മാലെ: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കി പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ഉത്തരവ്. ഇതിനിടെ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ സൈന്യം, തലസ്ഥാന നഗരിയുടെ നിയന്ത്രണം ഏറ്റെടുത്തു.
അറസ്റ്റ് ചെറുക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവ് സ്വീകരിക്കരുതെന്നും സൈനിക, പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടതായും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ പറഞ്ഞു.
വന്‍ സൈനിക സന്നാഹമാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തമ്പടിച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അബ്ദുല്ല യമീനെ ഇംപീച്ച് ചെയ്യാന്‍ കളമൊരുങ്ങിയിരുന്നു. നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിന് യമീന്‍ പ്രസിഡണ്ട് പദം രാജിവെച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ലമെന്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതേതുടര്‍ന്നാണ് സൈന്യം പാര്‍ലമെന്റ് മന്ദിരം വളഞ്ഞതും നിയന്ത്രണം ഏറ്റെടുത്തതും. എന്നാല്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളില്‍ ചിലരെ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കാന്‍ സൈന്യം അനുവദിച്ചതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ പാര്‍ലമെന്ററി സെക്രട്ടറി ജനറല്‍ അഹമ്മദ് മുഹമ്മദ് രാജി പ്രഖ്യാപിച്ചതും സ്ഥിതി സങ്കീര്‍ണമാക്കി. കാരണമൊന്നും വ്യക്തമാക്കാതെയാണ് ഇന്നലെ കാലത്ത് അദ്ദേഹം രാജീ തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തെതുടര്‍ന്ന് ഇന്നലെ തുടങ്ങാനിരുന്ന പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു സെക്രട്ടറി ജനറലിന്റെ രാജി.
പ്രസിഡണ്ട് യമീനെ അറസ്റ്റു ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായി അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചു. എന്നാല്‍ കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ നിര്‍ദേശം സൈന്യവും പൊലീസും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവും ഭരണഘടനയും അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും എ.ജിയുടെ ഉപദേശം ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും സൈനിക മേധാവി മേജര്‍ ജനറല്‍ അഹമ്മദ് ഷിയാം പറഞ്ഞു. മാലദ്വീപ് സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ സൈന്യത്തിന് നോക്കിനല്‍ക്കാന്‍ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കാനുള്ള ബാധ്യതയും സൈന്യത്തിനില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി നിയമിച്ച പൊലീസ് മേധാവി അബ്ദുല്ല നവാസും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
നശീദിനൊപ്പം നിലയുറപ്പിച്ചതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ച പ്രതിപക്ഷ നേതാക്കളെ ജയില്‍ മോചിതരാക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. സ്വാധീനവും ഇടപെടലും ഇല്ലാത്ത, സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കാത്തിടത്തോളം കാലം തടവുകാരെ ജയിലില്‍ പാര്‍പ്പിക്കാനാവില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.
തലസ്ഥാനനഗരിയായ മാലെയില്‍ ഇന്നലെയും നൂറു കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ പാര്‍ട്ടി ക്യാമ്പയിന്‍ ഓഫീസിന് പുറത്ത് മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തുമായിരുന്നു പ്രതിഷേധം. ഭരണഘടനയെ ആദരിക്കണണമെന്നും സുപ്രീംകോടതി ഉത്തരവ് ഉടന്‍ തന്നെ നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും രംഗത്തെത്തി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വിധിയെ സ്വാഗതം ചെയ്തിരുന്നു.
മാലദ്വീപില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ എത്തിയ ആദ്യ സര്‍ക്കാറായിരുന്നു മുഹമ്മദ് നശീദിന്റെ നേതൃത്വത്തിലുള്ളത്. എന്നാല്‍ അബ്ദുല്ല യമീന്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിക്കുകയും നശീദ് ഉള്‍പ്പെടെയുള്ളവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. ചികിത്സാ ആവശ്യാര്‍ത്ഥം 2016ല്‍ രാജ്യത്തിന് ലണ്ടനില്‍ എത്തിയ നശീദ്, പിന്നീട് ബ്രിട്ടനില്‍ അഭയം തേടുകയായിരുന്നു. ഇതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അബ്ദുല്ല യമീന്‍ പറഞ്ഞു. നവംബറിലാണ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിനു മുമ്പു തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനു മുമ്പ് ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.