Connect with us

Sports

ലവ് യു പാരിസ്-4: ഫാസി..! കേപ..! സയാകു..! എസ്പൻഡാസോ..!

Published

on

ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും.

സെൻ നല്ല ഉറക്കമൂഡിലായിരുന്നു. പക്ഷേ മറ്റൊരു പത്രക്കാരനെ കിട്ടിയപ്പോൾ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദുരനുഭവങ്ങൾ അവന് പറയാതിരിക്കാനായില്ല. 2010 ൽ ചൈനീസ് നഗരമായ ഗോഞ്ചുവിൽ ( ഗു വാൻ ഷു) നടന്ന ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ ആ നഗരത്തെക്കുറിച്ച് ധാരാളമെഴുതിയിരുന്നു. സെൻ ജോലി ചെയ്യുന്ന പത്രം ഗോഞ്ചുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞാണ് തുടങ്ങിയത്. നന്നായി ആംഗലേയം സംസാരിക്കുന്ന അപുർവ്വ ചൈനക്കാരിൽ ഒരാളാണ് സെൻ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ചരിത്രമാവുമെന്നെല്ലാം പറഞ്ഞാണ് മഴയുള്ള വെള്ളി പ്രദോഷത്തിൽ ലോകത്തെ പ്രധാനികളായ മാധ്യമ പ്രവർത്തകരെയെല്ലാം സംഘാടകർ വിളിച്ച് കൊണ്ട് പോയത്. ആദ്യം മീഡിയാ ബസിൽ നദി തടമായ ട്രസറാഡോയിലേക്ക്. സുരക്ഷാ പരിശോധനയുടെ പേരിൽ ഭീകര ക്യു. കഷ്ടകാലത്തിന് ഏതോ സാമുഹ്യദ്രോഹികൾ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കേബിളുകൾക്ക് തീ വെച്ചിരുന്നു. അതോടെ തീവ്രവാദികൾ എന്ന പേരിൽ സുരക്ഷ കഠിനമാക്കി. മണിക്കുറുകൾ ദീർഘിച്ച സുരക്ഷാ പരിശോധന. മഴ പെയ്തിട്ടും അവർ നിർത്തിയില്ല. ലാപ്ടോപിൽ വെള്ളം കയറിയപ്പോൾ താൻ ക്ഷുഭിതനായപ്പോൾ സുരക്ഷാ സംഘത്തിലെ വനിതക്ക് പാസ്പോർട്ട് കാണണമെന്ന് നിർബന്ധം. മറ്റൊരു ബാഗിലായിരുന്നു പാസ്പോർട്ട്. അതെല്ലാം എടുത്ത് തിരികെ വന്നപ്പോൾ വീണ്ടും ക്യാമറാബാഗ് തുറക്കണമെന്നായി.

എല്ലാം സഹിച്ച് ട്രസറാഡോയിലെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായപ്പോൾ സീറ്റ് നമ്പർ നിർബന്ധമെന്ന് പറഞ്ഞ് വോളണ്ടിയർ. മഴയെ പ്രതിരോധിക്കാൻ സംഘാടകർ വി.ഐ.പികൾക്ക് പ്ലാസ്റ്റിക് കോട്ട് നൽകി. മാധ്യമ പ്രവർത്തകർക്ക് ഒന്നും നൽകിയില്ല. ഒടുവിൽ സഹികെട്ട് ഉദ്ഘാടനം ബഹിഷ്ക്കരിച്ച് മടങ്ങാൻ തീരുമാനിച്ചു. അവിടെയും പണി കിട്ടി. അഞ്ച് കിലോമീറ്ററോളം സുരക്ഷക്കായി നഗരം അടച്ച് പൂട്ടിയിരിക്കുന്നു. ഒരു ടാക്സിക്കായി നടന്നത് ആറ് കിലോമീറ്റർ. തിരികെ റൂമിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ട് മണി. ഇത്തരത്തിലൊരു ദുരനുഭവം ഇത് വരെയിലെന്ന് സെൻ പറയുമ്പോൾ ഞങ്ങളുടെ ട്രെയിൻ എഴാം സ്റ്റേഷനും പിന്നിട്ട് കോൺഗ്രസിലെത്തിയിരുന്നു….!!

