Connect with us

Features

ഖത്തര്‍ ലോകകപ്പ് നേടിയതെങ്ങിനെ?; പിന്നില്‍ പ്രയ്തനിച്ച മലയാളിക്ക് പറയാനുള്ളത്

ശക്തമായ വെല്ലുവില്‍കള്‍ അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ഒരാള്‍ ഖത്തറിലുണ്ട്. ഫിഫ എക്‌സിക്യൂട്ടിവ് മുന്‍ അംഗവും ദീര്‍ഘകാലം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാം. ഖത്തര്‍ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ സംഘാടകന്‍. ഹമ്മാമിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ചതാകട്ടെ മലയാളിയും. കോഴിക്കോട്, കാരപ്പറമ്പ് സ്വദേശി ചിറക്കല്‍ അഹ്മദ് നജീബ്.

Published

on

അശ്‌റഫ് തൂണേരി

ദോഹ: ലോക സമൂഹത്തിന് മാനവികതയുടെ മനോഹാരിത പകര്‍ന്ന് ആരംഭിച്ച ഖത്തര്‍ ലോകകപ്പ് അവസാനിക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കി. പല നിലകളില്‍ കായിക ചരിത്രത്തില്‍ വേറിട്ടതായി അടയാളപ്പെട്ടുകഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് എങ്ങിനെ ഖത്തറിലെത്തിയെന്നതിന് പലതരം വ്യാഖ്യാനങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുനടക്കുന്നുണ്ട്. ശക്തമായ വെല്ലുവില്‍കള്‍ അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ഒരാള്‍ ഖത്തറിലുണ്ട്. ഫിഫ എക്‌സിക്യൂട്ടിവ് മുന്‍ അംഗവും ദീര്‍ഘകാലം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാം. ഖത്തര്‍ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ സംഘാടകന്‍. ഹമ്മാമിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ചതാകട്ടെ മലയാളിയും. കോഴിക്കോട്, കാരപ്പറമ്പ് സ്വദേശി ചിറക്കല്‍ അഹ്മദ് നജീബ്. ഹമ്മാമിന്റെ ഓഫീസ് മാനേജര്‍ എന്ന പദവിയില്‍ വര്‍ഷങ്ങളായി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനപങ്കുവഹിച്ച നജീബ് ഈ ദൗത്യവുമായി ഹമ്മാമിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.

1991 മുതല്‍ ഹമ്മാമിന്റെ ഓഫീസ് മാനേജറായി പ്രവര്‍ത്തിക്കുന്നുണ്ട് നജീബ്. ലോകകപ്പ് ഖത്തറിന് അനുവദിക്കുന്നതിന്റെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളിലും ഹമ്മാമിനൊപ്പം സജീവമായ അദ്ദേഹം നിലവില്‍ ഹമ്മാമിനൊപ്പം ഫിഫയുടെ വിലക്ക് നേരിടുകയാണ്. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്‍ ഖത്തറിന് ലോകകപ്പ് അനുവദിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്ന ഘട്ടത്തിലാണ് ഖത്തര്‍ ലോകത്തെ ഞെട്ടിച്ച് ബിഡ് സ്വന്തമാക്കിയതെന്നും തുടക്കം മുതല്‍ ബ്ലാറ്റര്‍ ഖത്തറിനെതിരായിരുന്നുവെന്നും നജീബ് ചന്ദ്രികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. കാസ്റ്റിംഗ് വോട്ട് വേണ്ടി വന്നാല്‍ ഖത്തറിന് എതിരെ നിലപാട് സ്വീകരിക്കുമന്ന് വരെ ബ്ലാറ്റര്‍ പറഞ്ഞിരുന്നു. നേരത്തെ ഫിഫ തെരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററിന് അനുകൂലമായി രംഗത്തുവരികയും അദ്ദേഹത്തെ വിജയിപ്പിക്കുന്നതിന് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഹമ്മാം. എന്നാല്‍ പിന്നീട് ഖത്തറിന് ലോകകപ്പ് അനുവദിക്കുന്നതില്‍ ബ്ലാറ്റര്‍ തികച്ചും പ്രതികൂലമായ നടപടി സ്വീകരിച്ചു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളേയും ഹമ്മാം തകര്‍ത്തെറിഞ്ഞു. ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ തുടക്കം മുതല്‍ ഖത്തറിന് എതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്നും നജീബ് വിശദീകരിച്ചു.


