മലപ്പുറം: രണ്ടാഴ്ചയായി മലപ്പുറത്തിന് ജില്ലാ പൊലീസ് മേധാവിയില്ല. കസ്റ്റഡി കൊലപാതകക്കേസ് വിവാദമായതിന് പിന്നാലെ എസ്.പി സുജിത്ത്ദാസിനെ ഹൈദരാബാദില്‍ പരിശീലനത്തിന് അയച്ചിരിക്കുകയാണ്. പകരം എസ്.പിയെ നിയമിക്കാത്തത് സുജിത് ദാസിനെത്തന്നെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണെന്ന് ആരോപണമുണ്ട്.എസ്.പി സുജിത്ത് ദാസിന്റെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ മരണം വിവാദമായതിന് പിന്നാലെയാണ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ എസ്.പിയെ പരിശീലനത്തിന് അയച്ചത്. കസ്റ്റഡി കൊലക്കേസില്‍ പ്രതികളായ പ്രത്യേക സംഘത്തിലെ പൊലീസുകാരെ ഇതുവരെ പിടികൂടിയിട്ടുമില്ല.
സുജിത് ദാസ് സ്ഥാനമൊഴിഞ്ഞാല്‍ കസ്റ്റഡി കൊലക്കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാലക്കാട് എസ്.പിക്ക് അധികച്ചുമതല നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.പകരം ഉദ്യോഗസ്ഥനെ നിയമിക്കാത്തത് കസ്റ്റഡിക്കൊലക്കേസില്‍ എസ്.പിയെ സംരക്ഷിക്കനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇടത് സര്‍ക്കാറിലെയും ആഭ്യന്തര വകുപ്പിലെയും ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് സുജിത്ത് ദാസ്.
മൂന്ന് വര്‍ഷമായിട്ടും സ്ഥലം മാറ്റമില്ലാതെ സുജിത്ത് ദാസ് മലപ്പുറത്ത് തുടരുന്നതും അതുകൊണ്ടുതന്നെയാണെന്നും പകരം ഉദ്യോഗസ്ഥനെ നിയമിക്കാത്തത് സുജിത് ദാസിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.കസ്റ്റഡി കൊലക്കേസില്‍ സുജിത്ത് ദാസിനെതിരെ നടപടി വേണമെന്ന് നിയമസഭയിലടക്കം ആവശ്യം ഉയര്‍ന്നിരുന്നു. എന്നിട്ടും എസ്.പി ഇല്ലാതായി രണ്ടാഴ്ചക്ക് ശേഷവും പുതിയ എസ്.പിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.