Connect with us

india

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.

Published

on

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അങ്കമാലി സ്വദേശിയുടെ മര്‍ദ്ദനം. നിയമ വിദ്യാര്‍ത്ഥികളായ മലയാളി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് സ്വദേശികളാണ്. വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിവിട്ടത്. കഴിഞ്ഞ ബുധനാഴചയാണ് സംഭവം നടന്നത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ വന്ന ഷൈന്‍ ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇന്നലെ രാത്രി കൂടുതല്‍ ആള്‍ക്കാരുമായി ഇയാള്‍ വീണ്ടും ഹോട്ടലില്‍ എത്തി. പിന്നാലെ വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി.

ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

 

 

india

വഖഫ് ബില്‍: കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിംലീഗ് നേതാക്കള്‍

Published

on

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. പ്രമുഖ അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപിൽ സിബലുമായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി തുടങ്ങിയവർ ആശയവിനിമയം നടത്തി. കപിൽ സിബൽ മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും. ഇന്ന് തന്നെ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Continue Reading

india

ഫലസ്തീന്‍ പതാക വീശി; മുസ്ലിം ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു

ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ച് ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി

Published

on

ലഖ്‌നൗ: ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയതിന് മുസ്ലിം ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ച് സഹാറന്‍പൂര്‍ ജില്ലയിലെ കൈലാശ്പൂര്‍ പവര്‍ ഹൗസിലെ താത്കാലിക ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി.

മാര്‍ച്ച് 31ന് ഈദ് ഗാഹിന് ശേഷം സാഖിബ് ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പതാക വീശുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധത്തില്‍ 70 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണ്. അതാണ് നടപടിക്കു കാരണമെന്ന് വൈദ്യുതി വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ അവകാശപ്പെട്ടു. ‘കൈലാശ്പൂര്‍ പവര്‍ഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഫലസ്തീന്‍ പതാക വീശുകയും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാര്‍കമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു’- കുമാര്‍ പറഞ്ഞു.

നേരത്തെ, ഫലസ്തീന്‍ പതാകകള്‍ വീശി മുദ്രാവാക്യം വിളിച്ചതിന് ജില്ലയിലെ എട്ട് വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ‘സോഷ്യല്‍മീഡിയ വഴി ചില യുവാക്കള്‍ മറ്റൊരു രാജ്യത്തിന്റെ പതാക വീശുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും’- മാര്‍ച്ച് 31ന് സിറ്റി പൊലീസ് സൂപ്രണ്ട് വ്യോമ് ബിന്‍ഡാല്‍ പറഞ്ഞിരുന്നു.

Continue Reading

india

ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം

ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധായ്, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ പ്രതികള്‍

Published

on

ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം. ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. നാസിക്കിലേക്കാണ് സ്ഥലംമാറ്റം. ജില്ലാ ജഡ്ജിമാരുടെ വാര്‍ഷിക ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെടുത്തിയാണ് സ്ഥലം മാറ്റിയത്.

2008ല്‍ നടന്ന സ്‌ഫോടനക്കേസില്‍ 17 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ജഡ്ജിമാരെ സ്ഥലംമാറ്റുന്നത്. ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ലാഹോട്ടിയടക്കമുള്ള ജഡ്ജിമാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്ഥലംമാറ്റം വേനല്‍ക്കാല അവധിക്ക് ശേഷം ജൂണ്‍ ഒമ്പതിന് കോടതികള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രാബല്യത്തില്‍ വരും.

ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധായ്, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ജഡ്ജിയെ സ്ഥലംമാറ്റിയത് നീതിയെ കൂടുതല്‍ വൈകിപ്പിക്കുമെന്ന് സ്‌ഫോടനത്തിന്റെ ഇരകള്‍ പറയുന്നു. ‘ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഞങ്ങള്‍. വിധി പറയുംവരെ ജഡ്ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു’- ഇരകളുടെ അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു.

ശനിയാഴ്ച നടന്ന അവസാന വാദം കേള്‍ക്കലില്‍, ഏപ്രില്‍ 15നകം ബാക്കി വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജഡ്ജി ലഹോട്ടി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിര്‍ദേശിച്ചിരുന്നു. അടുത്ത ദിവസം വിധി പറയാന്‍ കേസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിഭാഗം അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 323 സാക്ഷികളെയും പ്രതിഭാഗം എട്ട് പേരെയും വിസ്തരിച്ചു. 2011ല്‍ എന്‍ഐഎയ്ക്ക് കൈമാറുംമുമ്പ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.

Continue Reading

Trending