ഫിഫയുടെ ബിഡും ഖത്തറിന് ലഭിച്ച വോട്ടും

2008ലാണ് ഫിഫ 2022 ലോകകപ്പ് ഫുട്‌ബോളിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഖത്തറിന് പുറമെ, ഓസ്‌ട്രേലിയ, അമേരിക്ക, ബെല്‍ജിയം, സ്‌പെയിന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ബിഡില്‍ പങ്കെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ബെല്‍ജിയം പിന്‍മാറി. ആദ്യഘട്ട വോട്ടെടുപ്പില്‍ ലണ്ടനും സ്‌പെയിനും ഓസ്‌ട്രേലിയയും പുറത്തായി. അമേരിക്കയും ഖത്തറും മാത്രമായി ചുരുങ്ങി അവസാന ഘട്ടത്തില്‍. ഈ വോട്ടെടുപ്പില്‍ ഖത്തറിന് പൂര്‍ണ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 13 വോട്ട് ഖത്തറിനും 12 വോട്ട് അമേരിക്കക്കും കിട്ടി. ഈ സഹചര്യത്തില്‍ രണ്ടാം ഘട്ടവോട്ടെടുപ്പ് അനിവാര്യമായി. ഈ വോട്ടെടുപ്പില്‍ ഖത്തറിന് പതിനാല് വോട്ടും അമേരിക്കക്ക് എട്ടും ലഭിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ നടത്താനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ സ്‌റ്റേഡിയങ്ങള്‍ ഉണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത് ജൂണിലാണ്. ഈ സമയത്ത് ഖത്തറില്‍ കൊടും ചൂടായിരിക്കുമെന്നതായിരുന്നു ഖത്തറിന് ലോകകപ്പ് അനുവദിക്കരുത് എന്ന് വാദിച്ചവര്‍ ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം. സ്‌റ്റേഡിയങ്ങളെല്ലാം എയര്‍ കണ്ടീഷനാക്കും എന്നായിരുന്നു ഇതിന് ഖത്തര്‍ പറഞ്ഞ മറുപടി. നിശ്ചിത സമയത്തിനുള്ളില്‍ സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നുള്ള സര്‍ക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പ് ഖത്തര്‍ ഫിഫക്ക് നല്‍കി. പിന്നീട് നടന്നത് പോരാട്ടമായിരുന്നു. അതിവേഗത്തില്‍ ഖത്തര്‍ മുന്നോട്ടുപോയി. ഉടന്‍ മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തനസജ്ജമാവുകയും സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു.

ബ്ലാറ്ററെ പിന്തുണച്ച ഹമ്മാം; ഹമ്മാമിനെതിരെ ബ്ലാറ്റര്‍

1998ലേയും 2002ലേയും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്ലാറ്ററെ ഹമ്മാം പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു. പിന്നീട് ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാകുകയും മത്സരത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഹമ്മാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ബ്ലാറ്റര്‍ അടങ്ങിയിരുന്നില്ല. കരീബിയന്‍ അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്തുവെന്ന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോണ്‍കാകഫ് ജനറല്‍ സെക്രട്ടറിയുമായ ചക്ക് ബ്ലേസര്‍ മുഖേന ആരോപണമുണ്ടാക്കി. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടിന് പകരം കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഹമ്മാമിനെതിരെ ഇതോടെ കുറ്റം ചുമത്തി. മെയ് 29 ന് ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ അദ്ദേഹം ഹാജരായി. പിറ്റേന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2011 മെയ് 29ന്, കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ ഫലമായി, ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി ബിന്‍ ഹമ്മാമിനെയും ജാക്ക് വാര്‍ണറെയും വിലക്കിയ കൂട്ടത്തില്‍ നജീബും ഉള്‍പ്പെട്ടു. നജീബിനും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2011 ജൂലൈ 23 ന്, പെട്രസ് ദമാസേബ് അധ്യക്ഷനായ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ അഞ്ചംഗ പാനല്‍ എല്ലാ ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബിന്‍ ഹമ്മാമിനെയും നജീബിനെയും ആജീവനാന്തം വിലക്കി. വിലക്കിനെതിരെ ബിന്‍ ഹമ്മാം അപ്പീല്‍ നല്‍കിയെങ്കിലും ഫിഫ അപ്പീല്‍ കമ്മിറ്റി അത് നിരസിച്ചു. 2012 ഏപ്രില്‍ 1819 തീയതികളില്‍ ബിന്‍ ഹമ്മാം ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് കോര്‍ട്ടില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ അംഗീകരിച്ച കോടതി 2012 ജൂലൈ 19ന് അദ്ദേഹത്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കി. 2012 ഡിസംബറില്‍, എഎഫ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ക്രമക്കേട് നടത്തിയെന്ന് വ്യാജമായി ആരോപിച്ച് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ആജീവനാന്ത വിലക്കായിരുന്നു ഇത്. ഈ വിലക്കിന്റെ ഭാഗമായാണ് നജീബിന് എതിരെയും ഫിഫ നടപടി സ്വീകരിച്ചത്.

ലോക ഫുട്‌ബോള്‍ പുരോഗതിക്കായി ഹമ്മാമിന്റെ പരിശ്രമങ്ങള്‍; കോഡിനേറ്ററായി നജീബ്

ഫിഫ എക്‌സിക്യുട്ടീവ് അംഗമെന്ന നിലയില്‍ പ്രത്യേക പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികൂടിയാണ് ഹമ്മാം. ഫുട്‌ബോളില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഫിഫ തുടക്കം കുറിച്ച ഗോള്‍ പ്രൊജക്ടിന്റെ ചെയര്‍മാനായിരുന്നു ഹമ്മാം. ഇതേ പ്രൊജക്ടിന്റെ കോര്‍ഡിനേറ്ററായി തനിക്ക് പ്രവര്‍ത്തിക്കാനവസരമുണ്ടായെന്നും നജീബ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പര്യടനം നടത്തി.

