1.ലഹരി വ്യാപനത്തെ കേരളം ഒന്നിച്ച് പ്രതിരോധിക്കണം
പാലക്കാട് : ലഹരി മാഫിയ കേരളത്തില്‍ പിടിമുറുക്കുമ്പോൾ വേദനാജനകമായ വാര്‍ത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ ഫലമായുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഒരുമിച്ചുള്ള പ്രതിരോധ പദ്ധതികള്‍ യുവജന സംഘടനകള്‍ ആവിഷ്‌ക്കരിക്കണമെന്നും ഒന്നിച്ചു പ്രതിരോധിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃ ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയകള്‍ അപകടകരമായ സാന്നിധ്യം അറിയിക്കുന്നത്. ഇത് കേരളത്തിന്റെ ഭാവിയെ സാരമായി ബാധിക്കും. വര്‍ഷാവര്‍ഷങ്ങളിലെ ലഹരി വിരുദ്ധ ദിനങ്ങളില്‍ വ്യത്യസ്ത യുവജന സംഘടനകള്‍ നടത്തുന്ന ക്യാമ്പയിനുകള്‍ ഫലപ്രദമാകുന്നില്ല എന്നാണ് സമീപകാലത്തെ വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത്.
പുതിയ മദ്യശാലകള്‍ അനുവദിച്ചും കേരളത്തില്‍ മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചും സര്‍ക്കാര്‍ ലഹരി മാഫിയക്ക് കൂട്ട് നില്‍ക്കുകയാണ്. പിടിക്കപ്പെടുന്ന ലഹരി വ്യാപാരികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്നതും സമൂഹത്തില്‍ വലിയ ആപത്തുകള്‍ ഉണ്ടാക്കുന്നതായും യൂത്ത് ലീഗ് പ്രമേയം അഭിപ്രായപ്പെട്ടു.
2. കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ ശക്തമായി പ്രതിരോധിക്കും
വികസന മുരടിപ്പിന്റെയും, സര്‍വ്വ മേഖലകളുടെ തകര്‍ച്ചയുടെയും ഫലമായി ഏറെ ദുഷ്‌കരമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ഏത് സാമ്പത്തികമായ പ്രതിസന്ധികള്‍ക്കിടയിലും വലിയ പരിരക്ഷയോട് കൂടി പരിഗണിക്കപ്പെട്ടിരുന്ന പട്ടികജാതി സമൂഹത്തിനുള്ള പ്ലാന്‍ ഫണ്ട് പോലും ഇല്ലാതാക്കിയത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അപൂര്‍വതകളില്‍ ഒന്നാണ്. അടിസ്ഥാന വികസന മേഖലകളിലും, പിന്നോക്ക വിഭാഗങ്ങളുടെയും, പട്ടികജാതി സമൂഹത്തിന്റേത് ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെയും, സമൂഹത്തിലെ അവശ ജന വിഭാഗങ്ങളുടെയും, പാര്‍ശ്വവല്‍ക്കൃതരുടെയും ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ളവ മാസങ്ങളായി നല്‍കാതെ പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ച മേന്മയായി പറഞ്ഞിരുന്ന കിഫ്ബി പദ്ധതി മുഖാന്തരം നിര്‍മ്മിക്കപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍ നല്‍കണമെന്നതുള്‍പ്പെടെ തലതിരിഞ്ഞ വികസനയങ്ങള്‍ കേരളത്തിലെ സാധാരണ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ഇടത് സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മദ്യ നിര്‍മ്മാണശാല വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയോടൊപ്പം, സമയാസമയങ്ങളില്‍ ആവശ്യമായ രേഖകളും, അനുബന്ധകാര്യങ്ങളും കേന്ദ്രസര്‍ക്കാരില്‍ എത്തിക്കാത്തത് മൂലം അര്‍ഹതപ്പെട്ടതും, അനിവാര്യമായതുമായി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉള്‍പ്പെടെ ലഭ്യമല്ലാത്ത അവസ്ഥ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിന്റെ പാപഭാരം മുഴുവന്‍ സാധാരണക്കാരുടെ മേല്‍ കെട്ടിവെക്കുന്ന തലതിരിഞ്ഞ വികസനനയം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ദ്രോഹമാണ് വരുത്തി വെച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ വികസന വിരുദ്ധ നിലപാടില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയം വഴി പ്രതിഷേധം രേഖപ്പെടുത്തുന്നു.
3. കേരളത്തോടുള്ള കേന്ദ്ര അവഗണന പ്രതിഷേധാര്‍ഹം
മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാനങ്ങളെ എല്ലാ മേഖലകളിലും അവഗണിക്കുകയാണ്. കേരള സംസ്ഥാനത്തോടും കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തി പോരുന്ന സമീപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പാലിക്കേണ്ട അടിസ്ഥാനപരമായ ബാധ്യതകള്‍ക്കും, ബന്ധങ്ങള്‍ക്കും യാതൊരു അര്‍ത്ഥത്തിലുള്ള വിലയും കല്‍പ്പിക്കാത്ത രീതിയിലുള്ളതാണ്. അവസാനം കേന്ദ്രത്തില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റിലും കേരളത്തോട് കാണിച്ചത് പൂര്‍ണമായ വിവേചനമാണ്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) എന്ന ആവശ്യവുമായി വര്‍ഷങ്ങളായി കേന്ദ്രത്തിന്റെ മുമ്പില്‍ നിരന്തരമായി കക്ഷിഭേദമന്യേ ഒന്നിച്ച് കേരളം ആവശ്യം ഉന്നയിച്ചിട്ടും അനുവദിക്കാത്തതും രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദുരന്തങ്ങളില്‍ ഒന്നായിരുന്ന വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം എടുത്ത തികഞ്ഞ പക്ഷപാതപരമായ നിലപാടുകളും ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വങ്ങളിലുള്ള നഗ്‌നമായ ലംഘനമാണ്.
ബിജെപി അനുകൂല രാഷ്ട്രീയകക്ഷികള്‍ക്കല്ലാതെ രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരത്തിന് അവസരം ഒരുക്കരുതെന്നുള്ള ഫാസിസ്റ്റ് നിലപാടിന്റെ വിളംബരം കൂടിയാണ് ഈ സമീപനം. വികസനരംഗത്തും ക്ഷേമരംഗത്തും കേന്ദ്രം കേരളത്തോട് കാണിക്കുന്ന ഈ അതിശക്തമായ വിവേചനത്തില്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ക്യാമ്പ് പ്രമേയം വഴി പ്രതിഷേധം അറിയിക്കുന്നു.
———————————
4.സാമുദായിക ഐക്യം തകർക്കരുത് :
വിവിധ സംഘടനകളുടെ സര്‍ഗാത്മക ഇടപെടലുകള്‍ ഫലപ്രദമായി പ്രതിഫലിച്ചത് കൊണ്ടാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ സാമൂഹിക പുരോഗതി നേടിയെടുക്കാന്‍ കേരളീയ സമൂഹത്തിന് സാധിച്ചത്. ഈ സാമൂഹ്യ പുരോഗതിക്ക് നേതൃപരമായ പങ്ക് വഹിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ഐക്യത്തിന്റെ ചരടിലേക്ക് ചേര്‍ന്നുനില്‍ക്കല്‍ അത്രമേല്‍ അനിവാര്യമായ ഇക്കാലത്ത് സമുദായ ഐക്യത്തോടൊപ്പം ഇതര ജനാധിപത്യ മതേതര സമൂഹങ്ങളുടെ ഒരുമ കൂടി നമ്മള്‍ നിര്‍വ്വഹിക്കാനിരിക്കുമ്പോള്‍ ഉള്ളടക്കശൂന്യമായ വിഷയങ്ങള്‍ പര്‍വ്വതീകരിച്ച് അന്തിച്ചര്‍ച്ചകള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അജണ്ടകള്‍ക്ക് തലവെച്ച് കൊടുക്കാതിരിക്കാന്‍ മത, സാമുദായിക നേതാക്കള്‍ ജാഗ്രത പുലര്‍ത്തണം.
ഐക്യത്തിലൂടെയാണ് നാം എല്ലാം നേടിയെടുത്തത്. അത് നിലനിര്‍ത്താനുള്ള ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. സാമുദായിക ഐക്യം തകര്‍ക്കുന്ന പരിസരങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും അത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കാനും സമുദായ പുരോഗതി ആഗ്രഹിക്കുന്നവര്‍ നിതാന്ത ജാഗ്രത പാലിക്കണം. നമുക്ക് നിര്‍വ്വഹിക്കാനുള്ള വലിയ ദൗത്യങ്ങളെക്കുറിച്ചുള്ള ധാരണ എപ്പോഴും ഉണ്ടാകണം. സാമുദായിക ഐക്യത്തിന് അനിവാര്യമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും സംഘടനകള്‍ തമ്മില്‍ ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും വേണം. സമുദായത്തെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ കെണിയില്‍പ്പെട്ട് സമുദായ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തരവാദപ്പെട്ട മതസംഘടനാ വക്താക്കളും വിട്ടുനില്‍ക്കണം.
