്രിസ്ത്യന്‍ പള്ളി തകര്‍ക്കുകയും ചെയ്തതായി ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍. എഫ്) അറിയിച്ചു. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തെയ് വിഭാഗം ഇംഫാല്‍ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്.

ഗോത്രവര്‍ഗക്കാരായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനം മലയോര ജില്ലകളിലുമാണ് താമസം. മണിപ്പൂരില്‍ മെയ്‌തെയ്- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ 138 പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.

india

കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ല; ഹിമാന്‍ഷി നര്‍വാള്‍

ദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാന്‍ഷി പറഞ്ഞു.

‘എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് നമ്മള്‍ അനുവദിക്കാന്‍ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്‍ച്ചയായും നമുക്ക് നീതി വേണം’-ഹിമാന്‍ഷി പറഞ്ഞു.

ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്‍ഷി ഭര്‍ത്താവ് വിനയ് നര്‍വാളിനൊപ്പം പഹല്‍ഗാമില്‍ എത്തിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. നേവിയില്‍ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.

Continue Reading

india

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു

അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു.

Published

on

അജ്മീറിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഹോട്ടല്‍ നാസില്‍ തീപിടിത്തമുണ്ടായത്. അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.

ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

india

ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ചു; യുവാവിന് ദാരുണാന്ത്യം

പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്

Published

on

കര്‍ണാടകയില്‍ സുഹൃത്തുക്കളുമായി ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്. പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് ദിവസം മുന്‍പാണ് കാര്‍ത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
കാര്‍ത്തിക് സുഹൃത്തുക്കളോട് തനിക്ക് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. കുടിച്ച് കാണിച്ചാല്‍ 10000 രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ട് റെഡ്ഢി കാര്‍ത്തിക്കിനോട് പറഞ്ഞു. തുടര്‍ന്ന് ബെറ്റ് ജയിക്കാന്‍ കാര്‍ത്തിക് മദ്യം കഴിച്ചു. കോലാറിലെ മുല്‍ബാഗിലിലുള്ള ആശുപത്രിയിലാണ് ഗുരുതരാവസ്ഥയില്‍ കാര്‍ത്തിക്കിന്റെ പ്രവേശിപ്പിച്ചത്.

യുവാവിന്റെ സുഹൃത്തുക്കളായ വെങ്കട്ട റെഡ്ഡി, സുബ്രഹ്‌മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നംഗലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending