X

ബദ്‌റിന്റെ പാഠം-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Taj Mahal Agra India

വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട പരിശുദ്ധ റമസാനില്‍ തന്നെയാണ് വിശ്വാസികള്‍ക്ക് അല്ലാഹു നോമ്പും നിര്‍ബന്ധമാക്കിയത്; ഹിജ്‌റ രണ്ടാം വര്‍ഷം. അതേ വര്‍ഷം തന്നെയാണ് ബദര്‍ യുദ്ധവും അരങ്ങേറുന്നത്. ബദറിലെ വിജയത്തോട് കൂടിയാണ് ഇസ്ലാമിന്റെ ആത്മീയവും ഭൗതികവുമായിട്ടുള്ള അരങ്ങേറ്റം ഉണ്ടാകുന്നത്. വേണമെങ്കില്‍ ആത്മീയമായ അരങ്ങേറ്റം ഹിറാഗുഹയില്‍ നിന്നാണ് എന്നും പറയാവുന്നതാണ്. ഇഖ്‌റഅ് (നീ വായിക്കുക) എന്ന ആഹ്വാനവുമായി മാലാഖ ജിബ്രീലിനെ ഹിറാ ഗുഹയിലേക്ക് അല്ലാഹു അയച്ചത് ഇസ്ലാമിന്റെ ആത്മീയ സംരംഭങ്ങളുടെ തുടക്കമായിരുന്നു. പിന്നെ 10 വര്‍ഷം മക്കയില്‍ അതിനെ തുടര്‍ന്നുള്ള പ്രബോധനങ്ങളും സംഭവബഹുലമായ ജീവിതവുമാണ്. പത്തുവര്‍ഷത്തിനുശേഷം പ്രവാചകന്റെ ഹിജ്‌റ സംഭവിക്കുന്നു. മദീനയിലേക്കായിരുന്നു ഇത്. തുടര്‍ന്നുള്ള തിരുമേനിയുടെ മദീന വാസവും ജീവിതവും ഇസ്ലാമിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു. ഹിജ്‌റക്ക് ശേഷം വിജയശ്രീലാളിതനായി ആട്ടിയോടിക്കപ്പെട്ട മക്കയിലേക്ക് തന്നെ തിരിച്ചെത്താന്‍ ആദരവായ റസൂലിന് സാധിക്കുന്നുണ്ട്.

അത്രയും അനിവാര്യമായ സന്ദര്‍ഭത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ ശത്രുക്കളുടെ ആക്രമണവും ഭക്ഷണം പോലും നല്‍കാതെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് അങ്ങേയറ്റം ബുദ്ധിമുട്ടിച്ചപ്പോള്‍ ഹിജ്‌റ പോകാന്‍ അല്ലാഹു കല്‍പന ഇറക്കുകയാണ്. തുടര്‍ന്നാണ് പ്രവാചകനും മുഹാജിറുകള്‍ എന്ന് വിളിക്കപ്പെട്ട മക്കയിലെ സഹാബാക്കളും മദീനയിലേക്ക് പലായനം ചെയ്യുന്നത്. മദീനയില്‍ അവരെ സ്വീകരിക്കാന്‍ തയ്യാറായ മദീന നിവാസികളായ അന്‍സ്വാരികള്‍ ഇരുകൈയ്യും നീട്ടി അവരെ സീകരിച്ചു. കേട്ടറിഞ്ഞവര്‍ മുഴുവനും പ്രവാചകനെ കാണാന്‍ കാത്തിരിക്കുകയാണ്. ഹിജ്‌റയുടെ പ്രാരംഭ ദിശയും പിന്നിട്ട് ത്വരീഖ് ഹിജ്‌റ എന്നറിയപ്പെടുന്ന വീഥിയിലൂടെ മദീനയിലേക്ക് വരുന്ന മുത്ത് നബിയെയും അബൂബക്കര്‍ സിദ്ദീഖ് (റ)നെയും മദീനാ നിവാസികള്‍ ഏറ്റവും സന്തോഷത്തോടെയാണ് എതിരേല്‍ക്കുന്നത്.

