അഹമ്മദ്കുട്ടി കാടാമ്പുഴ
മലബാര്‍ ലഹളയെ അനേകം വീക്ഷണകോണുകളിലൂടെ നോക്കികാണാനാകുംവിധം ചരിത്രരചനകളുണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങുന്നതിനു മുമ്പ് അതിനു വര്‍ഗീയതലം ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഒരു കാലത്ത് ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഭൂരിപക്ഷം മുസ്‌ലിംകളും ഹിന്ദു ജന്മിമാരുടെ കുടിയാന്മാരായ പട്ടിണിപ്പാവങ്ങളായിരുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിച്ചു ഫലഭൂയിഷ്ഠമാക്കിയെടുത്ത മണ്ണുപേക്ഷിച്ചു, നിറകണ്ണുകള്‍ തുടയ്ച്ചു, ഉള്ളില്‍ ഏങ്ങലടിച്ചു കൃഷിഭൂമി വിട്ടുപോകേണ്ടിവന്ന കുടിയാന്‍മാരും അക്കൂട്ടത്തിലുണ്ട്. അവരുടെ രോദനം ജന്മിമാര്‍ക്കൊരു തമാശയായിരുന്നു. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ മലബാറിന്റെ മണ്ണില്‍ ആഴത്തില്‍ വേരോടിയിരുന്ന ജന്മി-കുടിയാന്‍ ശത്രുതയുടെ സാമ്പത്തികവും കാര്‍ഷികവും ജാതീയവുമായ തലങ്ങളെ സമന്വയിപ്പിച്ചു പരസ്പരം ഇരു വിഭാഗത്തേയും പോരടിപ്പിച്ചു ഭരണസാരഥ്യത്തിന്റെ നെറുകിലേക്കുള്ള പടികള്‍ കയറിപ്പോകുന്നതില്‍ ബ്രിട്ടീഷുകാര്‍ക്ക് വിജയം കൈവരിക്കാനായപ്പോള്‍, മലബാര്‍ ലഹളയെ ചരിത്രകാരന്മാര്‍ ത്രിമാന രൂപത്തില്‍ ചിത്രീകരിച്ചു. 1843ല്‍ ചേറൂറിലും ഏറനാട്ടിലുമുണ്ടായ മാപ്പിള കലാപത്തെ അമര്‍ച്ച ചെയ്യാന്‍ നിറതോക്കു ചൂണ്ടി നിന്ന കമ്പനി പട്ടാളക്കൂട്ടത്തിലേക്ക് നെഞ്ചുവിരിച്ച് ഓടിവന്നു ചാവേറുകളായ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്നീട് പേടിസ്വപ്‌നമായി മാറുകയായിരുന്നു. അവരെയൊതുക്കാന്‍ ഏതടവും കമ്പനിപ്പടക്ക് അനീതിയായിരുന്നില്ല.
മതവിദ്വേഷമെന്ന നഞ്ചുകലക്കി സാമുദായിക സ്പര്‍ധ വളര്‍ത്തി പലരും മുതലെടുപ്പു നടത്താനാരംഭിച്ചതോടെ ലഹളയുടെ സ്വഭാവം മാറി. പാളിപ്പോയ കണക്കുകൂട്ടലിലകപ്പെട്ടു പലപ്പോഴും ബ്രിട്ടീഷുകാരും നട്ടംതിരിഞ്ഞിട്ടുണ്ട്. അഹങ്കാരവും അധികാരമോഹവുംകൊണ്ട് അന്ധരാക്കപ്പെട്ട അവര്‍ ലോകം തങ്ങളുടെ കാല്‍ക്കീഴിലാണെന്നഹംഭവിച്ചു പെരുമ നടിച്ചു. പൂക്കോട്ടൂരില്‍ നാലഞ്ചു വെടിവെച്ചാല്‍ തീരുന്നതാണ് ഖിലാഫത്തും കോണ്‍ഗ്രസുമെന്ന് ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ 1921ലെ മലബാര്‍ ലഹള പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പത്തെ ദിവസം പറഞ്ഞതും ഈ ധാര്‍ഷ്ട്യം കൊണ്ടാണ്. ‘ഒരു വെള്ളക്കാരനെ കൊന്നതിനു നിങ്ങളെപ്പോലുള്ള ആയിരം നേതാക്കളെ കൊന്നാലും എന്റെ അരിശം അടങ്ങില്ല’ എന്ന മലബാറിന്റെ ചുമതലയുള്ള ടോട്ടന്‍ഹാമിന്റെ പ്രസ്താവം ഈ ധാര്‍ഷ്ട്യത്തിനുള്ള ചെറിയൊരു ഉദാഹരണം മാത്രമാണ്. പൂക്കോട്ടൂരിലും കൊന്നറെയിലും മുസ്‌ലിംകള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ സൂപ്രണ്ട് ടോട്ടന്‍ഹാമിന്റെ നേതൃത്വത്തിലായിരുന്നു. ജാലിയന്‍ വാലാബാഗിലെ ധീരസമരനായകരെ കൂട്ടക്കൊല നടത്തിയ ജനറല്‍ ഡയറിനോടുപമിക്കാവുന്ന ക്രൂരപ്രവര്‍ത്തനങ്ങളാണ് ബ്രിട്ടീഷ് അധികാരി ടോട്ടന്‍ഹാം മലബാറില്‍ കലാപകാലത്തു നടത്തിയത്.
