Connect with us

kerala

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയ ഇനി ഓർമ; ഖബറടക്കം നടത്തി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം

Published

on

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ ഖബറടക്കം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്.മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (കെ.എസ്.ഇ.ബി), ജസി, ഫസ്‌ന.

മമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ പള്ളിക്കണ്ടിയില്‍ ജനിച്ച മാമുക്കോയ (മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം) കോഴിക്കോട് എം.എം ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംരക്ഷിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ നാടകങ്ങളില്‍ അഭിനയം തുടങ്ങി. കല്ലായിയില്‍ മരം അളക്കല്‍ തൊഴിലായി സ്വീകരിച്ചപ്പോഴും നാടകം കൈവിട്ടില്ല. കെ.ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ.കെ പുതിയങ്ങാടി, കെ.ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’യിലൂടെയാണ് സിനിമയിലെത്തിയത്. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1982ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത ‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ അവസരം ലഭിച്ചതോടെ വീണ്ടും സിനിമയിലെത്തി. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയുടെ വെള്ളിത്തിരയിലെ നിത്യ സാന്നിധ്യമായി. നാനൂറോളം സിനിമകളില്‍ അഭിനയിച്ചു. കോഴിക്കോടന്‍ ഭാഷയുടെ നര്‍മം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം വിതറിയ അദ്ദേഹം, ഗൗരവതരമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കയ്യടിനേടി. സത്യന്‍ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തി. റാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകള്‍. സന്ദേശത്തിലെ പൊതുവാള്‍, കണ്‍കെട്ടിലെ കീലേരി അച്ചു, നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക…, മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ കഥാപത്രങ്ങളാണ് മാമുക്കോയ പ്രേക്ഷക ഹൃദയങ്ങളില്‍ കുടിയിരുത്തിയത്. ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ നായകനായി അഭിനയിച്ച ‘ഉരു’ ആണ് അവസാന ചിത്രം.

കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്നലെ വൈകിട്ട് മൂന്നുമണി മുതല്‍ രാത്രി പത്തു മണി വരെയും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരത്തില്‍ സിനിമ, നാടക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം സാധാരണക്കാരായ ആയിരങ്ങളും ആദരാഞ്ജലികളര്‍പ്പിച്ചു.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

kerala

എം.പോക്‌സ്; കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Published

on

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുകൂടി ഇന്നലെ എം.പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ജാഗത്ര നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. യു.എ.ഇയില്‍ നിന്ന് ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറില്‍ രാവിലെ വീട്ടിലെത്തി. ശേഷം വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്‍ പരിശോധനക്കെത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകീട്ട് ആറിന് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിയ രീതിയിലാണ് റൂട്ട് മാപ്പ്.

രണ്ട് എംപോക്‌സ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ യു.എ.ഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചിരുന്നു. എം പോക്‌സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

Trending