ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ടു പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഹിന്ദിയിലായിരിക്കണമെന്നാണ്. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം നേരത്തെ തന്നെ അദ്ദേഹം ഉയര്‍ത്തിയിരുന്നു. വൈവിധ്യങ്ങളെ നിരാകരിക്കുകയും ഏക ശിലാത്മകവും സങ്കുചിതവുമായ തീവ്ര ദേശീയതയെ ഉയര്‍ത്തികൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം സംഘ്പരിവാര്‍ നയിക്കുന്ന ഭരണകൂടത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങളിലായി ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. ഇതില്‍തന്നെ നല്ലൊരു ശതമാനം ആളുകള്‍ സംസാരിക്കുന്നത് ശുദ്ധ ഹിന്ദിയല്ല. ഹിന്ദിയും ഉര്‍ദുവും കലര്‍ന്ന ഹിന്ദുസ്ഥാനിയാണ്. ഹിന്ദുസ്ഥാനിയാവണം ഇന്ത്യയുടെ ദേശീയ ഭാഷ എന്ന് ഭരണഘടനാ അസംബ്ലിയില്‍ ശക്തമായി വാദിച്ചവരും ഉണ്ടായിരുന്നു. വടക്കും തെക്കും തമ്മിലും ഹിന്ദുവും മുസ്‌ലിമും തമ്മിലും ബന്ധിപ്പിക്കാന്‍ ഹിന്ദുസ്ഥാനിക്ക് കഴിയുമെന്ന് ഗാന്ധിയും നെഹ്‌റുവും കരുതി. എന്നാല്‍ ഹിന്ദിയല്ല, ദേവനാഗരി ലിപിയിലുള്ള ശുദ്ധ ഹിന്ദി വേണമെന്ന് ഹിന്ദി വാദക്കാര്‍ നിലപാട് സ്വീകരിച്ചു. പക്ഷേ രണ്ടു വാദങ്ങളും ശക്തമായി എതിര്‍ത്തവരുണ്ടായിരുന്നു. ‘ഹിന്ദി ഇന്ത്യ’ എന്ന വാദം ഒരിക്കലും അംഗീകരിക്കാനാവില്ല എന്നായിരുന്നു അത്തരക്കാര്‍ ഉന്നയിച്ചത്.
ഒടുവില്‍ ഭരണഘടനാഅസംബ്ലി ഒരു തീര്‍പ്പിലെത്തി. യൂണിയന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാഷ ഭരണഘടന നിലവില്‍ വന്നു പതിനഞ്ച് വര്‍ഷത്തേക്ക് 1965 വരെ ഇംഗ്ലീഷിലായിരിക്കും. ശേഷം ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലുള്ള ഹിന്ദി ആയിരിക്കുമെന്നും അസംബ്ലി തീരുമാനിച്ചു (Article 343). എന്നാല്‍ 1965 ആവുന്നതിനുമുമ്പ് തന്നെ ഹിന്ദി ദേശീയ ഭാഷയാക്കുന്നതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളായ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് തുടങ്ങിയ ഇടങ്ങളിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. 1963 ല്‍ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നെഹ്‌റു ഉറപ്പ് നല്‍കി. ഇതിനായി ഒഫീഷ്യല്‍ ലാംഗേജ് ആക്ട് 1963 എന്ന നിയമവും പാര്‍ലമെന്റ് പാസാക്കി. 1964ല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് അധികാരമേറിയ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തൊട്ടടുത്ത വര്‍ഷം 1965ല്‍ ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപനം നടത്തി. ഇതിനെതിരെ രാജ്യത്ത് വീണ്ടും പ്രതിഷേധമുയര്‍ന്നു. തമിഴ്‌നാട്ടിലാണ് ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. നിരവധി പേരാണ് സംഘര്‍ഷങ്ങളില്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര മന്ത്രിമാരായ സി. സുബ്രമണ്യവും ഒ.വി അലകേശനും പ്രതിഷേധ സൂചകമായി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ നിയമസഭ ഹിന്ദിക്ക് അനുകൂലമായി പ്രമേയം പാസാക്കാത്ത കാലത്തോളം നിലവിലുള്ള അവസ്ഥയില്‍ മാറ്റമുണ്ടാകില്ല എന്ന നിയമവും 1967 ല്‍ പാര്‍ലമെന്റ് പാസാക്കി. അതോടെ ഹിന്ദിയും ഇംഗ്ലീഷും ഒരുപോലെ ഉപയോഗിക്കാമെന്ന തല്‍സ്ഥിതി തുടര്‍ന്നു.
ഭരണഘടനയുടെ എട്ടാം പട്ടികയില്‍ 22 ഭാഷകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 6 ഭാഷകള്‍ ശ്രേഷ്ഠ ഭാഷകളായി (Classical Language) അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ 2001 ലെ സെന്‍സസ് പ്രകാരം 122 പ്രധാനപ്പെട്ട ഭാഷകളുള്‍പ്പെടെ ആയിരത്തിലധികം ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഓരോ ഭാഷയും കേവലമായ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം മാത്രമല്ല. ഭാഷകള്‍ക്ക് നൂറ്റാണ്ടുകളുടെ സംസ്‌കാരവും പാരമ്പര്യമുണ്ട്. അത്തരം ഭാഷയിലധിഷ്ഠിതമായ സാംസ്‌കാരിക തനിമ നിലനിറുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജ് എന്ന സ്ഥാപനം 1969 ല്‍ ആരംഭിച്ചത്.
മതം കൊണ്ട് വര്‍ഗീയത ഇളക്കിവിട്ട പോലെ ഭാഷകൊണ്ട് വിഭാഗീയതയുടെ പുതിയ കലാപ രീതികള്‍ ആവിഷ്‌കരിക്കാനാണ് സംഘ്പരിവാര്‍ ഭരണകൂടം ഇപ്പോള്‍ അജണ്ട മെനയുന്നത്. വൈവിധ്യങ്ങള്‍ സവിശേഷതയായി കാണുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഏതെങ്കിലും ഒരു ഭാഷയുടെ അടിസ്ഥാനത്തില്‍ ഏകരൂപത സൃഷ്ടിക്കാമെന്നത് അത്ര നിഷ്‌കളങ്കമായ ആഗ്രഹമല്ല. ഇന്ത്യയുടെ സവിശേഷ സാംസ്‌കാരിക വൈവിധ്യത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണത്. ഈ കടന്നുകയറ്റം സങ്കീര്‍ണ്ണതകള്‍ മാത്രമാണ് നല്‍കുക.