‘ത്വാലഅല്‍ ബദ്‌റു അലൈനാ’ എന്ന് തുടങ്ങുന്ന സംഗീതം ഉതിര്‍ത്തുകൊണ്ടാണ് തങ്ങളുടെ വിശിഷ്ടാതിഥികളെ അവര്‍ സ്വീകരിച്ചത്. ഇന്നും ആ സംഗീതത്തിന് പഴമയില്ല എന്നതാണ് അതിന്റെ പ്രത്യേകത. അത് അവരുടെ ഹൃദയത്തില്‍ നിന്ന് വന്നതാണ്. ചെറിയ കുട്ടികളും വൃദ്ധന്മാരും യുവാക്കളും അടങ്ങുന്ന സ്ത്രീ-പുരുഷന്മാര്‍ ആ സ്വീകരണ സംഘത്തില്‍ ഉണ്ടായിരുന്നു. പക്ഷേ അവരാരും പ്രവാചകനെ മുമ്പ് കണ്ടിരുന്നില്ല; കേട്ടറിവ് മാത്രമേയുള്ളൂ. എന്നിട്ടും അവര്‍ എത്രമാത്രം പ്രവാചകനെ കാത്തിരുന്നു എന്നുള്ളതാണ് അല്‍ഭുതം. ലോകത്ത് മറ്റൊരു വിദേശ നേതാവിനും കിട്ടാത്ത സ്വീകരണമാണ് അന്ത്യപ്രവാചകര്‍ക്ക് മദീനാ നിവാസികള്‍ നല്‍കിയത്. നിര്‍വചിക്കാന്‍ കഴിയാത്തത്ര വാത്സല്യവും ലാളനയുണ് അവര്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് നല്‍കിയത്.മക്കയില്‍ നിന്നും വന്ന മുഹാജിറുകളുടെയും മദീനാ നിവാസികളുടെയും ഇടയിലെ എല്ലാ നിലക്കുമുള്ള ഐക്യത്തിലൂടെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ പുനസ്ഥാപനമാണ് സംഭവിച്ചത്. യുദ്ധം അനിവാര്യമായ ഘട്ടത്തില്‍ പെട്ടെന്ന് എടുത്തുചാടുകയായിരുന്നില്ല; അന്‍സ്വാരികളുടെ മനസും ആഗ്രഹവും അന്വേഷിക്കുകയായിരുന്നു പ്രവാചകന്‍ ആദ്യം ചെയ്തത്. അവര്‍ പറഞ്ഞു, താങ്കള്‍ ഞങ്ങളോട് സമുദ്രത്തിലേക്ക് എടുത്ത് ചാടാനാണ് പറയുന്നതെങ്കില്‍ അതിനും ഞങ്ങള്‍ തയ്യാറാണ്; ഈ യുദ്ധവുമായി അങ്ങ് മുന്നോട്ടു പോവുക. ഞങ്ങള്‍ ഒറ്റക്കെട്ടായി അങ്ങയുടെ പിന്നിലുണ്ട് എന്ന അന്‍സാര്‍ ജനതയുടെ പ്രഖ്യാപനം നബി (സ)ക്ക് ശക്തിയും ആവേശവും പകര്‍ന്നുകൊടുത്തു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി ഒന്നിക്കുക എന്നതാണ് ബദര്‍ നല്‍കുന്ന ഏറ്റവും വലിയ സന്ദേശം. ബദര്‍ നല്‍കിയ വിജയം, അത് പിന്നീടാണ്. ആ വിജയത്തിലേക്ക് നയിച്ചത് എന്താണ് എന്നതാണ് ഒന്നാമത്തെ ഘടകം. അത് അവരുടെ ഒന്നിക്കല്‍ അഥവാ ഇത്തിഹാദാണ്.

അതുകൊണ്ടാണ് റമസാന്‍ ഐക്യത്തിന്റെ മാസം കൂടിയാണ് എന്ന് പറയാന്‍ നമുക്ക് സാധിക്കുന്നത്. റമസാനിലെ ഓരോ ദിനരാത്രങ്ങളെയും നമുക്ക് വിജയകരമായി പിന്തുടരാന്‍ സാധിക്കുന്നത് മനുഷ്യസമൂഹത്തിന്റെ ഐക്യവും സാഹോദര്യവും കൊണ്ട് തന്നെയാണ്. ഐക്യം ഇല്ലാത്തിടത്ത് അതിന്റെ ദൂഷ്യഫലങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എങ്കിലും ആ അഭിപ്രായവ്യത്യാസങ്ങള്‍ നമ്മെ ഏറ്റുമുട്ടലിലേക്ക് നയിച്ചുകൂടാ. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവായ ലക്ഷ്യത്തിനുവേണ്ടി നമുക്ക് ഒന്നിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്. ഇസ്ലാമിക യുവത്വം എന്നും പ്രത്യയശാസ്ത്രപരമായ വെല്ലുവിളികളെ നേരിട്ടവരാണ്. എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ കഴിയുന്ന സാഹചര്യം നമുക്ക് കാത്തുസൂക്ഷിക്കാന്‍ കഴിയണം. ശത്രുതയുടെ കാറ്റുകള്‍ ലോകത്ത് അടിച്ചുവീശുന്നുണ്ടാകാം. അത് എല്ലാം നഷ്ടപ്പെടുത്തി പറന്നു പോകുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. ഐക്യത്തോടെ കൈകോര്‍ത്തു നിന്നാല്‍ ഒരു കൊടുങ്കാറ്റിനും നമ്മുടെ ഐക്യമതിലിനെ തകര്‍ത്തു മുന്നോട്ടു പോവാന്‍ സാധിക്കുകയില്ല. എന്നാല്‍ നാം ഒറ്റക്കും തെറ്റക്കുമായി അവിടെയും ഇവിടെയുമായി ചിന്നിച്ചിതറി നിന്നാല്‍ ഒരു ചെറിയ കാറ്റിനു പോലും നമ്മെ എങ്ങോട്ടോ പറത്തിക്കൊണ്ടു പോകാന്‍ സാധിക്കും. ഉമ്മത്ത് ഐക്യത്തോടെ കൈകോര്‍ത്തു പിടിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും പ്രതിലോമകാരികളെയും പ്രതിരോധിച്ച് നില്‍ക്കേണ്ട ഏറ്റവും അനിവാര്യ സന്ദര്‍ഭമാണിത്. റമസാന്‍ അതിന് നമുക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയാണ്. റമസാന്റെ സന്ദേശവും അതാണല്ലോ. അല്ലാഹുവിന്റെ മാസമാണ് റമസാന്‍. ഉമ്മത്തിന്റെ ഐക്യത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റെയും പരിമളം വീശുന്ന മാസം. അതുകൊണ്ടുതന്നെ റമസാന്‍ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളുടെയും മാസമാണ്. പൊറുക്കലിനെ തേടുന്നത് പെരുപ്പിക്കേണ്ട മാസം. മനുഷ്യരാശിക്കു വേണ്ടി നിയമിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍ എന്നാണ് ഖുര്‍ആന്റെ അധ്യാപനം. മാനവികതക്ക് വേണ്ടി അവതരിക്കപ്പെട്ടു എന്നതാണ് ഒരു മുസ്ലിമിന്റെ പൈതൃകം. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന ഖുര്‍ആനിക ആശയം തന്നെ ഇലാഹ് എന്ന നിലക്കുള്ള മനുഷ്യരാശിയോടുള്ള അല്ലാഹുവിന്റെ താല്‍പര്യത്തിന്റെയും ബോധത്തിന്റെയും സൃഷ്ടികളോടുള്ള മഹത്തായ വാത്സല്യം തുടിച്ചു നില്‍ക്കുന്ന ഉദ്‌ബോധനമാണ്.

അല്ലാഹുവിന്റെ വിശുദ്ധനാമങ്ങളുടെ ആന്തരികാര്‍ഥ തലങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ അതെല്ലാം തന്നെ മനുഷ്യകുലത്തിന് നന്മയില്‍ അധിഷ്ഠിതമായ വാക്കുകളാണെന്ന് കാണാന്‍ കഴിയും. റഹ്മാനും റഹീമും നാം സ്ഥിരം ഉച്ചരിക്കുന്ന നാമങ്ങളാണ്. എന്നാല്‍ അനുദിനം ഉച്ചരിക്കാറില്ലെങ്കിലും ഇലാഹിന്റെ സവിശേഷമായ മറ്റ് വിശേഷണങ്ങളിലൂടെ കടന്നുചെല്ലാന്‍ സാധിക്കുമ്പോള്‍ അവയെല്ലാം ചെന്നെത്തുന്നത് മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുള്ള വിവിധ ആശയങ്ങളിലേക്കും വിവിധ സന്ദര്‍ഭങ്ങളിലേക്കുമാണ്. അവയെ പിന്തുടര്‍ന്നാല്‍ തന്നെ മാത്രം മതി ലോകത്ത് ശാന്തിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍. വിശുദ്ധ റമസാനില്‍ ഈ കാര്യങ്ങള്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു മുസ്ലിമും ഇസ്ലാമിന് വേണ്ടി മാത്രമല്ല, സമൂഹത്തിന്റെയാകെ ഉന്നതിക്കാണ് നിലകൊള്ളേണ്ടത്. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക.

Chandrika Web: