X

സഹകളിക്കാരനുമായി ഗ്രൗണ്ടില്‍ കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മുപ്പത്തിയെട്ടുകാരനായ ഖൊയ്‌രുള്‍ ഹുദ സൂപ്പര്‍ലീഗിലെ താരമായ പെര്‍സെലയുടെ ഗോള്‍കീപ്പറാണ്. ലീഗില്‍ സെമെന്‍ പഡാങ്ങിനെതിരായ മത്സരത്തില്‍ ടീമംഗമായ റമോണ്‍ റോഡ്രിഗസുമായാണ് കൂട്ടിയിടിച്ചത്.

കളിയും അതിനിടെ ഉണ്ടായ ദുരന്തവും ടെലിവിഷനിലൂടെ ജനങ്ങള്‍ തത്സമയം കാണുകയും ചെയ്തു. ടീമിന്റെ ഇതിഹാസ താരമായാണ് ഖൊയ്‌രുള്‍ കണക്കാക്കപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്‍ ഗ്രൗണ്ടില്‍ വേദന കൊണ്ട് പിടിഞ്ഞു വീണ ഖൊയ്‌രുളിനെ ഉടനെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസ്പത്രിയില്‍ എത്തിയതിനുശേഷമാണ് മരിച്ചത്.

മത്സരത്തിന്റെ ഒന്നാം പകുതിയിലാണ് അപകടമുണ്ടായത്. ഹാഫ് ടൈം വിസില്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാന്‍ മുന്നോട്ടു കയറിയ ഖൊയ്‌രുളും പന്ത് ക്ലിയര്‍ ചെയ്യാന്‍ സ്‌ട്രൈക്കര്‍ക്കൊപ്പം ഓടിയ റോഡ്രിഗസസും കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഖൊയ്‌രുളിന്റെ പിന്‍കഴുത്തില്‍ ഇടിക്കുകയായിരുന്നു.

ഖൊയ്‌രുള്‍ ആസ്പത്രിയില്‍ മരിച്ചത് അറിയാതെ സുരാജയ സ്റ്റേഡിയത്തില്‍ തുടര്‍ന്ന മത്സരത്തില്‍ ഖൊയ്‌രുളിന്റെ ടീമായ പെര്‍സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.

chandrika: