കോഴിക്കോട്: ചൊവ്വാഴ്ച വൈകിട്ട് കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറ, നാരങ്ങാത്തോട്, നൂറാംതോട് എന്നിവിടങ്ങളിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിലും വനമേഖലയിലുണ്ടായ ഉരുള്‍ പൊട്ടലിലും വന്‍ നാശനഷ്ടം.ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയി. മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൂരോട്ടുപാറ പുളിയിലക്കാട്ടുപടിയിലെ ഗതാഗതവും സ്തംഭിച്ചു. പ്രദേശത്തെ വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വളവനാനി സെബാസ്റ്റ്യന്റെ കൃഷിയിടവും നശിച്ചു.
ജീരകപ്പാറ എഴുപത്തിയെട്ട് വനമേഖലയുടെ ചെരിവിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കൂരോട്ടുപാറ മല്ലിപ്പാറയിലും നാശനഷ്ടമുണ്ടായി. ആനത്താരക്കല്‍ ബാബുവിന്റെ അറുപത് സെന്റ് സ്ഥലത്തെ മാവ്, തെങ്ങ്, കൊക്കോ, കാപ്പി, വാഴ തുടങ്ങിയ കൃഷികള്‍ നശിച്ചു. ശക്തമായ മലവെള്ള പാച്ചിലില്‍ ചെളി വന്ന് കിണര്‍ മൂടി. മല്ലിപ്പാറ കൊച്ചുപാറക്കല്‍ സുനിലിന്റെ വീടിന് മുറ്റത്തുകൂടെയാണ് ഉരുള്‍പൊട്ടി ഒഴുകിയത്.ഇതിനെ തുടര്‍ന്ന് വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.
മല്ലിപ്പാറ ഇലവുങ്കല്‍ തോമസിന്റെ അരയേക്കര്‍ സ്ഥലത്തെ കൃഷി ഒലിച്ചു പോയി.
ജാതി, കൊക്കോ, തെങ്ങ്, ക മുക്, മറ്റ് മരങ്ങള്‍ തുടങ്ങിയവയാണ് ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചുപോയത്. മണ്ണോറത്ത് സണ്ണിയുടെ കൃഷികളും നശിച്ചു. പ്രദേശത്തെ ഏഴ് വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.
പ്രദേശത്തെ പത്തിലധികം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തുഷാരഗിരി – ചിപ്പിലിത്തോട് റോഡില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മേക്കല്‍ ജോസിന്റെ വീട് അപകടാവസ്ഥയിലായി.
കാട്ടിപ്പൊയില്‍ എലിവാലുങ്കല്‍ ജെറീഷ് കുര്യന്റെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലായി. തുഷാരഗിരി ചിപ്പിലിത്തോട് റോഡില്‍ ഉഴുന്നാലില്‍ ബെന്നിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായി.
ചെമ്പുകടവ് വട്ടചുവട് കിന്നരിത്തോടിന് സമീപത്ത് മണ്ണിടിച്ചിലില്‍ ഉന്നത്തിങ്കല്‍ ബേബിയുടെ രണ്ടേക്കറോളം കൃഷി നശിച്ചു.
ചൂരപുഴയില് ജോണ്സന്,നെല്ലിശേരി റൂഫസ് എന്നിവരുടെ കൃഷികള്‍ നശിച്ചു. ഒരപൂഴിക്കല് സജിയുടെ വീടിന്റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി.
ഉന്നത്തിങ്കല്‍ ബേബിയുടെ വീട് ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായി. പ്രദേശത്ത് ആറ് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.
പാത്തിപ്പാറ എഴുപത്തിയെട്ട് റോഡില്‍ വനത്തിലുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. നെല്ലിക്കുന്നേല്‍ ജോണ്സന്, പുത്തന്‍ പുരയില്‍ തോമസ്, കവുങ്ങിന്തോട്ടത്തില് മാത്യു, മരോട്ടിക്കല്‍ തോമസ് എന്നിവരുടെ കൃഷികള്‍ നശിച്ചു. കുറ്റിപ്പൂവത്തിങ്കല്‍ സണ്ണിയുടെ പുതിയതായി പണിയുന്ന വീടിന്റെ തറ ഒലിച്ചുപോയി.