ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.
27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.