ടി.എച്ച് ദാരിമി
കേള്‍ക്കാന്‍ രണ്ട് ചെവികള്‍ സ്രഷ്ടാവ് തന്നിട്ടുണ്ട്. കാണാന്‍ കണ്ണുകള്‍ രണ്ടെണ്ണവും. എന്നാല്‍ കണ്ടതും കേട്ടതുമെല്ലാം മറ്റുള്ളവരിലേക്ക് ചൊരിയാനും പകരാനുമാവട്ടെ ഒരൊറ്റ നാവേ തന്നിട്ടുള്ളു. സ്വന്തം ശരീരത്തില്‍നിന്നും പഠിച്ചെടുക്കുന്ന ഈ തത്വം പറയുന്നത് നാം പറയുന്നതിന് ചില പരിധികളൊക്കെയുണ്ടായിരിക്കണം എന്നാണ്. കണ്ടതും കേട്ടതുമെല്ലാം സത്യമാണെങ്കില്‍പോലും എല്ലാം വാരിവലിച്ച് ഛര്‍ദ്ദിക്കാനുള്ളതല്ല എന്നാണ്. പറയലുകള്‍ക്ക് നിയന്ത്രണമെന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം അനുഭവങ്ങള്‍ തന്നെയാണ്. മറ്റൊരാളെകുറിച്ച് വിചാരിക്കുന്ന കാര്യങ്ങളേക്കാളും ഒരുപക്ഷേ ചെയ്യുന്ന കാര്യങ്ങളേക്കാളും സ്വാധീനിക്കുക പറയുന്ന വാക്കുകളായിരിക്കും. പറയുന്ന അനുകൂലമായ വാക്കുകള്‍ സംബോധിതനില്‍ അവ സന്തോഷവും ഊര്‍ജ്ജവും ഉന്‍മേഷവും നിറക്കും. പ്രോത്സാഹനങ്ങള്‍ അയാളില്‍ ഏത് അസാധ്യമായതും സാധ്യമാണ് എന്ന ധൈര്യം പകരും. വാക്കുകള്‍കൊണ്ടുള്ള തലോടലുകള്‍ ഔഷധമാകും. ആശ്വാസവചനങ്ങള്‍ ഏതു ദുരന്തത്തില്‍നിന്നും പിടിച്ചുകയറ്റും. മറുവശത്ത്, കുറ്റപ്പെടുത്തിയോ അധിക്ഷേപിച്ചോ ശകാരിച്ചോ പരിഹസിച്ചോ പ്രയോഗിക്കുന്ന വാക്കുകള്‍ ഒരിക്കലും കൂടാത്ത മുറിവുകളും മാറാത്ത വേദനകളും ഉണ്ടാക്കും. മനുഷ്യന്റെ ബന്ധങ്ങളില്‍ ശക്തമായ വിള്ളലുകള്‍ വീഴ്ത്തും. വെറും വാക്കിന്റെ പേരില്‍ മുറിഞ്ഞ ബന്ധങ്ങളും തകര്‍ന്ന കുടുംബങ്ങളും മുതല്‍ അവ കാരണമായി ഉണ്ടായ കക്ഷിത്വങ്ങളും യുദ്ധങ്ങളെല്ലാം അതിന് എത്രയോ ഉദാഹരിക്കാനുണ്ട്.