സെൻ പറഞ്ഞ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടായി. സാധാരണ സ്റ്റേഡിയങ്ങളിൽ നടക്കാറുള്ള ഉദ്ഘാടന ചടങ്ങ് കുറച്ച്കൂടി ആകർഷകമാക്കാനാണ് തുറന്ന വേദിയിൽ നദീതടത്തിലാക്കിയത്. നല്ല തീരുമാനമായിരുന്നു. പക്ഷേ സംഘാടകർ മഴയെ കണ്ടില്ല. വെള്ളി രാവിലെ മുതൽ നല്ല മഴയായിരുന്നു. രാത്രിയോടെ അത് ശക്തമായി. സെൻ നദിയിലൂടെ തുറന്ന ബോട്ടുകളിലായിരുന്നു താരങ്ങളുടെ മാർച്ച്പാസ്റ്റ്. പലരും നനഞ്ഞ് കളിച്ചു. 24 മണികൂറിനകം മൽസരിക്കാനുള്ളവർ സ്വയം പഴിച്ചു. വിവിധ രാജ്യങ്ങളിലെ സംഘത്തലവന്മാർ ദേഷ്യം പരസ്യമാക്കി. ഒരു ജലദോഷം മതിയല്ലോ, നാല് വർഷത്തെ ഒരുക്കം ഇല്ലാതാക്കാൻ. ഭാഗ്യത്തിന് ആദ്യ ദിനം മൽസരിക്കാനുള്ള ഇന്ത്യൻ താരങ്ങളൊന്നും മാർച്ച് പാസ്റ്റിൽ അണിനിരന്നില്ല. അത് പി.ടി ഉഷ എന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെ പക്വമായ തീരുമാനമായിരുന്നു. അനുഭവ സമ്പത്തിൽ നിന്നുമുള്ള തീരുമാനം. ഉഷയും മണിക്കുറുകളോളം മഴ കൊണ്ടു. ഞങ്ങൾക്ക് നേരെ മുമ്പിലായിരുന്നു ഉഷയും ഭർത്താവ് ശ്രീനിവാസനുമുണ്ടായിരുന്നത്.

മൂന്ന് ലെയറായിരുന്നു സുരക്ഷാ പരിശോധന. വെറുതെയുള്ള നാടകം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ആർക്കുമില്ല. ട്രസറാഡോയിലെ താൽക്കാലിക വേദിയിലെ വലിയ സ്ക്രീനിലായിരുന്നു ചടങ്ങുകൾ കണ്ടത്. മാർച്ച് പാസ്റ്റിന് ശേഷം താരങ്ങളെത്തിയത് ഞങ്ങൾക്ക് മുന്നിലായിരുന്നു. എല്ലാവരും തണുത്ത് വിറക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്കുറായിരുന്നു സഹനം. ഫ്രഞ്ചുകാർ പുലികളായിരിക്കാം-പക്ഷേ ഉദ്ഘാടന മഹാമഹം കൊടും ചതി മാത്രമല്ല,ദുരന്തവുമായി. എല്ലാം കഴിഞ്ഞ് വീണ്ടും നാടകം. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ കടന്ന് പോവാൻ അര മണിക്കൂർ ബ്ലോക്ക്. പിന്നെയും ഇഴഞ്ഞ് ഇഴഞ്ഞുള്ള പരിശോധനകൾ. ഉദ്ഘാടന ചടങ്ങുകളെക്കുറിച്ച് ഇന്നലെ മീഡിയാ സെൻററിൽ കേട്ട ചില പദങ്ങൾ പറയാം.
ഹൊറിബിൾ..! ഫാസി..!,കേപ..!സയാകു..!,എസ്പാൻഡാസോ..!!!
( രണ്ടാമൻ അറബിക്, മൂന്നാമൻ ചൈനീസ്, നാലാമൻ ജപ്പാനീസ്,അഞ്ചാമൻ സ്പാനിഷ്)

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Football

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ലിവറിന്റെ ക്രിസ്തുമസ് സമ്മാനം. ഒന്‍പത് ഗോള്‍ ത്രില്ലര്‍ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് അര്‍നെ സ്ലോട്ടിന്റെ സംഘം കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) ലിവര്‍പൂളിനായി വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവര്‍ ആശ്വാസ ഗോള്‍നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ബൗണ്‍മൗത്ത് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

ടോട്ടനം തട്ടകമായ ഹോട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതല്‍ ലിവര്‍പൂള്‍ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാല്‍ ചെമ്പടയുടെ കൗണ്ടര്‍ അറ്റാക്കിനെ നേരിടുന്നതില്‍ ആതിഥേയര്‍ പലപ്പോഴും പരാജയപ്പെട്ടു.

പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല(00). സമനിലയാണെങ്കിലും പോയന്റ് ടേബിളില്‍ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Trending