5.വിദ്വേഷ പ്രചാരകരെ കയറൂരി വിടുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം
മത സാഹോദര്യത്തിന്റെയും, പരസ്പര സഹിഷ്ണുതയുടെയും കാര്യത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന പാരമ്പര്യമാണ് കേരളത്തിന് ഉണ്ടായിരുന്നത്. പരസ്പര സാഹോദര്യത്തിന്റെ വിളനിലമായി കേരളം നിലനിന്നു പോകുന്നതിന് മത സംഘടനകളും, മതനേതാക്കന്മാരും പുലര്‍ത്തി പോന്നിരുന്ന വിശാലമായ കാഴ്ചപ്പാടുകളും വലിയൊരു അളവില്‍ അതിന്റെതായ പങ്കുവഹിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളും, പൊതുകൂട്ടായ്മകളും ചടങ്ങുകളും നേരിട്ടു ഉപയോഗിക്കുന്നതോടൊപ്പം, വാര്‍ത്താ മാധ്യമ വിനിമയ രംഗത്ത് ഉണ്ടായ സാധ്യതകളും, സാമൂഹിക മാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളെയും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടത്തപ്പെടുന്ന വര്‍ഗീയ വിദ്വേഷ പ്രചരണം അപകടകരമാണ്. രാജ്യത്തെ മുസ്ലിം സമുദായത്തെ അങ്ങേയറ്റം അപമാനിച്ച മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരോട് നിയമ സംവിധാനവും, ഭരണകൂടവും കാണിക്കുന്ന പ്രീണനവും മൗനാനുവാദവും അപകടകരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാനുള്ള സാധ്യത ഭരണകൂടം മുന്‍കൂട്ടി കാണേണ്ടതുണ്ട്.
പ്രാരംഭ ഘട്ടത്തില്‍ താരതമ്യേനെ അപ്രസക്തരായ നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ഈ മാര്‍ഗം നിസ്സാരമായി കണ്ടതിന്റെ അനന്തരഫലമാണ് മുഖ്യധാര നേതാക്കളും, മുഖ്യ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ഏറ്റെടുത്തിരിക്കുന്ന വിദ്വേഷ പ്രചരണം. അതിശക്തമായ നിയമ നടപടികളിലൂടെ ഭരണകൂടം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വത്തിലുള്ള വീഴ്ചയാണ് ഇന്ന് കേരളത്തിലെ സാമൂഹിക അന്തരീക്ഷം വഷളാവുന്നതിലേക്ക് വഴി തെളിയിക്കുന്ന പ്രധാനപ്പെട്ട കാരണം. വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഭരണകൂടം പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ക്യാമ്പ് അതിശക്തമായ പ്രതിഷേധം പ്രമേയം വഴി രേഖപ്പെടുത്തുന്നു.
