ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഒരുക്കുന്ന അനുസ്മരണ പരിപാടിയില്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്‍ ഖാദര്‍ ഹാജി, ഡോ. റാഷിദ് ഗസ്സാലി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പങ്കെടുക്കും. യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച 5 പൂര്‍വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും.
ദുബൈ: വയനാട് ജില്ലയില്‍ പൊതുവെയും കേരളീയ വിദ്യാഭ്യാസ മണ്ഡലത്തില്‍ വിശേഷിച്ചും അതിമഹത്തായ സംഭാവനകളര്‍പ്പിച്ച വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്‌ള്യു.എം.ഒ) ദീര്‍ഘകാലം നയിച്ച ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാലിന്റെ അനുസ്മരണ സമ്മേളനം ഈ മാസം 24ന് ശനിയാഴ്ച ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ വൈകുന്നേരം 6 മണിക്ക് വിപുലമായി സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡബ്‌ള്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി, ജന.സെക്രട്ടറി പി.പി അബ്ദുല്‍ ഖാദര്‍ ഹാജി, പൂര്‍വവിദ്യാര്‍ത്ഥിയും ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയിനറുമായ ഡോ. റാഷിദ് ഗസ്സാലി കൂളിവയല്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഡബ്‌ള്യു.എം.ഒ യുഎഇ പ്രസിഡന്റ് ദിബ്ബ കുഞ്ഞുമുഹമ്മദ് ഹാജി, ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി മുഹമ്മദ്, ജന.സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്‍ അഡ്വ. മുഹമ്മദലി, യുഎഇ കോ-ഓര്‍ഡിനേറ്റര്‍ മൊയ്തു മക്കിയാട്, മീഡിയ വിഭാഗം ജന.കണ്‍വീനര്‍ കെ.പി.എ സലാം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അനുസ്മരണ പരിപാടിയില്‍ ഡബ്‌ള്യു.എം.ഒയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നിത്യവരുമാനം ലക്ഷ്യമിട്ട് കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ പ്രൊജക്ട് അവതരണവുമുണ്ടാകും. യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച ഡബ്‌ള്യു.എം.ഒയുടെ അഞ്ചു പൂര്‍വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും.
ഒരു പുരുഷായുസ് നീണ്ട കഠിനാധ്വാനത്തിലൂടെയും നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിലൂടെയും ഡബ്‌ള്യു.എം.ഒക്ക് വിശാലമായ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സമ്മാനിച്ച് ഇന്നത്തെ നിലയിലുള്ള രാജ്യാന്തര ഖ്യാതി നേടിക്കൊടുത്ത സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എം.എ മുഹമ്മദ് ജമാല്‍. ഡബ്‌ള്യു.എം.ഒ എന്നത് അദ്ദേഹത്തിന് ജീവവായു പോലെയായിരുന്നു. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച് അവര്‍ക്കദ്ദേഹം അഭിമാനകരമായ അസ്തിത്വം നല്‍കി. പട്ടിണിയും അനാഥത്വവുമായി കഴിഞ്ഞ ബാല്യങ്ങളെ അദ്ദേഹം സ്വന്തം മക്കളായി ഡബ്‌ള്യു.എം.ഒയിലെത്തിച്ച് പഠിപ്പിച്ച് വളര്‍ത്തിയെടുത്തു.
‘റെസ്‌പെക്റ്റ് ചൈല്‍ഡ് ആസ് എ പേഴ്‌സണ്‍’ എന്നത് അദ്ദേഹം സമൂഹത്തിന് പകര്‍ന്ന ആശയമായിരുന്നു. കുട്ടികള്‍ക്ക് അദ്ദേഹം ‘ജമാലുപ്പ’യായിരുന്നു.1967ല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ കേവലം 6 കുട്ടികളുമായി രൂപം കൊണ്ട വയനാട് മുസ്‌ലിം ഓര്‍ഫനേജി(ഡബ്‌ള്യു.എം.ഒ)ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇന്ന് 11,498 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. വയനാട്ടിലെ ആദ്യ സിബിഎസ്ഇ സ്‌കൂള്‍ മുഹമ്മദ് ജമാല്‍ സ്ഥാപിച്ചതായിരുന്നു. വിദ്യാഭ്യാസ മേഖലയോടൊപ്പം തന്നെ, സാമൂഹിക രംഗത്തും അദ്ദേഹം വിവിധ പദ്ധതികള്‍ നടപ്പാക്കി. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ത്രീധന രഹിത സമൂഹ വിവാഹ സംഗമങ്ങള്‍. നിര്‍ധനരായ ആയിരക്കണക്കിന് യുവജനങ്ങളാണ് അങ്ങനെ കുടുംബ ജീവിതത്തില്‍ പ്രവേശിച്ചത്.
ഇന്ന് വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ പൊതുവെയും മുസ്‌ലിം-ന്യൂനപക്ഷ-പിന്നാക്ക സമൂഹങ്ങളില്‍ വിശേഷിച്ചും നിസ്തുല സംഭാവനകളര്‍പ്പിച്ച് ഡബ്‌ള്യു.എം.ഒ വിജയ പ്രയാണം തുടരുകയാണ്. എല്ലാ മേഖലകളിലും പിന്നാക്കമായിരുന്ന വയനാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഡബ്‌ള്യു.എം.ഒ സ്ഥാപിച്ച വിദ്യാഭ്യാസ, സാമൂഹിക, ആതുര സേവന സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുലോം തുഛമായിരുന്ന വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി മറ്റ് ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ചിരുന്ന കാലത്താണ് ഡബ്‌ള്യു.എം.ഒ സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുന്നത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ മൂന്ന് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് സ്ഥാപനങ്ങളുള്ളതെന്നത് ഡബ്‌ള്യു.എം.ഒയുടെ വിശാല കാഴ്ചപ്പാടിന് ഉദാഹരണമാണ്.
ഡബ്‌ള്യു.എം.ഒയുടെ കീഴില്‍ യുജിസിയുടെ ‘നാക്’ അക്രഡിറ്റേഷനുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, വിഎച്ച്എസ് സ്‌കൂള്‍, ഇംഗ്‌ളീഷ് അക്കാദമി (സിബിഎസ്ഇ), യുപി സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവയും; രാജീവ് ഗാന്ധി ക്രഷ്, പ്രീ പ്രൈറി സ്‌കൂള്‍, പറളിക്കുന്ന് ഡബ്‌ള്യു.ഒ.എല്‍.പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളും മുട്ടില്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മീനങ്ങാടിയില്‍ അല്ലാന വഫിയ വിമന്‍സ് കോളജ് ഒ.ഐ.സിയുടെ കീഴില്‍ മികച്ചൊരു സ്ഥാപനമാണ്. ദാറുല്‍ ഉലൂം അറബിക് കോളജ്, ഇംഗ്‌ളീഷ് സ്‌കൂള്‍, പൂക്കോയ തങ്ങള്‍ സൗധം എന്നിവ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്ന രോഗികള്‍ക്കും പരിചാരകര്‍ക്കും ജാതി-മത ഭേദമന്യേ ഭക്ഷണം നല്‍കി വരുന്ന കല്‍പ്പറ്റ ബാഫഖി ഹോം, മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബാഫഖി ഹോം മാനന്തവാടി എന്നിവ ഡബ്‌ള്യു.എം.ഒയുടെ സാമൂഹിക സേവന രംഗത്തെ സുപ്രധാന സ്ഥാപനങ്ങളാണ്.
സഹോദര സമുദായങ്ങളിലെ കുട്ടികളും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ പാലിച്ച് പഠിച്ചു വരുന്നുണ്ട്. മണിപ്പൂര്‍, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളും, നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കുട്ടികളും സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.
വയനാട്ടിലെ കുടുംബങ്ങളിലെ ദാരിദ്ര്യം ചൂഷണം ചെയ്ത് വലിയ സ്ത്രീധനം വാങ്ങി നടത്തിയിരുന്ന മൈസൂര്‍ കല്യാണങ്ങളുടെയും, സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ നിരവധി അനിഷ്ട സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡബ്‌ള്യു.എം.ഒയുടെ നേതൃത്വത്തില്‍ 2005ല്‍ സ്ത്രീധന രഹിത വിവാഹ സംഗമങ്ങള്‍ ആരംഭിച്ചത്. 16 സംഗമങ്ങളിലൂടെ 1986 യുവതീ യുവാക്കള്‍ കുടുംബ ജീവിതത്തില്‍ പ്രവേശിച്ചു. എല്ലാവരും സന്തോഷത്തോടെ ഇന്ന് കുടുംബ ജീവിതം നയിക്കുന്നു.
ഡബ്‌ള്യു.എം.ഒയുടെ വിവിധ സ്ഥാപനങ്ങിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, ഗവേഷകര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, സംരംഭകര്‍ എന്നിങ്ങനെ വിവിധ പ്രൊഫഷനലിസ്റ്റുകളായി സ്വദേശത്തും വിദേശങ്ങളിലും സേവനമനുഷ്ഠിക്കുന്നു. നിലവില്‍ 50 വിദ്യാര്‍ത്ഥികള്‍ കേരളത്തിനകത്തും പുറത്തും വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തി വരുന്നു.
ഈ നേട്ടങ്ങളെല്ലാം കൈവരിക്കാന്‍ ഡബ്‌ള്യു.എം.ഒയെ മുന്നില്‍ നിന്ന് നയിച്ച, ദീര്‍ഘ കാലം ജന.സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്‍ സാഹിബ് 2023 ഡിസംബര്‍ 21ന് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റ അനുസ്മരണാര്‍ത്ഥം നടക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ ഏവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ദുബൈ ഖിസൈസ് സ്‌റ്റേഡിയം, അല്‍നഹ്ദ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും സമ്മേളന നഗരിയിലേക്ക് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.