മനുഷ്യന്റെ സാമൂഹ്യതയെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് വര്‍ത്തമാനങ്ങളെ നിയന്ത്രിക്കുക എന്നത് ഏറെ പ്രധാനമായതിനാല്‍ തന്നെ ഇസ്‌ലാം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് ഇസ്‌ലാം ലക്ഷ്യമിടുന്നത് പരസ്പര വിശ്വാസവും സ്‌നേഹവും ആരോഗ്യമുള്ള സമൂഹത്തിന്റെ നിര്‍മിതിയാണ്. ഈ ഉന്നതമായ പാരസ്പര്യങ്ങളെ പൊളിച്ചിടുന്ന ഒന്നാണ് നിയന്ത്രണമില്ലാത്ത വര്‍ത്തമാനങ്ങള്‍. മാറ്റൊന്ന് ഇസ്‌ലാമിക ദര്‍ശനത്തില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ദൈവിക പ്രാതിനിധ്യം വഹിക്കുന്നതില്‍ ഒരാള്‍ക്ക് വിജയിക്കണമെന്നുണ്ടെങ്കില്‍ ഉജ്വല വ്യക്തിത്വം അനിവാര്യമാണ്. എന്തും ഒരു നിയന്ത്രണവുമില്ലാതെ വിളിച്ച് പറയുന്നവന് വ്യക്തിത്വം ഉണ്ടാവില്ല. അവന്റെ വര്‍ത്തമാനങ്ങള്‍ക്ക് മാന്യത കല്‍പ്പിക്കാനോ അതിനെ കണക്കിലെടുക്കാനോ പൊതുവെ ആരും ധൈര്യപ്പെടില്ല. ഇക്കാരണങ്ങളാല്‍ സംസാരങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാം കണിശമായ ജാഗ്രത പുലര്‍ത്തുന്നു. ഈ ജാഗ്രതയുടെ ഒന്നാം പാഠം മനുഷ്യന്റെ ഓരോ വാക്കും നിരീക്ഷിക്കപ്പെടും എന്ന താക്കീതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകാതിരിക്കില്ല (ഖാഫ്: 18). മനുഷ്യന്റെ ഓരോ വാക്കുകളും അവന്റെ ഉണ്‍മയോടും ദൗത്യത്തോടും ഒത്തുപോകുന്നതാണോ എന്ന് അതത് സമയത്ത്തന്നെ നിരീക്ഷിക്കപ്പെടുമെന്നര്‍ഥം. മറ്റൊന്ന് ഇസ്‌ലാം ചെയ്തത് മുസ്‌ലിം എന്നതിന്റെ നിര്‍വചനത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ നാവിനെ കൂടി ഉള്‍പ്പെടുത്തി എന്നതാണ്. നബി(സ) പറഞ്ഞു: ആരെല്ലാം ഒരാളുടെ കൈയില്‍ നിന്നും നാവില്‍നിന്നും സ്വതന്ത്രനാണോ, സുരക്ഷിതനാണോ അവനാണ് മുസ്‌ലിം എന്ന് നബി തിരുമേനി (സ) പറഞ്ഞു (മുസ്‌ലിം). ഒരാളേയും വാക്ക് കൊണ്ടോ കൈ കൊണ്ടോ ഉപദ്രവിക്കാത്തവനെ മാത്രമാണ് നബി തങ്ങള്‍ മുസ്‌ലിം എന്ന ഗണത്തില്‍പെടുത്തുന്നത്.
മുആദുബ്‌നു ജബല്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ)യോടൊപ്പം യാത്രയിലായിരുന്നു ഞാന്‍. രാവിലെ നബിയോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ, എനിക്ക് സ്വര്‍ഗപ്രവേശം നേടിത്തരുന്നതും നരകത്തില്‍നിന്ന് അകറ്റുന്നതുമായ ഒരു പ്രവര്‍ത്തനം പറഞ്ഞുതന്നാലും. അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും വലിയൊരു വിഷയത്തെക്കുറിച്ചാണ് നീ ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. അല്ലാഹു എളുപ്പമാക്കി കൊടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും അത് എളുപ്പമാണ്. അല്ലാഹുവെ, മറ്റൊന്നിനെയും അവനോട് പങ്കാളിയാക്കാതെ ആരാധിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമസാന്‍ വ്രതമനുഷ്ഠിക്കുക, വിശുദ്ധ ഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. പിന്നീട് നബി(സ) പറഞ്ഞു: നന്മയുടെ കവാടങ്ങള്‍ നിനക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നോമ്പ് ഒരു പരിചയാണ്. ദാനം വെള്ളം അഗ്‌നിയെയെന്നവണ്ണം പാപത്തെ കെടുത്തിക്കളയുന്നു. പിന്നീട് രാത്രിയുടെ ഉള്ളില്‍ ഒരാള്‍ നടത്തുന്ന നമസ്‌കാരവും. എന്നിട്ട് ഭയത്തോടും പ്രത്യാശയോടും തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കാനായി കിടപ്പറയില്‍നിന്ന് അവരുടെ ശരീരം ഉണര്‍ന്ന് ഉയരുന്നു എന്ന് തുടങ്ങുന്ന സൂറതുസ്സജദയിലെ 16,17 ആയത്തുകള്‍ തിരുമേനി ഓതിത്തന്നു. പിന്നീട് നബി(സ) ചോദിച്ചു: കാര്യങ്ങളുടെയെല്ലാം നെടുംതൂണും പൂഞ്ഞയുടെ ഉച്ചിയിലുള്ളതുമായ കാര്യം ഞാന്‍ നിനക്ക് അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ പ്രവാചകരേ. നബി(സ) പറഞ്ഞു: കാര്യങ്ങളില്‍ മുഖ്യം ദൈവത്തിനുള്ള സമര്‍പ്പണം (ഇസ്‌ലാം) ആകുന്നു. അതിന്റെ നെടുംതൂണ്‍ നമസ്‌കാരവും അതിന്റെ തലപ്പത്തുള്ളത് ത്യാഗപരിശ്രമവുമാകുന്നു. പിന്നീട് അവിടുന്ന് ചോദിച്ചു: ഇതിന്റെയെല്ലാം ആധാരം അഥവാ നിയന്ത്രണം അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ തിരുദൂതരേ. അപ്പോള്‍ തന്റെ നാവ് പിടിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ നടത്തുന്ന സംസാരത്തിന്റെ പേരില്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ? നബി തിരുമേനി പറഞ്ഞു: നിന്നെ നിന്റെ മാതാവിന് നഷ്ടമാകട്ടെ, മുആദേ, ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവ് കൊയ്‌തെടുക്കുന്ന തിന്മകള്‍ കൊണ്ടല്ലാതെ മറ്റെന്തെങ്കിലും കൊണ്ടാണോ? (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).