————————————-
6.മുണ്ടക്കൈ ചൂരൽമല ദുരന്ത പുനരധിവാസം ഉടൻ നടപ്പാക്കണം
മുണ്ടക്കൈ ചൂരൽമല ദുരന്ത പുനരധിവാസം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ അടിയന്തിര ഇടപെടൽ നടത്താൻ കേരള കേന്ദ്ര സർക്കാറുകൾ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് യുവ ജാഗരൺ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദുരന്തം നടന്ന ഏഴുമാസം പിന്നിടുമ്പോഴും ദുരന്തബാധിതർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്താൻ സർക്കാറുകൾക്ക് സാധിക്കുന്നില്ല
പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ചു ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ തയ്യാറാവാതെ വായ്പ മാത്രമാക്കി ചുരുക്കിയത് കേരളത്തോട് കാണിക്കുന്ന കടുത്ത അനീതിയാണ് ദുരന്തബാധിതരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഏഴു മാസങ്ങൾ പിന്നിട്ടിട്ടും സർക്കാറുകൾക്ക് ആവുന്നില്ല ദുരന്തത്തിൽ പരിക്ക് പറ്റിയവർ തുടർ ചികിസക്ക് മാർഗം ഇല്ലാതെ വലിയ പ്രതിസന്ധി നേരിടുകയാണ് വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നിലവിൽ അപര്യാപ്തമാണ് ഒരു കുടുംബത്തിന് 10സെന്റ് സ്ഥലവും വീടും മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്
ഇതിനു ആവശ്യമായ ഭൂമി പോലും നിലവിൽ ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഏക്കർ കണക്കിന് കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകാനോ നഷ്ടപ്പെട്ട ഭൂമിക്ക് നഷ്ടപരിഹാരം നൽകാനോ സർക്കാർ തയ്യാറാവുന്നില്ല ഭൂമി നഷ്ടപ്പെട്ടവർക്ക് കർഷകനു പകരം ഭൂമി നൽകണമെന്നും കച്ചവട സ്ഥാപനങ്ങളും ബിൽഡിങ്ങുകളും നഷ്ടപ്പെട്ടവർക്ക് അതിന്റെ നഷ്ടപരിഹാരം വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
—————————————
7.വന്യ ജീവി ആക്രണണം നേരിടാൻ വനനിയമം ഭേദഗതി ചെയ്യണം
1972 ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും,വന്യ ജീവി ആക്രമണത്തെ നേരിടാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻസറുകൾ, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ്, ഓട്ടോമേഷൻ
തുടങ്ങിയ പുതു സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും,വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ഇത് നടപ്പിലാക്കാൻ ബന്ധപെട്ട സർക്കാരുകൾ മുന്നോട്ട് വരണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് യുവ ജാഗരണ് നേതൃ ക്യാംപ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതോടെ ജനവാസ,ഗ്രാമീണ മേഖലയിലേക്ക് വന്യ ജീവികളുടെ വരവുകൾ അറിയിക്കാനുള്ള ഒരു മുന്നറിയിപ്പ് ആയി ഇത് മാറും.
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ഭീതി ജനകമായ രീതിയിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്.
വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത് . കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ മാത്രം 8 പേരുടെ ജീവൻ നഷ്ടപ്പെട്ടു .കഴിഞ്ഞ ഒന്നര വർഷത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ 13 ജീവനുകളും നഷ്ടപെട്ടു.
വന പ്രദേശങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ മുളക് കൃഷിയും,തേനീച്ച വളർത്തലും കാട്ടാനകളെ അകറ്റി നിർത്തുമെന്ന് ഇൻ്റർ നാഷണൽ എലിഫൻ്റ് ഫൗണ്ടേഷൻ്റെ ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു.
വനത്തിൽ നട്ടുപിടിപ്പിച്ച
സെന്ന (മഞ്ഞ കൊന്ന) തേക്ക് മരങ്ങൾ പിഴുതു മാറ്റി നാമാവശേഷമാക്കാൻ സർക്കാരുകളും,വനം വകുപ്പും മുന്നോട്ട് വരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് അഹല്യ ക്യാമ്പസിൽ നടന്ന മുസ്‌ലിം യൂത്ത് ലീഗ് നേതൃക്യാമ്പ് യുവജാഗരൺ സമാപിച്ചു. സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തിൽ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഷയങ്ങൾ ചർച്ചയായി.
സംസ്ഥാനത്തെ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രതിനിധികളായ ദ്വിദിന സംസ്ഥാന നേതൃ ക്യാമ്പിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. സമാപന സെഷൻ മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ഉപലീഡർ ഡോ. എം. കെ മുനീർ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളില്‍ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, സി. മമ്മൂട്ടി, പി.എം സാദിഖലി, ടി.എ അഹമ്മദ് കബീര്‍ , സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, എം.എ സമദ്, ഡോ. അബ്ദുല്ല ബാസിൽ, പി.എ റഷീദ്, പി.കെ ഷറഫുദ്ദീൻ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാഷിദ് ഗസ്സാലി, അഷറഫ് വാളൂര്‍, അഡ്വ. ദിനേഷ് വാര്യർ, സുഭാഷ് ചന്ദ്രൻ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമാപന പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പ് പ്രഖ്യാപനം നിർവ്വഹിച്ചു.
സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ നന്ദി പറഞ്ഞു., സംസ്ഥാന വൈസ് പ്രസിസണ്ടുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, കെ.എ മാഹീൻ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്ലിയ, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി പ്രസംഗിച്ചു. വിവിധ സെഷനുകളിൽ ജില്ല പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രസീഡിയം നിയന്ത്രിച്ചു.