മലപ്പുറം: മദ്യ ലഭ്യത സുഗമമാക്കാനും കള്ള് വില്‍പന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് എല്‍.ഡി.എഫ് പ്രഖ്യാപിച്ച മദ്യ നയം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും ബാര്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാറും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. മദ്യ വില്‍പനക്ക് അനുകൂലമായ നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് മറയില്ലാതെ പറയുന്നവരുടെ മദ്യവര്‍ജനമെന്ന പ്രചാരണം പോലും തട്ടിപ്പാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ച നയം തിരിച്ചടിയായ ബാര്‍ മുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് ഉണ്ടാക്കിയ ധാരണയുടെ ബാക്കി പത്രമാണ് പുതിയ മദ്യനയം. കള്ളുവില്‍പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പറയുമ്പോള്‍ കല്ലുവാതുക്കല്‍ പോലുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ചത് മറന്നു പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ എല്‍.ഡി.എഫ് വന്നാല്‍ ബാര്‍ തുറക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു നിഷേധിച്ച്, സി.പി.എം അനുഭാവമുള്ള നടീനടന്മാരുടെ പരസ്യം ഇറക്കുകയും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും ഉറപ്പുനല്‍കിയവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു വര്‍ഷത്തോളമായി മദ്യരാജാക്കന്മാര്‍ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍.
സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ സത്തയിലേക്ക് മടങ്ങാനും ലഹരിക്കെതിരായ പ്രചാരണവും നിയമവും കര്‍ശനമാക്കാനും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്കും ബാധ്യതയുണ്ട്. 2014 മാര്‍ച്ച് 31ന് സംസ്ഥനത്തുണ്ടായിരുന്ന 730ല്‍ 418 ബാറുകള്‍ ഒറ്റയടിച്ച് അടച്ചു പൂട്ടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവിരുദ്ധതയുടെ മഹത്തായ വിളംബരം നടത്തിയത്. ഇതിന് തുടര്‍ച്ചയായി ഒക്ടോബറില്‍ നയവും നിയമവും കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്ന് മദ്യ സംസ്‌കാരം പടിയിറങ്ങി തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ടൂറിസം മേഖലക്ക് തിരിച്ചടിയുണ്ടായെന്ന അടിസ്ഥാനമില്ലാത്ത വാദവുമായാണ് മദ്യം സുലഭമാക്കുന്നത്. യു.ഡി.എഫ് മദ്യ നയത്തിന്റെ കൂടി ഫലമായി സുപ്രീം കോടതി ഇടപെട്ട് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 1956 മദ്യ ശാലകള്‍ പൂട്ടിച്ചതോടെയാണ് മദ്യലോബിയുടെ സമനില തെറ്റിയത്. തിടുക്കപ്പെട്ട നടപടികളിലൂടെ, എല്‍.ഡി.എഫിന്റെ മദ്യ വര്‍ജനം ആസക്തിയിലേക്ക് വഴിമാറുകയായിരുന്നോ എന്ന് സംശയിച്ചുപോവുന്നു. ദേശീയ പാതകളെ അതല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറുകള്‍ തുറക്കാനുള്ള ശ്രമം ഹൈക്കോടതി കയ്യോടെ പികൂടിയപ്പോഴാണ് ജനങ്ങളെ മറന്ന് മദ്യലോബിക്ക് അനുകൂലമായ നയം മാറ്റത്തിലൂടെ ജനങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത്.
മദ്യനയത്തിലൂടെ സാങ്കേതിക പഴുതുകള്‍ സൃഷ്ടിച്ച് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്, നവോത്ഥാന മൂല്ല്യങ്ങളില്‍ നിന്നുള്ള തിരിച്ചു നടത്തവും ദുരന്തങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നതുമാണ്. കുടുംബ ചിദ്രതയും അപകടവും മാറാരോഗങ്ങളും വര്‍ധിച്ച് കേരളം ലഹരിയുടെ ഗര്‍ത്തത്തിലേക്ക് ആഴ്ന്നു പോവാതിരിക്കാന്‍ സമാന മനസ്‌കരുമായി യോജിച്ച് മദ്യവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.