ഹനീഫ പുതുപറമ്പ്
മലബാറിന്റെ പിന്നോക്കാവസ്ഥക്ക് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാര്‍, അന്നും ഭരണ സിരാകേന്ദ്രമായ മദിരാശിയില്‍നിന്ന് വളരെ ദൂരെയായിരുന്നു. ഭരണ കേന്ദ്രത്തോട് അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് വികസനത്തിന്റെ സൗകര്യങ്ങള്‍ ലഭിക്കുക കുറേക്കൂടി എളുപ്പമാണ്. ഇതിനുപുറമെ 1921 ലെ മലബാര്‍ കലാപം കൂടി ആയപ്പോള്‍ വികസനം എന്നത് മലബാറിനെ സംബന്ധിച്ചിടത്തോളം വിദൂര സ്വപ്‌നമായി മാറി. ബ്രിട്ടീഷ് ഭരണത്തിന്റെ കൊടിയ പീഡനങ്ങള്‍ ഇവിടുത്തെ ജനസമൂഹത്തെ സമ്പൂര്‍ണമായി ബ്രിട്ടീഷ് വിരുദ്ധരും ഇംഗ്ലീഷ് ഭാഷാ വിരോധികളുമാക്കിമാറ്റിയിരുന്നു. ഇംഗ്ലീഷുകാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ ഇത് അവരെ പ്രേരിപ്പിച്ചു.
എന്നാല്‍ തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങളിലെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. 1817 ല്‍ റാണി ഗൗരി പാര്‍വതി ഭായിയുടെ കാലം മുതല്‍ തന്നെ തിരുവിതാംകൂറില്‍ ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച രാജ വിളംബരത്തില്‍ ഇങ്ങിനെ കാണാം ‘ജനങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണമായും ഭരണകൂടം വഹിക്കേണ്ടതാണ്. വിജ്ഞാന സമ്പാദനത്തില്‍ അവര്‍ക്ക് ഒരു തരത്തിലുള്ള പിന്നാക്കാവസ്ഥയും ഉണ്ടായിക്കൂടാ. വിദ്യഭ്യാസം നല്‍കുന്നതിലൂടെ അവര്‍ നല്ല പ്രജകളും പൊതു ജനസേവകരുമായി മാറും. അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സല്‍പ്പേര് വര്‍ധിക്കുകയും ചെയ്യും’. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മാഗ്‌നാകാര്‍ട്ട ആയി വിശേഷിപ്പിക്കപ്പെടുന്ന രാജ വിളംബരമാണിത്. ഇതേ തുടര്‍ന്ന് 1824 ല്‍ ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ റൂള്‍സ് നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍, നായര്‍, ഈഴവ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ക്രിസ്ത്യന്‍ മിഷനറിമാരുടെ നിയന്ത്രണത്തിലും സ്ഥാപനങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. 1815ല്‍ കോട്ടയത്തു പ്രവര്‍ത്തനം ആരംഭിച്ച സി.എം.എസ് കോളജാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യത്തെ കോളജ്. പിന്നെയും 75 വര്‍ഷം കഴിഞ്ഞ് 1890 ലാണ് മലബാറിലെ ആദ്യ കോളജുകളില്‍ ഒന്നായ തലശേരി ബ്രണ്ണന്‍ കോളജ് സ്ഥാപിതമാകുന്നത്. 1862ല്‍ ബ്രണ്ണന്‍ സായ്പ്പ് തുടങ്ങിയ സ്‌കൂളാണ് 1890ല്‍ കോളജായി ഉയര്‍ത്തപ്പെട്ടത്. 1888ല്‍ പാലക്കാട് വിക്ടോറിയ കോളജും 1909ല്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജും സ്ഥാപിതമായി. കോട്ടയത്തെ സി.എം.എസ് കോളജില്‍നിന്ന് മലബാറിലെ കോളജുകളിലേക്കുള്ള ദൂരം ഏകദേശം ഒരു നൂറ്റാണ്ടാണെന്നു ഓര്‍ക്കണം. 1937ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ കാലത്താണ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിതമാകുന്നത്. ആദ്യത്തെ ചാന്‍സലര്‍ ബാലരാമ വര്‍മയും ആദ്യ വൈസ്ചാന്‍സിലര്‍ അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യരുമായിരുന്നു. ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ 20 യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് കേരള യൂണിവേഴ്‌സിറ്റി. മലബാറിലെ ആദ്യ യൂണിവേഴ്‌സിറ്റി കോഴിക്കോട് സ്ഥാപിതമാകുന്നത് 1968ല്‍ പിന്നെയും മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ്. ഇങ്ങിനെ ചില താരതമ്യങ്ങള്‍ നടത്തിയാല്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് മലബാര്‍ ചരിത്ര പരമായി പിന്നാക്കം പോയത് എങ്ങിനെ എന്ന് മനസിലാകും.
ഇതിനു പരിഹാരം കാണേണ്ടത് അതതു കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകളാണ്. മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റാന്‍ എന്തെങ്കിലും ചെയ്തത് മുസ്‌ലിംലീഗിന് പങ്കാളിത്തമുള്ള സര്‍ക്കാരുകളാണ്. സി.എച്ച് മുഹമ്മദ് കോയ തുടങ്ങിവെച്ച ഈ ദൗത്യം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് വരെ തുടര്‍ന്ന് പോന്നിട്ടുണ്ട്. ഇന്ന് മലബാറില്‍ കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെ സര്‍ക്കാരുകളുടെ കാലത്ത് സ്ഥാപിതമായി എന്ന കണക്ക് മാത്രം എടുത്താല്‍ മതി ഇക്കാര്യം ബോധ്യമാകാന്‍. ഐക്യ കേരളം നിലവില്‍ വന്നിട്ട് ഇപ്പോള്‍ 66 കൊല്ലമായി. ഇതില്‍ 30 കൊല്ലത്തില്‍ താഴെയാണ് മുസ്‌ലിംലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. ബാക്കിയുള്ള മന്ത്രിമാരുടെ കാലത്തും പിന്നാക്ക പ്രദേശമായ മലബാറിന് മുസ്‌ലിംലീഗ് മന്ത്രിമാര്‍ നല്‍കിയ പരിഗണന കിട്ടിയിരുന്നെങ്കില്‍ ഇവിടത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെട്ടു പോകുമായിരുന്നു.
2016 മുതല്‍ കേരളം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് മലബാറില്‍ അനുവദിക്കപ്പെട്ട പ്ലസ്ടു സീറ്റുകളുടെ എണ്ണവും പ്രവര്‍ത്തനം ആരംഭിച്ച കോളജുകളുടെ എണ്ണവും എത്രയെന്ന കണക്ക് വേഗം കിട്ടുമല്ലോ? ഒന്നോ രണ്ടോ കോളജുകളില്‍ പേരിനു ഒന്നോ രണ്ടോ കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെ വിദ്യാഭ്യാസ മന്ത്രിയായ പി.കെ അബ്ദുറബ്ബിന്റെ കാലത്താണ് മലബാറില്‍ ഏറ്റവും കൂടുതല്‍ കോളജുകളും കോഴ്‌സുകളും പ്ലസ്ടു സീറ്റുകളും അനുവദിക്കപ്പെട്ടത്. മുസ്‌ലിംലീഗിന്റെ പ്രതിനിധികളായി അതിനുമുമ്പു വിദ്യാഭ്യാസ വകുപ്പ് ഭരിച്ച സി.എച്ച്, ചാക്കീരി അഹമ്മദ്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി എന്നിവരൊക്കെ അവരവരുടെ കാലത്ത് അവരെ ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. മലപ്പുറത്തുകാരനായ കെ.ടി ജലീല്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹം അധ്യാപകനായി ജോലി ചെയ്ത തിരൂരങ്ങാടി പി.എസ്.എം കോളജില്‍ പോലും ഒരു കോഴ്‌സ് അനുവദിക്കാന്‍ കഴിഞ്ഞില്ല. കുട്ടികളില്‍ നിന്ന് പ്രവേശനത്തിനോ, അധ്യാപക നിയമനത്തിനോ ചില്ലിക്കാശ് പോലും വാങ്ങാത്ത സ്ഥാപനമാണിത്. ഇവിടെ ഡിഗ്രിക്ക് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ 90 ശതാമാനത്തില്‍ അധികം മാര്‍ക്ക് വേണം. ആയിരക്കണക്കിന് അപേക്ഷകരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമാണ് ഇവിടെ ഡിഗ്രിക്ക് സീറ്റ് കിട്ടുക. ഇതൊക്കെ നേരിട്ട് അറിയുന്നയാളാണ് ജലീല്‍. അദ്ദേഹം 5 വര്‍ഷം പഠിക്കുകയും അതിലേറെ കാലം പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമാണിത്. എന്നിട്ടും ഒന്നും ചെയ്തില്ല.
മലപ്പുറം ജില്ലയില്‍ മാത്രം ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയില്‍ പുതുതായി 12 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ അബ്ദുറബ്ബിന്റെ കാലത്ത് അനുവദിക്കപ്പെട്ടു. മലബാറിലെ എല്ലാ ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളിലും പുതുതായി രണ്ടു കോഴ്‌സുകള്‍ വീതം അനുവദിച്ചു. തീരൂരില്‍ മലയാളം യൂണിയവേഴ്‌സിറ്റി വന്നു. ഇങ്ങിനെ വല്ല കാര്യങ്ങളും ഇക്കഴിഞ്ഞ 6 കൊല്ലത്തിനിടയില്‍ ഉണ്ടായോ? 2011 മുതല്‍ 2016 വരെ ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇപ്പോള്‍ 6 കൊല്ലമായി ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തും മലബാറില്‍ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുത്തു താരതമ്യം നടത്തിയാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. കാലാകാലങ്ങളില്‍ കേരളം ഭരിച്ച ഇടതു സര്‍ക്കാരുകള്‍ മലബാറിനോട് കാണിച്ച അവഗണനയുടെ ആഴം മനസ്സിലാക്കാന്‍ ഇങ്ങിനെയൊരു താരതമ്യം മതിയാകും. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ഇ.കെ നായനാര്‍ കണ്ണൂര്‍കാരനാണ്. 10 കൊല്ലവും 353 ദിവസവുമാണ് നായനാര്‍ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി തികച്ചാല്‍ 10 വര്‍ഷം കേരളം ഭരിക്കാനുള്ള അവസരം കിട്ടിയേക്കും. പിണറായിയും കണ്ണൂര്‍കാരനാണ്. കണ്ണൂര്‍ എക്കാലത്തും സി.പി.എമ്മിന്റെ ശക്തി കേന്ദ്രവുമാണ്. അവിടത്തെ കുട്ടികള്‍ക്കെങ്കിലും പഠിക്കാനുള്ള സീറ്റുകളും കോളജുകളും അനുവദിക്കാന്‍ ഇവര്‍ക്കു കഴിയാതാത്തത് എന്ത്‌കൊണ്ടാണ്? സി.പി.എം സ്ഥിരമായി ജയിക്കുന്ന തലശ്ശേരി മണ്ഡലത്തില്‍ ഒരു കോളജ് അനുവദിച്ചത് പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് അവിടത്തെ എം.എല്‍.എ.
മലബാറിലെ കുട്ടികള്‍ക്കു പഠിക്കാന്‍ സീറ്റ് എവിടെ എന്ന് ചോദിക്കുമ്പോള്‍ അതൊക്കെ മുസ്‌ലിംലീഗ് മന്ത്രിമാരുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ചരിത്രപരമായ നിരവധി കാരണങ്ങള്‍ ഉണ്ട്. ആ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. ഐക്യ കേരളം നിലവില്‍ വന്ന് ആറര പതിറ്റാണ്ടു പിന്നിടുമ്പോഴും മലബാറിലെ കുട്ടികള്‍ പഠിക്കാനുള്ള സീറ്റും തേടി നെട്ടോട്ടമോടുന്ന കാഴ്ച അതിദയനീയമാണ്. ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലായി ആകെ അറുപതിനായിരത്തോളം പ്ലസ്.ടു സീറ്റുകളുടെ കുറവുണ്ട്. എന്നാല്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴു ജില്ലകളിലായി ഇരുപതിനായിരത്തോളം പ്ലസ്ടു സീറ്റുകള്‍ അധികമാണ്. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള, ചെറിയ ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയില്‍ 6074 പ്ലസ്ടു സീറ്റുകള്‍ അധികമുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് മുപ്പതിനായിരം കുട്ടികള്‍ക്കു പ്ലസ്ടു പഠിക്കാന്‍ സീറ്റില്ല. ഡിഗ്രിക്ക് ഒന്നര ലക്ഷത്തോളം അപേക്ഷകരുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആകെയുള്ളത് 75000 ത്തില്‍ താഴെ ഡിഗ്രി സീറ്റുകള്‍. ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ നോക്കിയാല്‍, കോളജുകളില്‍ പ്രവേശനം കിട്ടുന്ന കുട്ടികളുടെ അനുപാതത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പിറകിലായിരിക്കും മലബാര്‍. അങ്ങേയറ്റം അസംതുലിതവും പരിതാപകരവുമാണ് ഈ അവസ്ഥ. പരിഹാരം കാണേണ്ടത് ഭരണകൂടമാണ്.