പല കൊലപാതകങ്ങളും ലഹളക്കാലത്തുണ്ടായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. എന്നാല്‍ ഇതൊന്നും ജാതിയെയും മതത്തെയും ആധാരമാക്കിയായിരുന്നില്ല. ലഹളക്കാരുടെ ശത്രുക്കളാണെന്ന് ബോധ്യപ്പെട്ടാല്‍ ജാതിയും മതവും നോക്കാതെ ശത്രുക്കളെ വകവരുത്തുന്ന നീതിയാണ് അന്ന് നടപ്പിലാക്കിയത്. ഏതാണ്ട് അഞ്ച് മാസക്കാലത്തോളം 1921ലെ ലഹള നീണ്ടുനിന്നു. ബഹദൂര്‍ ചേക്കുട്ടി ഇന്‍സ്‌പെക്ടറെ വെടിവെച്ചുകൊന്നത് ഒരു ഹിന്ദുവായിരുന്നില്ല; മറിച്ച് മറ്റൊരു മുസല്‍മാന്‍ തന്നെയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ തയ്യില്‍ മൊയ്തീനെ ആയുധത്തിനിരയാക്കിയതും മുസല്‍മാനായിരുന്നു. സബ്ഇന്‍സ്‌പെക്ടര്‍ മൊയ്തീന്റെ ചെവി മുറിച്ചതും മുസ്‌ലിംകള്‍ തന്നെയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റുമായുള്ള 1921ലെ മാപ്പിളമാരുടെ ഏറ്റുമുട്ടല്‍ ആദ്യ സംഭവമായിരുന്നില്ല. അതിനുമുമ്പ് എണ്‍പതോളം ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ ഗവണ്‍മെന്റിന് നേരെ നടന്നിട്ടുണ്ട്. 1921ലെ ലഹള സമരക്കാര്‍ക്കെന്നപോലെ ഗവണ്‍മെന്റിനും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലഹളക്കു നേതൃത്വം കൊടുത്തിരുന്ന വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയാകട്ടെ വളരെ നീതിപൂര്‍വ്വമായ നിലയിലായിരുന്നു ഭരണം നടത്തിയിരുന്നത്. ലഹളക്കുശേഷം നടപ്പിലാക്കിയ പൊലീസ് രാജ് ഗവണ്‍മെന്റ് പക്ഷക്കാരെ സംബന്ധിച്ചിടത്തോളം ഉത്സവകാലമായിരുന്നു. എന്നാല്‍ ഇരകള്‍ക്കത് സര്‍വ്വസ്വം നഷ്ടപ്പെടുത്തി. തെക്കേ മലബാറില്‍ കൊള്ളയടിച്ചു പലരും പ്രമാണിമാരും ധനികരുമായി. ആ ധനത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ അന്നത്തിനു വകയില്ലാത്തവരായി. കാട്ടുനീതിയുടെ ചുഴിയില്‍ക്കിടന്ന് നരകിച്ചു മരിക്കാനായിരുന്നു പലരുടെയും വിധി. 1921ലെ ലഹളമൂലം ഒരുവിധത്തിലും മലബാറിലെ ഹിന്ദുമുസ്‌ലിം മൈത്രി ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് മൊയ്തു മൗലവി ഗ്രന്ഥത്തില്‍ പലയിടത്തായി ഓര്‍മ്മപ്പെടുത്തുന്നു. ‘കലാപകാലത്ത് പല ഹൈന്ദവ ഗൃഹങ്ങളിലും കാവല്‍ നിന്നിരുന്നത് മുസ്‌ലിം ധര്‍മ്മഭടന്മാര്‍ ആയിരുന്നു. കോട്ടക്കല്‍ കോവിലകത്ത് കല്‍പകഞ്ചേരി സ്വദേശിയായ ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ നൂറോളം മുസ്‌ലിംകള്‍ കാവലുണ്ടായിരുന്നു. അതുപോലെ കോട്ടക്കല്‍ വാര്യര്‍മാരുടെ മന്ദിരവും അവര്‍ കാത്തുരക്ഷിച്ചു.’
1921ലെ ലഹളമൂലം നാട്ടില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിനു അതു പ്രചോദനം നല്‍കിയെന്ന ഒരു വശവുമുണ്ട്. ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ഗാന്ധിജിയില്‍ വിശ്വാസമര്‍പ്പിച്ചു കോണ്‍ഗ്രസിന്റെ കോളനിവാഴ്ചക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരും അണിനിരന്നു പ്രവര്‍ത്തിക്കാന്‍ മലബാര്‍ കലാപം സഹായകരമായിട്ടുണ്ടെന്നു മൗലവി കലാപത്തെ വിലയിരുത്തി സാക്ഷ്യം വഹിക്കുന്നു.
1921ലെ സ്വാതന്ത്ര്യസമര പോരാട്ടത്തിനു മാപ്പിളലഹള, കര്‍ഷകലഹള, ഖിലാഫത്ത് കലാപം എന്നിങ്ങനെ പലരും പല വിധത്തിലുള്ള പേരാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ വാസ്തവത്തില്‍ അതൊരു സാമുദായിക പോരാട്ടമോ ജന്മികളുടെ നേരെയുള്ള പകപോക്കലോ ഒന്നും ആയിരുന്നില്ല. കറകളഞ്ഞ സ്വാതന്ത്ര്യസമരം തന്നെയായിരുന്നുവെന്ന് ജയിലുകളിലെ തീക്ഷ്ണമായ അനുഭവങ്ങളെ സാക്ഷിയാക്കി മൗലവി പറയുന്നത് ആത്മാഭിമാനത്തോടെ തന്നെയാണ്. 1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മാതൃകയിലുള്ള മറ്റൊരു സ്വാതന്ത്രസമരം തന്നെയായിരുന്നു അതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
തിരൂരങ്ങാടിയില്‍ നിന്ന് തിരിച്ചു പോകുംവഴി വേങ്ങര അങ്ങാടിയില്‍ മാപ്പിള വീടുകള്‍ക്കും പീടികകള്‍ക്കും പട്ടാളക്കാര്‍ തീവെച്ചു. ആലി മുസ്‌ലിയാരെ പട്ടാള കോടതി വിചാരണ ചെയ്തു. പിന്നീട് കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റി. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ അറസ്റ്റ് ചെയ്തു മറ്റു തടവുകാര്‍ക്കും പട്ടാളക്കാര്‍ സഞ്ചരിക്കുന്ന കുതിരകള്‍ക്ക് പിന്നില്‍ കെട്ടിയിട്ട് ഒറ്റപ്പാലത്തുനിന്ന് ഷൊര്‍ണൂര്‍ വരെ പന്ത്രണ്ടു കിലോമീറ്ററോളം ദൂരം വലിച്ചിഴയ്ക്കുകയുണ്ടായി. ഇ. മൊയ്തുമൗലവിയാകട്ടെ ലോക്കപ്പിലും ജയിലിലും പലവിധത്തില്‍ അപമാനിക്കപ്പെട്ടു. ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ്ഭരണത്തിന്റെ അക്രമങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ലഘുലേഖ തയ്യാറാക്കിയതിന്റെ പേരിലായിരുന്നു മൗലവിയെ ശിക്ഷിച്ചത്. നിരവധി കോണ്‍ഗ്രസ്, ഖിലാഫത്ത് പ്രവര്‍ത്തകരും ലഹളക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാലത്താണ് എം.പി നാരായണ മേനോന്‍, കെ. കേളപ്പന്‍, രാവുണ്ണിമേനോന്‍, പി മുഹമ്മദ് ഹാജി, മണ്ണാര്‍ക്കാട് ഇളയനായര്‍ തുടങ്ങിയ ഒട്ടേറെ ദേശസ്‌നേഹികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പട്ടാളം വന്ന് ചില മാപ്പിള വീടുകള്‍ക്ക് തീയിട്ടപ്പോള്‍ നിലതെറ്റിയ ലഹളക്കാര്‍ പട്ടാളക്കാരെ സഹായിച്ച മാപ്പിള മാരുടെയും ഹിന്ദുക്കളുടെയും വീടുകള്‍ തീവെച്ചു നശിപ്പിച്ചു. ഏറനാട് ലഹളയുടെ ചരിത്രം വാര്യംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ചരിത്രം കൂടിയാണ്. കുഞ്ഞഹമ്മദാജി കൊള്ളക്കാരില്‍നിന്നും ഹിന്ദുക്കളെ രക്ഷിക്കുകയും കൊള്ളക്കാരായ മാപ്പിളമാരെ ശിക്ഷിക്കുകയും ചെയ്തു. മതപരിവര്‍ത്തനത്തിനോടും ഹാജിക്ക് വിയോജിപ്പായിരുന്നു. ലഹളക്കാര്‍ തങ്ങളുടെ പ്രബല കേന്ദ്രങ്ങളായ മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് അധികാര ശക്തിയെ തുടച്ചുനീക്കുന്നതിനും ആ പ്രദേശങ്ങളില്‍ തങ്ങളുടെ ഭരണം സ്ഥാപിക്കുന്നതിനും അല്‍പ കാലത്തേക്കെങ്കിലും വിജയിച്ചുവെന്നു പറയാം.
ഇക്കാലത്ത് വടക്കേ ഇന്ത്യയില്‍ മലബാര്‍ കലാപത്തെക്കുറിച്ച് തെറ്റായ പല കഥകളും പ്രചരിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യം തകരാറിലാക്കുന്നതിലൂടെ ഭിന്നിപ്പിച്ചു കിരാതഭരണം ഇന്ത്യയില്‍ തങ്ങള്‍ക്കു നിലനിര്‍ത്താനാകുമെന്ന കാഴ്ചപ്പാടോടുകൂടി ബ്രിട്ടീഷുകാര്‍ കുടിലതന്ത്രങ്ങള്‍ മെനഞ്ഞു. ഭാരതത്തിലങ്ങിങ്ങായി 1922 മുതല്‍ ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനങ്ങള്‍ രൂക്ഷമായി. 1923ല്‍ സഹ്‌റാന്‍പൂരിലും 1924ല്‍ കോഹട്ടിലും 1926ല്‍ കൊല്‍ക്കത്തയിലും 1928-29 ല്‍ മുംബൈയിലും 1931ല്‍ കാണ്‍പൂരിലുമായി ധാരാളം പേര്‍ സാമുദായിക സംഘര്‍ഷ ഇരകളായി നിഷ്ഠൂരം കൊല്ലപ്പെട്ടു. സ്വതന്ത്രാനന്തരം മലബാര്‍ ലഹള ജനം വിസ്മരിച്ചു. നാടിന്റെ പുരോഗതിയ്ക്കും സാമുദായിക ഐക്യത്തിനുംവേണ്ടി മാനവിക മൂല്യങ്ങള്‍ ഉള്‍കൊണ്ടു മലബാര്‍ ജനത തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചരിത്രത്തിന്റെ ഗതിമാറ്റി കൊളോണിയല്‍ ബുദ്ധി പ്രാവര്‍ത്തികമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ സദാ ജാഗരൂകരായിരിക്കുക.