Connect with us

kerala

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം.

Published

on

പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചുത്തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

വൈകുന്നേരം കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം നടന്നത്. മഴ കാരണം നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട് ലോറി വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

kerala

എം.ആര്‍ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

കഴിഞ്ഞ ദിവസം ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റി ചേരുകയും എം.ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കുകയും ചെയ്തു.

Published

on

എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ എം.ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം. ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.

കഴിഞ്ഞ ദിവസം ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റി ചേരുകയും എം.ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കുകയും ചെയ്തു. യു.പി.എസ്.സി ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുക്കും.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് സ്ഥാനക്കയറ്റം തടയാനാവില്ലെന്ന്് സ്‌ക്രീനിങ് കമ്മിറ്റി പറഞ്ഞു.

ഇതുവരെ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ അജിത്കുമാര്‍ ഇതുവരെയും നേരിട്ടിട്ടില്ല.

 

Continue Reading

india

ദേശീയപാതാ നിര്‍മ്മാണം; യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയപാത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി സമദാനി

ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമദാനി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കി.

Published

on

ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നല്‍കി. മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങള്‍ ഇതിനു മുന്‍പ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷന്‍, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂര്‍, ഉറൂബ് നഗര്‍ എന്നിവിടങ്ങളില്‍ റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകള്‍ അനുവദിക്കുകയോ അത് സാധ്യമല്ലെങ്കില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഏര്‍പ്പെടുത്തുകയോ ചെയ്യണം.

മദിരശ്ശേരിയില്‍ നിലവിലുള്ള റോഡ് ദേശീയപാതാ നിര്‍മ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേല്‍പാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയില്‍ സര്‍വീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തില്‍ ഉണ്ടാക്കിയിട്ടുള്ള പരിഹാരനിര്‍ദ്ദേശം നടപ്പില്‍ വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സര്‍വീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂര്‍, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നല്‍കി.

Continue Reading

kerala

അതിതീവ്ര മഴ മുന്നറിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

ക്വാറികളുടെ പ്രവര്‍ത്തനം വിലക്കി.ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Published

on

പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ക്വാറികളുടെ പ്രവര്‍ത്തനം വിലക്കി.ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പ സ്‌നാനതിന് വിലക്കില്ല. മഴ കൂടിയാല്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചുട്ടുണ്ട്

മന്നാര്‍ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും ഡിസംബര്‍ 12,13 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പന്റെ സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കെ.രാജന്‍. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. മലയോരമേഖലകളില്‍ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലാ ഭരണ കൂടം നല്‍കിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള കാനനപാതകളില്‍ പ്രത്യേക നിരീക്ഷണം നടത്താന്‍ വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending