സുഫ്‌യാന്‍ അബ്ദുസ്സലാം
കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍നിന്നും മുഴങ്ങിക്കേള്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മരണമണിയാണോ എന്ന ചോദ്യം രാജ്യത്തെ വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ പൗരനും അവര്‍ ശീലിച്ചുവന്ന വസ്ത്രരീതികള്‍, ഭക്ഷണരീതികള്‍, വിശ്വാസാചാര രീതികള്‍, ഭാഷാവൈവിധ്യങ്ങള്‍ തുടങ്ങിയവ പാലിച്ച് പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് ഇക്കാലമത്രയും ജീവിച്ചുവന്നിട്ടുള്ളത്. 72 വര്‍ഷമായി രാജ്യത്തെ പൗരന്മാര്‍ അവരവര്‍ക്കിഷ്ടമുള്ള വസ്ത്രവും ഇതര ശീലങ്ങളും മൗലികാവകാശമായി മനസിലാക്കി ഇന്ത്യയില്‍ സമാധാനത്തോടെയും പരസ്പര ധാരണയിലൂടെയും ജീവിച്ചുകൊണ്ടിരിക്കുന്നു. ഈ വൈവിധ്യങ്ങളെയെല്ലാം ഉള്‍ക്കൊണ്ടും മനസിലാക്കിയും ഒരൊറ്റ രാജ്യക്കാരാണെന്ന ബോധ്യത്തോടെ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന തത്ത്വസംഹിതയാണ് ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്.
നല്ല ചിന്തകളും സംസ്‌കാരവും സ്‌നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും പഠിപ്പിക്കുക എന്നതാണ് വിദ്യാലയങ്ങള്‍ രാജ്യത്ത് നിര്‍വഹിക്കുന്ന ദൗത്യം. സാധാരണക്കാരും ദരിദ്രരുമായ കോടിക്കണക്കിന് കുട്ടികളാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. അവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസത്തെകുറിച്ച് ബോധവാന്മാരുമല്ല. 2010 ല്‍ രാജ്യം വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുമ്പോള്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഒരു കോടിയോളം കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ സ്‌കൂളുകളില്‍ എത്താത്തവരാണ്. സ്‌കൂളുകളില്‍ ചേരാത്തവരിലും സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നവരിലും ഭൂരിഭാഗവും പെണ്‍കുട്ടികളുമാണ്. ഈ വസ്തുതകളാണ് രാജ്യത്തെ വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. മതപരമായ കാരണങ്ങളോ സാംസ്‌കാരിക സ്വത്വ പ്രശ്‌നങ്ങളോ ദാരിദ്ര്യമോ ഒന്നും കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടാന്‍ കാരണമായിക്കൂടാ എന്ന ഉയര്‍ന്ന ചിന്തയാണ് വിദ്യാഭ്യാസത്തെ അവകാശമായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യക്ക് പ്രേരണ നല്‍കിയത്. മുസ്‌ലിം സമുദായത്തില്‍പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ മത സാംസ്‌കാരിക സ്വത്വങ്ങളെ അംഗീകരിച്ചും ശീലിച്ചും തന്നെ വിദ്യാലയങ്ങളില്‍ എത്തട്ടെ എന്ന ഉയര്‍ന്ന ബോധമാണ് രാജ്യം ഇതുവരെ സ്വീകരിച്ചുവന്നത്. മുസ്‌ലിം സമുദായം മാത്രമല്ല, പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുഴുവന്‍ വിഭാഗങ്ങളെയും കൈപിടിച്ചുയര്‍ത്തുമ്പോഴും അവരെ വിദ്യാലയങ്ങളില്‍ ആകര്‍ഷിച്ച് നിര്‍ത്താന്‍ സാധിക്കണമെന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതല്‍.
വിദ്യാഭ്യാസ അവകാശ നിയമം രൂപപ്പെട്ടത് ഭരണഘടനയിലെ 21അ അനുച്ഛേദമനുസരിച്ചാണ്. 6 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് 21അ അനുച്ഛേദം. ‘നിര്‍ബന്ധിതം’ എന്ന് ഭരണഘടന പറയുമ്പോള്‍ ഏതെങ്കിലും കുട്ടിക്ക് വിദ്യാലയത്തില്‍ നിന്നും പുറത്തുപോകുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ വിദ്യാലയത്തില്‍ സൃഷ്ടിക്കാന്‍ പാടില്ല എന്നുവേണം മനസിലാക്കാന്‍. 2002ല്‍ എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന 86ാം ഭരണഘടന ഭേദഗതി അനുസരിച്ചാണ് വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഈ അനുച്ഛേദം ഭരണഘടനയില്‍ സ്ഥാനം പിടിച്ചത് എന്ന വസ്തുതകൂടി ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്.
നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന ഭരണഘടനയുടെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും പരിപ്രേക്ഷ്യത്തിലൂടെയാണ് കര്‍ണാടകയിലെ ചില സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇപ്പോഴുണ്ടായ ‘ഹിജാബ്’ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഈ അവകാശങ്ങളെല്ലാം രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നവയാണ്. തലമറക്കുന്നു എന്ന കാരണത്താല്‍ എങ്ങനെയാണ് ഒരു വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുക? സ്ത്രീകള്‍ തലമറക്കുക എന്നത് മുസ്‌ലിം സമൂഹത്തില്‍ മാത്രമുള്ളതോ വൈദേശികമായ വസ്ത്രരീതിയോ അല്ല. ഇന്ത്യയുടെ തന്നെ രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഹൈന്ദവ സമൂഹങ്ങളിലും സിഖ് ജൈന സമൂഹങ്ങളിലും ഈ വസ്ത്രരീതി നിലനില്‍ക്കുന്നുണ്ട്. ‘ഗൂന്‍ഗാറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന തലയും മുഖവും മറക്കുന്ന വസ്ത്രം ഹിന്ദു സമൂഹത്തില്‍ തന്നെ ഉപയോഗിച്ചുവരുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിലും തലമറക്കുന്ന സ്ത്രീകളുണ്ട്. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായാല്‍ അന്യപുരുഷന്മാരുടെ സാന്നിധ്യത്തില്‍ തല മറക്കുക നിര്‍ബന്ധമാണ്. ഈ നിര്‍ബന്ധിതാവസ്ഥ മുസ്‌ലിം സ്ത്രീ പോകുന്ന ഇടങ്ങളിലെല്ലാം പാലിക്കപ്പെടേണ്ടതുമാണ്.
എല്ലായ്‌പ്പോഴും പാലിക്കപ്പെട്ടു വരേണ്ട മതനിയമത്തിന്റെ പേരില്‍ വിദ്യാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെടുകയോ അവിടെനിന്ന് പുറത്താക്കപ്പെടുകയോ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 29(2) വ്യക്തമാക്കിയിട്ടുണ്ട്. ‘രാജ്യം നടത്തിവരുന്നതും രാജ്യത്തിന്റെ പൊതുസ്വത്തില്‍നിന്ന് പണം ചിലവഴിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതം, വര്‍ഗം, ജാതി, ഭാഷ എന്നിവയുടെ പേരില്‍ പ്രവേശനം നിഷേധിക്കപ്പെടാന്‍ പാടില്ല’ എന്നാണ് പ്രസ്തുത അനുച്ഛേദം വളരെ വ്യക്തമായി പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനം നിഷ്‌കര്‍ഷിക്കുന്ന നിയമം ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ മതപരമോ വ്യക്തിപരമോ ആയ മൗലികാവകാശത്തിന് എതിരായാല്‍ അത്തരത്തിലുള്ള നിയമങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ പാടില്ല എന്നര്‍ത്ഥം. വിദ്യാലയങ്ങളുടെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ നിയമാവലികള്‍ ഭരണഘടനക്ക് വിരുദ്ധമാവാന്‍ പാടില്ല.
കര്‍ണാടകയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്‌നത്തിലെ യഥാര്‍ഥ വില്ലന്‍ സ്‌കൂള്‍ ഡ്രസ് കോഡുകള്‍ ഉണ്ടാക്കുന്നതില്‍ സംഭവിച്ച ബോധപൂര്‍വമോ അല്ലാതെയോ ഉള്ള കൃത്യവിലോപമാണ്. വിവിധ സംസ്ഥാനങ്ങള്‍ പിന്തുടരുന്നത് അതത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ചട്ടങ്ങളാണ്. എന്നാല്‍ വിദ്യാഭ്യാസ ചട്ടങ്ങളിലെ നിയമങ്ങള്‍ വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകുന്നുവെങ്കില്‍ പ്രസ്തുത ചട്ടമോ നിയമമോ ഭേദഗതി ചെയ്യുകയാണ് വേണ്ടത്. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒരേ പോലെയുള്ള വസ്ത്രം ധരിക്കണം എന്നത് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ സമവായത്തിലൂടെ ഉണ്ടാക്കുന്ന താത്കാലിക ധാരണ മാത്രമാണ്. അതൊരു സ്ഥായിയായ ചട്ടമോ നിയമമോ അല്ല. എല്ലാവരും ഒരുപോലെയാണ് എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തുക എന്ന നല്ല ഉദ്ദേശ്യത്തെ അംഗീകരിക്കാം. എന്നാല്‍ ആരുടെയെങ്കിലും മൗലികാവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ടാണ് നടപ്പാക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്.
രാജ്യത്തിന്റെ അഖണ്ഡതയും ദേശീയതയും പ്രതിഫലിപ്പിക്കുന്ന വലിയ പ്രതീകമാണല്ലോ ദേശീയഗാനം. അത് ചൊല്ലുന്നത് രാജ്യത്തെ ഏതൊരു പൗരനും ഏറെ സന്തോഷവും അഭിമാനവും സമ്മാനിക്കുന്ന കാര്യമാണ്. ഭരണഘടനയുടെ ‘മൗലിക കര്‍ത്തവ്യങ്ങള്‍’ എന്ന തലക്കെട്ടില്‍ 51അ അനുച്ഛേദം വ്യക്തമാക്കുന്നത് ദേശീയഗാനം ചൊല്ലല്‍ പൗരന്റെ മൗലിക കടമയാണ് എന്നാണ്. എന്നാല്‍ കേരളത്തില്‍ അരങ്ങേറിയ ‘ബിജോയ് ഇമ്മാനുവല്‍ കേസ്’ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. 1985 ജൂലൈ 26ന് കോട്ടയം ജില്ലയിലെ വിദ്യാലയത്തില്‍, ദേശീയഗാനം ആലപിക്കാത്തതിന്റെ പേരില്‍ ‘യഹോവ സാക്ഷികള്‍’ എന്ന ക്രിസ്തീയ വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കുകയുണ്ടായി. യഹോവയെ അല്ലാതെ മറ്റൊന്നിനേയും വികാരപരമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതായിരുന്നു വിദ്യാര്‍ഥികള്‍ പറഞ്ഞ ന്യായം. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ കീഴ്‌കോടതികളിലും തുടര്‍ന്ന് ഹൈക്കോടതിയിലും അപ്പീല്‍ സമര്‍പ്പിച്ചു. അവ തള്ളിപ്പോയി. തുടര്‍ന്ന് കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കോടതി കണ്ടെത്തിയത് അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശമാണ് എന്നാണ്. ദേശീയഗാനം ആലപിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെങ്കില്‍ അവരെ അതിന് നിര്‍ബന്ധിക്കാന്‍ പാടില്ല എന്നാണ് സുപ്രീംകോടതി പ്രസ്താവിച്ചത്. ഹൈക്കോടതിയുടെ വിധിപ്രസ്താവത്തെ സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം (191), മതസ്വാതന്ത്ര്യം (251) എന്നിവയെ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞത്. വിധിപ്രസ്താവം അവസാനിപ്പിക്കുമ്പോള്‍ കോടതി ഓര്‍മിപ്പിച്ച കാര്യം എക്കാലവും പ്രസക്തമാണ്. ‘We only wish to add: Ourt radition teac-hes tolerance; our philosophy preaches toleranc-e; our constitution practices tolerance; let us not dilute it.’ (ഒരു കാര്യം കൂട്ടിച്ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: നമ്മുടെ പാരമ്പര്യം സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്; നമ്മുടെ തത്ത്വശാസ്ത്രം സഹിഷ്ണുതയാണ് ഉപദേശിക്കുന്നത്; നമ്മുടെ ഭരണഘടന സഹിഷ്ണുതയാണ് ആചരിക്കുന്നത്; നാം അതില്‍ വെള്ളം ചേര്‍ക്കരുത്).
ഇതെല്ലം വ്യക്തമാക്കുന്നത് ഭംഗിക്കും സൗന്ദര്യത്തിനും വേണ്ടി നാം രൂപപ്പെടുത്തുന്ന നിയമങ്ങളോ യൂണിഫോമുകളോ അല്ല, ഓരോ വ്യക്തിക്കും ഭരണഘടന നല്‍കുന്ന ഇച്ഛാസ്വാതന്ത്ര്യത്തിനാണ് മുന്‍ഗണന എന്നാണ്. വിദ്യാലയങ്ങളും കലാശാലകളും യൂണിഫോം പോലെയുള്ള വൈകാരികമായ പ്രതീകങ്ങള്‍ക്ക് പിറകെയല്ല പോകേണ്ടത്. മറിച്ച് ഇന്ത്യയിലെ പരകോടി ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ മതവിശ്വാസമെന്ന മൗലിക യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.