Connect with us

Football

ലൗതാരോയുടെ കിടിലൻ വോളിയില്‍ അര്‍ജന്റീനയ്ക്ക് വിജയം, മെസ്സിക്ക് അസിസ്റ്റ്‌

രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.

Published

on

തോൽവിയുടെ ആഘാതത്തിൽനിന്ന് വിജയത്തിലേക്ക് തിരിച്ചുകയറി അർജന്റീന. ലോക കപ്പ് യോഗ്യതമത്സരത്തില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് പായിക്കാനാകാത്ത തീര്‍ത്തും ദുര്‍ബലമായിപോയ പെറുവിനെതിരെ ഏക ഗോളിന്റെ വിജയവുമായി അര്‍ജന്റീന. രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.

മത്സരത്തില്‍ താരതമ്യേന അര്‍ജന്റീനക്ക് തന്നെയായിരുന്നു മേല്‍ക്കൈ എങ്കിലും വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞുള്ളു. ആവേശകരമായ നീക്കങ്ങളൊന്നും തന്നെ ഇരുടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

പെറു പ്രതിരോധത്തെ വകഞ്ഞ് അര്‍ജന്റീനിയന്‍ താരങ്ങള്‍ നടത്തിയ റെയ്ഡിനൊടുവിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ബില്‍ഡ് അപ്പിനൊടുവില്‍ 55-ാം മിനിറ്റില്‍ പെറു പോസ്റ്റിന്റെ ഇടതുവശത്ത് നിന്ന് മെസിക്ക് പന്ത് ലഭിച്ചു. ബോക്‌സിലേക്ക് മെസിയുടെ അളന്നുമുറിച്ച അധികം ഉയരമില്ലാത്ത പാസ്.

ബോസ്‌കില്‍ നിലയുറപ്പിച്ച ലൗട്ടാരോ മാര്‍ട്ടിനസ് ഇടതുകാലിനാല്‍ സുന്ദരമായി പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. സ്‌കോര്‍ 1-0. തുടര്‍ന്നു ഗോളിനായി അര്‍ജന്റീന നീക്കങ്ങള്‍ നടത്തിയെങ്കിലും പെറു പ്രതിരോധിച്ചു. മറുഭാഗത്തേക്ക് ഓണ്‍ ടാര്‍ഗറ്റ് എന്ന നിലയിലുള്ള നീക്കങ്ങള്‍ ഒന്നും തന്നെ പെറുവിന് നടത്താനായില്ല. അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് ‘പൂര്‍ണവിശ്രമം’ ആയിരുന്നു മത്സരത്തിലുടനീളം. ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണിക്കാന്‍ ആയില്ല.

വിരസമായ മത്സരത്തില്‍ അര്‍ജന്റീന തന്നെയാണ് നീക്കങ്ങളില്‍ മുമ്പില്‍. ആദ്യ പകുതിയിലെ 13-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തിലുള്ള നീക്കം ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും അവസരം മുതലാക്കാനായില്ല. പതിനെട്ടാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും നിഷ്ഫലമായി. 22-ാം മിനിറ്റില്‍ ലൗട്ടാരോ പെറു ബോക്‌സിനുള്ളില്‍ നിന്ന് ജൂലിയന്‍ അല്‍വാരസിന് നല്‍കിയ പാസ് സ്വീകരിച്ച് തൊടുത്ത ഷോട്ട് വലതുപോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 24-ാം മിനിറ്റില്‍ ബോക്‌സിന് ഏതാനും വാര അകലെ നിന്ന് ജൂലിയന്‍ അല്‍വാരസ് മാക് അലിസ്റ്ററെ ലക്ഷ്യമിട്ട് ബോക്‌സിലേക്ക് നല്‍കിയ ഓവര്‍ ഹെഡ് ബോളില്‍ അദ്ദേഹം തല വെച്ചെങ്കിലും വലതുപോസ്റ്റിനരികിലൂടെ അതും പുറത്തേക്ക് പോയി.

മറുഭാഗത്ത് പെറു ക്യാപ്റ്റന്‍ പൗലോ ഗോണ്‍സാലസിന്റെ നേതൃത്വത്തില്‍ ദുര്‍ബലമായ നീക്കങ്ങള്‍ മാത്രമാണ് ആദ്യ പകുതിയിലുണ്ടായത്. ഓട്ടമെന്‍ഡി ഗോണ്‍സാലോ മൊന്‍ഡിയല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെറുവിന്റെ നീക്കങ്ങളെ അത്ര പണിപ്പെടാതെ തന്നെ ചെറുക്കാനായി.