വര്‍ത്തമാനം വെറും വികാരത്തെ വലം വെക്കുമ്പോഴാണ് അത് ഏറെ അപകടകാരിയാകുന്നത്. മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചോ അധിക്ഷേപിച്ചോ ഉള്ളതായിരിക്കും ഇത്തരം വര്‍ത്തമാനങ്ങള്‍. ഇതുവഴി മറ്റൊരാള്‍ക്ക് അഭിമാനക്ഷതം സംഭവിക്കുന്നു. മനുഷ്യന്റെ ജീവന്‍ പോലെ ആദരണീയമാണ് അവന്റെ അഭിമാനവും. അതിനെ ക്ഷതപ്പെടുത്തുന്നത് കൊലപാതകം പോലെ കുറ്റകരമാണ്. നബി തിരുമേനി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അഭിമാനത്തെ ജീവനോടും സമ്പത്തിനോടുമാണ് ചേര്‍ത്തുപറഞ്ഞത്. എന്നാല്‍ അഭിമാനം ക്ഷതപ്പെടുത്തുന്നത് സ്വത്ത് കവര്‍ന്നെടുക്കുന്നതിനേക്കാള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. അവിഹിതമായി നേടിയ സ്വത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിയും. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് ആരെയെങ്കിലും അപമാനിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതത്തിന് അറുതിയുണ്ടാക്കാന്‍ ആരെത്ര ശ്രമിച്ചാലും സാധ്യമല്ല. വാക്കുകള്‍ ഉരുവിടുന്നതുവരെ അതിന്റെ ഉടമകളായിരിക്കും. പിന്നീട് അത് നമ്മെ പിന്തുടരുകയും അടക്കിഭരിക്കുകയും ചെയ്യും. കുന്തമുണ്ടാക്കുന്ന മുറിവുകള്‍ തേഞ്ഞുമാഞ്ഞുപോകും. പക്ഷേ, വാക്കുകളുണ്ടാക്കുന്ന പരിക്കുകള്‍ക്ക് പ്രതിവിധിയോ പരിഹാരമോ ഇല്ല. അതുണ്ടാക്കുന്ന വിടവ് അടയുകയില്ല. അല്ലാഹു പറയുന്നു: മറ്റുവള്ളവരെ ഇടിച്ചുതാഴ്ത്തുകയും കുത്തുവാക്ക് പറയുകയും ചെയ്യുന്നവര്‍ക്ക് കൊടിയ നാശം (104: 1).
വായില്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നവര്‍ക്കുമുമ്പില്‍ ഈ ഉപദേശങ്ങള്‍ എത്രമാത്രം ഫലപ്പെടും എന്നത് ഇന്നത്തെ കാലത്ത് ആശങ്കയാണ്. കാരണം ഇങ്ങനെ ചെയ്യുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നും ഒരു മഹാസേവനമാണ് എന്നു വരേക്കും വാദിച്ചേക്കും. രണ്ട് ന്യായങ്ങള്‍ അതിനൊപ്പം എഴുന്നെള്ളിക്കുകയും ചെയ്‌തേക്കും. ഒന്നാമതായി താന്‍ ഉള്ളതാണ് അല്ലാതെ ഇല്ലാത്തതല്ല പറയുന്നത് എന്നായിരിക്കും പറയുക. ഉള്ളതാണെങ്കില്‍ പോലും ആര്‍ക്കെങ്കിലും അസന്തുഷ്ടിയുണ്ടാക്കുന്നവിധം ഇങ്ങനെ പറയുന്നത് ഇസ്‌ലാം താക്കീത് ചെയ്യുന്നുണ്ട്. നബി(സ) പറയുന്നു: സത്യമാണെങ്കില്‍ പോലും തര്‍ക്കത്തെ ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന്റെ താഴ്‌വാരത്ത് ഒരു വീട് വാങ്ങിത്തരാം എന്ന് ഞാന്‍ വാക്കുതരുന്നു (അബൂദാവൂദ്). തന്റെ വര്‍ത്തമാനത്തെ വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ സത്യത്തില്‍ തന്റെപക്ഷം തര്‍ക്കിച്ച് സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുന്നത്. അല്ലെങ്കില്‍ ഉന്നയിക്കുക ഇത് ഞാന്‍ മാത്രമല്ല, എല്ലാവരും പറയുന്നതുതന്നെയാണ് എന്നായിരിക്കും . അതിനെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബി(സ) പറയുന്നു: കേട്ടതെല്ലാം പറയുക എന്നതുതന്നെ ധാരാളമാണ് കളവിന് (മുസ്‌ലിം). വ്യക്തിഹത്യ, പരിഹാസം, അധിക്ഷേപം തുടങ്ങി നാവുണ്ടാക്കുന്ന വിനകളുടെ പട്ടിക ഏറെ നീണ്ടതാണ്. സമൂഹത്തില്‍ അനതിവിദൂരമായ പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിനാലും അതിന്റെ ദുര്‍ഫലം ഐഹിക ജീവിതത്തില്‍ തന്നെ അനുഭവപ്പെടുന്നു എന്നതിനാലും ഇത്തരം കുറ്റങ്ങള്‍ക്ക് പരമമായ പാരത്രിക ശിക്ഷകള്‍ക്ക്പുറമെ ഇവിടെ തന്നെ ദുര്‍ഫലം ഉണ്ടാകും. അത് ഒരുപക്ഷേ, ആ വ്യക്തി തന്നെ അതില്‍ ഖേദിക്കേണ്ടതോ തിരുത്തി പറയേണ്ടതോ ആയ സാഹചര്യം സംജാതമാകല്‍ കൊണ്ടോ ജനങ്ങള്‍ക്കിടയില്‍ അവ്വിധം മുദ്രകുത്തപ്പെടല്‍ കൊണ്ടോ ഒക്കെയായിരിക്കാം.
സത്യവിശ്വാസി ഗുണകാംക്ഷിയായിരിക്കേണ്ടതുണ്ട്. അവന്റെ ചലനങ്ങള്‍ എല്ലാം നന്‍മയായി പരിവര്‍ത്തിക്കപ്പെടണം. അതിനുപയുക്തമല്ലാത്ത വാക്കും പ്രയോഗവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ നബി(സ) പറഞ്ഞു: ഒരാള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നന്‍മ മാത്രം പറയണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം (ബുഖാരി). ഇസ്‌ലാമിലെ സമാനമായ മറ്റധ്യായങ്ങള്‍ പോലെ അടിസ്ഥാനപരമായി ഇത് ഒരു വൈകാരികതയുടെ പ്രശ്‌നമാണ്. വിവേകവും വികാരവും തമ്മിലുള്ള നിരന്തരമായ മല്‍പ്പിടുത്തത്തിന്റെ വേദിയാണ് മനുഷ്യാസ്തിത്വം. രണ്ടും വേണ്ടത് തന്നെയാണ്. പക്ഷേ, രണ്ടിനും ക്രമവും അനുപാതവുമുണ്ട്. അത് പാലിക്കപ്പെടണമെന്നതാണ് അല്ലാഹുവിന്റെ താല്‍പര്യം. അത് പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് ദുനിയാവിന്റെ പരീക്ഷണം. വിവേകത്തിന്റെ ഉളളിലൊതുങ്ങുന്നതാവണം എല്ലാ വികാരങ്ങളും. ഒരാളെയും വേദനിപ്പിക്കാതെ, അപമാനിക്കാതെ, വ്യക്തി ഹത്യ നടത്താതെ, അഭിമാന ക്ഷതമേല്‍പ്പിക്കാതെ തന്നെ എല്ലാ വികാരങ്ങളും വിവേകപൂര്‍വം തന്നെ പ്രകടിപ്പിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ അത് പരീക്ഷണത്തിന്റെ ഒരു ഭാഗമായതും. ഏതു സാഹചര്യത്തിലും വിവേകത്തെ കൈവെടിയാതിരിക്കുക എന്നതാണ് അതിനുള്ള സൂത്രം.