മണിപ്പൂര്‍ കാലപ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭരേഖകളില്‍ നിന്ന് നീക്കി. രാഹുല്‍ നിരവധി തവണ ഉപയോഗിച്ച കൊലപാതകം,കൊല, എന്നടക്കമ്മുള്ള വാക്കുകളാണ് നീക്കിയത്.
ഭാരതമാതാവിനെ കൊല ചെയ്‌തെന്ന വാചകത്തിലെ ‘കൊല’, എന്ന വാക്കും ബി.ജെ.പി നേത
ക്കള്‍ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ ‘രാജ്യദ്രോഹി’, പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്നിവയാണ് നീക്കിയ മറ്റു വാക്കുകള്‍.എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതില്‍ സ ന്‍സദ് ടിവി പക്ഷപാതം കാട്ടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചര്‍ച്ചയില്‍ 37 മിനിട്ട് പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ 14 മിനിട്ട് ഭാഗം മാത്രമാണ് പാര്‍ലമെന്റിന്റെ ഔദ്യോഗിക ചാനലായ സന്‍സദ് ടി.വി സംപ്രേഷണം ചെയ്തതെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. മോദി എന്തിനെയാണ് ഭയക്കുന്നതെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
അന്യായമായി അയോഗ്യനാക്കപ്പെട്ട ശേഷം തിരിച്ച് സഭയിലെത്തിയ രാഹുല്‍ 12.09 മുതല്‍ 12.46 വരെയാണ് പ്രസംഗിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഏതാണ്ട് 37 മിനുട്ട് രാഹുല്‍ സംസാരിച്ചു. എന്നാല്‍ അതില്‍ വെറും 14 മിനുട്ട് 37 സെക്കന്‍ഡ് മാത്രമാണ് സന്‍സദ് ടിവി സംപ്രേഷണം ചെയ്തത്. അതായത് 40 ശതമാനം സ്‌ക്രീന്‍ ടൈം. എന്തിനെയാണ് മോദി പേടിക്കുന്നത്-ജയറാം രമേശ് കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സംപ്രേഷണത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സന്‍സദ് ടിവിയില്‍ സ്‌ക്രോള്‍ ചെയ്തത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
സഭ അല്‍പനേരം തടസപ്പെട്ടു. പിന്നാലെ ബിജെപിയുടെ നിഷികാന്ത് ദുബെ പ്രസംഗിക്കാനെത്തിയെങ്കിലും പ്രതിപക്ഷം വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ചു. പിന്നീട് സ്പീക്കര്‍ ഓം ബിര്‍ള അത്തരത്തിലുള്ള വിവരങ്ങള്‍ സ്‌ക്രോള്‍ ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ച ശേഷം സന്‍സദ് ടിവി പക്ഷപാതം കാട്ടുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ആഗസ്ത് രണ്ടിന് പരാതി നല്‍കിയിരുന്നു. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തില്‍ പ്രതിപക്ഷ ബെഞ്ചുകളുടെ ദൃശ്യങ്ങളും ഇടപെടലുകളും കാണിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് സന്‍സദ് ടി.വി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രജിത് പുനാനിക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലും ഇതേ നിലപാടാണ് സന്‍സദ് ടിവി സ്വീകരിച്ചത്. അന്ന് രാഹുല്‍ ഗാന്ധി ഇന്ത്യയെ വിദേശത്ത് അപമാനിച്ചെന്നാരോപിച്ച് രാാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധം കടുപ്പിച്ചതായിരുന്നു തുടക്കം. തുടര്‍ന്ന് സ്ഥിതി ഗതികള്‍ രൂക്ഷമായതോടെ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ബഹളത്തിനിടെ ലോക്‌സഭാ നടപടികള്‍ സന്‍സദ് ടിവി സംപ്രേഷണം ചെയ്തത് ശബ്ദമില്ലാതെയായിരുന്നു. ‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സന്‍സദ് ടി വി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.