പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് റോഡുകള്‍ പണിതത്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ റോഡുകള്‍ കൈയേറി പൊതുയോഗങ്ങളും പ്രകടനങ്ങളും സമരങ്ങളും നടത്തുന്നത് നിയമവിരുദ്ധമാണ്. പാതയോരങ്ങളില്‍ പോലും ജനസഞ്ചാരത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനും കൊടിതോരണങ്ങള്‍ തൂക്കുന്നതിനും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമെതിരെ കോടതി പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഇയ്യിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊതുനിരത്തുകള്‍ സമരങ്ങള്‍ക്കു വേദിയാക്കരുതെന്ന ഉത്തരവിന്റെ ചൂടാറും മുമ്പുതന്നെ കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി സി.പി.എം നടത്തിയ സമരം കോടതിയെ പരിഹസി ക്കുന്നതിന് തുല്യമാണ്. വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കണ്ണൂരില്‍ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം നടത്തിയത് എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.
നീതിപീഠത്തിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള പ്രവൃത്തിക്കാണ് സി.പി.എം വീണ്ടും തുനിഞ്ഞത്. നിയമപീഠത്തോടും ന്യായാധിപന്മാരോടുമുള്ള അവഹേളനമായേ ഇതിനെ കാണാനാവു. പ്രത്യേകിച്ചും, അധികാരത്തിലിരിക്കുന്ന മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളില്‍ നിയമത്തോടും നീതിന്യായ സംവിധാനങ്ങളോടുമുള്ള മതിപ്പു കുറയ്ക്കാനേ ഉപകരിക്കൂ. മാത്രമല്ല, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പെരുമാറ്റവും സി.പി.എം നേതാക്കളില്‍ നിന്നുണ്ടായി. കേന്ദ്ര അവഗണനയില്‍ പ്രതിഷേധിക്കാനാണ് കേന്ദ്ര സ്ഥാപനമായ ഹെഡ് പോസ്റ്റാഫീസ് സമര വേദിയായി തിരഞ്ഞെടുത്തത്. പതിനായിരകണക്കിന് പേര്‍ പങ്കെടുക്കുന്ന സമരം നടത്തുമ്പോള്‍ റോഡിലെ ഗതാഗതം തടസ്സപ്പെടും. കണ്ണൂരില്‍ യാത്ര ചെയ്യാന്‍ വേറെയും റോഡുകളുണ്ട്. എന്നാല്‍, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. സമരം നടക്കുമ്പോള്‍ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. ജനങ്ങള്‍ എവിടെ നില്‍ക്കും. സമരം ആരും നിരോധിച്ചിട്ടില്ല. പ്രതി ഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍പെട്ടതാണ്. ഇനി ഇതിന്റെ പേരില്‍ ഈ ചൂട് കാലത്ത് വീണ്ടും ജയിലില്‍ പോകാന്‍ തയാറാണെന്നുമൊക്കെയായിരുന്നു സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസംഗം.
പൊതുനിരത്ത് കൊട്ടിയടച്ച് സമരം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിലൊന്നും വലിയ കാര്യമുണ്ടാകുമെന്നു കരുതാനാവില്ല. കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചതായും അത് മടക്കി പോക്കറ്റിലിട്ടതായും പറഞ്ഞ എം.വി ജയരാജന്റെ വാക്കുകള്‍തന്നെ അതിന് തെളിവാണ്. നിയമങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനുമുള്ള സി. പി.എമ്മിന്റെ ശ്രമം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണെത്തിക്കുക. കോടതി നിര്‍ദ്ദേശം ധിക്കരിച്ച് നടത്തിയ സമരം വെല്ലുവിളി തന്നെയാണ്. നിയമവ്യവസ്ഥയെ അറിഞ്ഞു കൊണ്ട് ധിക്കരിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത ഇത്തരം പ്രവണത തുടര്‍ന്നാല്‍ മറ്റു പലതിനും അത് നിമിത്ത മായേക്കും.
ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്കു മുമ്പില്‍ തിരക്കേറിയ റോഡിന്റെ 150 മീറ്റര്‍ കൊട്ടിയടച്ച് സി.പി.എം ഏരിയാ സമ്മേളനം സംഘടിപ്പിച്ചത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. പിന്നീട് ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക് പിശക് സംഭവിച്ചു. മേലില്‍ ഗ താഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നു പറയുകയും ചെയ്തുവെങ്കിലും കോടതി ഇടപെടലിനെതിരെ പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ നേതാവിന്റെ പ്രതികരണം ധിക്കാരപരമായിരുന്നു. ആളുകള്‍ക്ക് വാഹനങ്ങളില്‍ തന്നെ യാത്ര ചെയ്യണമെന്നുണ്ടോ നടന്നുപോയാല്‍ പോരേ, മലയില്‍ പോയി വേണോ ഞങ്ങള്‍ സമ്മേളനങ്ങളും സമരവും നടത്താന്‍ തുടങ്ങി മാന്യതക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
ജനങ്ങളെ തടഞ്ഞും റോഡ് തടസപ്പെടുത്തിയുമൊക്കെ സമരമാകാമെന്ന സി.പി.എം നിലപാട് എല്ലാവരും തുടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. റോഡ് നിളെ വീണ്ടും പരസ്യബോര്‍ഡുകള്‍ ഉയരുകയും കമാനങ്ങള്‍ നിറയുകയും ചെയ്യും. കോടതി ഉത്തരവുകള്‍ക്ക് വില കല്‍പിക്കുകയാണ് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എം ചെയ്യേണ്ടത്. കോടതികള്‍ക്കു താഴെയാണ് പാര്‍ട്ടി താല്‍പര്യങ്ങളെന്ന് അവര്‍ തിരിച്ചറിയണം. നേതാക്കള്‍ക്കുമാത്രമല്ല, അണികള്‍ക്കും ഈ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.