നാല്‍പതു വര്‍ഷം മുമ്പ് ഖത്തറിലെത്തിയ നജീബ്, മുഹമ്മദ് ഹമ്മാമിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. 1975 ല്‍ ഹമ്മാം കെംകോ എന്ന കമ്പനി രൂപീകരിച്ചു. 1976ല്‍ അല്‍റയ്യാന്‍ ഫുട്‌ബോള്‍ ക്ലബിന്റെ പ്രസിഡന്റായ ഹമ്മാം അടുത്ത വര്‍ഷം രാജിവെച്ചു. 1991ലാണ് ഹമാം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായത്. അതേവര്‍ഷം ഖത്തര്‍ ആദ്യമായി ഗള്‍ഫ് കപ്പ് നേടി. 1998ലാണ് ഹമാം എ.എഫ്.സി പ്രസിഡന്റായത്. ഹമാം എ.എഫ്.സി തലവനായിരിക്കെ, ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ വിജയിച്ചു. ഓസ്‌ട്രേലിയയെ എ.എഫ്.സിയിലേക്ക് കൊണ്ടുവരുന്നതിലും മേല്‍നോട്ടം വഹിച്ചു. വിഷന്‍ ഏഷ്യ എക്‌സ്ട്രീം ക്ലബ്ബ് എന്ന വികസന പരിപാടിക്കും അദ്ദേഹം തുടക്കമിട്ടു. 1996 മുതല്‍ അദ്ദേഹം ഫിഫ എക്‌സിക്യൂട്ടീവ് അംഗമായി. 2011 ജനുവരി 5ന് അദ്ദേഹം വീണ്ടും എ.എഫ്.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2011 മെയ് 31 നും ജൂണ്‍ 1 നും ഇടയിലുള്ള 61ാമത് ഫിഫ കോണ്‍ഗ്രസില്‍ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററിനെതിരെ താന്‍ മത്സരിക്കുമെന്ന് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ ഹമ്മാം പ്രഖ്യാപിച്ചു. ‘ആളുകള്‍ മാറാന്‍ ശ്രമിക്കണം. മാറ്റം നല്ലതാണ്’ ഹമ്മാം പറഞ്ഞു. പരിചയമുള്ള ഒരു വ്യക്തിയാണ് ബ്ലാറ്റര്‍, ലോകമെമ്പാടുമുള്ള ഫുട്‌ബോളിന് അദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ എല്ലാത്തിനും സമയപരിധിയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിഫ ആദരിച്ച ഹമ്മാം

ലോകത്തെ പല രാഷ്ട്രങ്ങളും ആദരിച്ച കായിക സംഘാടകനാണ് എഴുപത്തിമൂന്നുകാരനായ ഹമ്മാം. എന്തിനധികം ഫിഫ ഫസ്റ്റ്ക്ലാസ്സ് ദി മെരിറ്റ് മെഡല്‍ നല്‍കി ഹമ്മാമിനെ ആദരിച്ചിട്ടുണ്ട്. ലെബനാന്‍, കംബോഡിയ, ജോര്‍ദ്ദാന്‍, മൊറോക്കോ, സുഡാന്‍, യെമന്‍, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍, ജിബൂട്ടി, ലാവോസ്, ബാങ്കോക്ക്, കൊറിയ, മംഗോളിയ, സിയോള്‍, ഫലസ്തീന്‍ തുടങ്ങിയ അനേകം രാഷ്ട്രങ്ങള്‍ ഔദ്യോഗികമായും അല്ലാതേയും അദ്ദേഹത്തിന് അവാര്‍ഡുകളും ബഹുമതികളും നല്‍കിയിട്ടുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ സിവിലയന്‍ ബഹുമതിയായ ഫസ്റ്റ് സായിദ് മെഡല്‍ ഹമ്മാമിനെ തേടിയെത്തി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിലും നിയമത്തില്‍ ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഖത്തറില്‍ മന്ത്രിപദവിയുള്ള വ്യക്തിത്വമാണദ്ദേഹം. ഹമ്മാമിന്റെ നിഴല്‍പോലെ കൂടെയുള്ള നജീബ് ഇപ്പോള്‍ ആസ്‌പെയര്‍ അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ റഹ്ന നജീബ്, മക്കളായ ലുബിന നജീബ്, നവീദ് നജീബ് എന്നിവര്‍ക്കൊപ്പം ദോഹയില്‍ താമസിക്കുന്നു.

Features

ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും

സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.

Published

on

പി.കെ മുഹമ്മദലി

കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .

ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.

ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.

സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.

ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.

തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.

പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.

കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.

പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.

1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.

1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.

സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.

34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.

മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്

Continue Reading

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

Trending