37-ാം നിനിറ്റില്‍ മെസിയെ പെറു മധ്യനിരക്കാരന്‍ ജീസസ് കസിലോ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിലും ഗോള്‍ കണ്ടെത്താനായില്ല. 43-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിലേക്ക് എത്തിയെങ്കിലും പെറു കീപ്പര്‍ പെഡ്രോ ഗല്ലീസ് കൈപ്പിടിയിലൊതുക്കി. 44-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കാര്‍ഡ് റഫറി പുറത്തെടുത്തു. അല്‍വാരസിനെ ഫൗള്‍ ചെയ്തതിന് മിഖേല്‍ അരൗജോക്കായിരുന്നു മഞ്ഞക്കാര്‍ഡ്. ആദ്യപകുതിയിലെ അധികസമയത്തിലെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് ബോക്‌സിലേക്ക് ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലെ അറുപതാം മിനിറ്റില്‍ പെറു ഹാഫിന്റെ ഇടതുമൂലയില്‍ നിന്ന് മെസിയുടെ ഫ്രീകിക്ക്. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് അര്‍ജന്റീനിയന്‍ താരങ്ങള്‍ക്ക് ലഭിക്കാതെ പുറത്തുപോയി. തൊട്ടടുത്ത നിമിഷവും സമാനമായി ബോക്‌സിലേക്ക് പന്ത് എത്തിയെങ്കിലും മുതലാക്കാനായില്ല. 65-ാം മിനിറ്റില്‍ പെറുവിന് അനുകൂലമായ ഫ്രീകിക്ക്. ഓട്ടമെന്‍ഡി പെറു മുന്നേറ്റനിര താരത്തെ ഫൗള്‍ ചെയ്തതിനായിരുന്നു കിക്ക് ലഭിച്ചത്. പകരക്കാരനായി എത്തിയ അറ്റാക്കര്‍ ലപാഡുല അര്‍ജന്റീനയുടെ ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് തൊടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

74-ാം മിനിറ്റില്‍ പെറുവിന്റെ മുന്നേറ്റം. പെറു പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച സെര്‍ജിയോ പെന ലപാഡുലയിലേക്ക് ഒരു നീളന്‍ ലോബ് നല്‍കുന്നു. പന്ത് വരുതിയിലാക്കിയ ലപാഡുല മുന്നോട്ട് ഓടിയെത്തിയ സെര്‍ജിയോ പെനക്ക് തന്നെ പന്ത് കൈമാറി. പെന പായിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്ന കാഴ്ച്ച.

പെറു പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. അര്‍ജന്റീന പ്രതിരോധത്തിലേക്ക്. 81-ാം മിനിറ്റില്‍ ലൗട്ടാരോയെയും ഡിപോളിനെയും പിന്‍വലിച്ചു. പകരം ലോ സെല്‍സോയും ഗിലിയാനോ സിമിയോണിയും കളത്തിലെത്തി. നാല് മിനിറ്റ് മുമ്പ് പ്രതിരോധത്തില്‍ നിന്ന് ഗോണ്‍സാലോ മോണ്‍ഡിയലിനെ പിന്‍വലിച്ച് നെഹുവാന്‍ പെരെസിനെ ഇറക്കിയിരുന്നു.

മറുഭാഗത്ത് രണ്ട് മാറ്റങ്ങള്‍ പെറു വരുത്തി. മുന്‍നിരയില്‍ നിന്ന് അലക്‌സ് വലേര, ഒലിവര്‍ സോനെ എന്നിവര്‍ പിന്‍വലിക്കപ്പെട്ടു. പകരക്കാരായി എഡിസണ്‍ ഫ്‌ളോറസ്, ബ്രയാന്‍ റയ്‌ന എന്നിവര്‍ കളത്തിലെത്തി. 90 മിനിറ്റില്‍ മാക് അലിസ്റ്റര്‍, ബലേര്‍ഡി എന്നിവര്‍ക്ക് പകരക്കാരായി പരേഡസ്, ഫാകുണ്ടോ മദീന എന്നിവരെത്തി. അധികസമയമായി നല്‍കിയ നാല് മിനിറ്റിലും പറയത്തക്ക നീക്കങ്ങളൊന്നും ഇരുഭാഗത്ത് നിന്നും ഇല്ലാതെ മത്സരം അവസാനിച്ചു.

Football

ബാഴ്സ താരം ലമിന്‍ യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്.

Published

on

ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് കാരണം ചികിത്സ തേടി. ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്. മൂന്നോ നാലോ ആഴ്ചത്തേക്ക് വിശ്രമം ആവശ്യം വരും. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്സ മാനേജ്മെന്റ് ഇന്നലെ പറഞ്ഞു.

ഇതോടെ ഈ വരുന്ന ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരവുംയമാലിന് കളിക്കാനാവില്ല.

ജനുവരി നാലിന് കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്‌ട്രോയ്‌ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യം. ശേഷം സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഇതിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്സലോണയ്ക്കുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ 75-ാം മിനിറ്റ് വരെ താരം കളത്തില്‍ തുടര്‍ന്നു.

നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

 

 

Continue Reading

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading

Football

സെവൻസ് കളിക്കിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിക്കയറി; വിദേശ താരത്തിന് വിലക്ക്

സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

Published

on

മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറിനിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിക്കയറി വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ്് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫ്‌ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കളിക്കുന്നതിനിടെ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരമായ വിദേശ താരം സാമുവൽ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോൾ അടിച്ച് ജയിച്ച് നിൽക്കുന്ന സമയത്താണ് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്.
ഈ സീസണിലെ ടൂർണമെന്റുകളിലാണ് എസ്.എഫ്.എ വിലക്കേർപ്പെടുത്തിയത്. ചവിട്ടിക്കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫുട്ബാൾ പ്രേമികൾ താരത്തിനെതിരെ നടപടിക്കായി ശബ്ദം ഉയർത്തിയത്. ഇദ്ദേഹത്തെ കളിപ്പിച്ചാൽ കളിക്കളങ്ങൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.

വിലക്ക് എർപ്പെടുത്തിയ തീരുമാനം എസ്.എഫ്.എ പ്രസിഡൻറ് ഹബീബ്, ജനറൽ സെ ക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ എസ് എം. അൻവർ എന്നിവർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സാമുവൽ സന്ദർശിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.

Continue Reading

Trending