X
    Categories: MoreViews

കെ.എസ്.ആര്‍.ടിസിയില്‍ 8000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളില്‍ ഇനി സിംഗിള്‍ ഡ്യൂട്ടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി പരിഷ്‌കരണം വീണ്ടും. 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളെ ഈ മാസം 15 മുതല്‍ സിംഗിള്‍ ഡ്യൂട്ടിയാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം പുറത്തിറക്കി. കഴിഞ്ഞ മാസം 15ന് ആയിരുന്നു കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയത്. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളിലായിരുന്നു ഇത് നടപ്പാക്കിയത്. പുതിയ ഉത്തരവ് പ്രകാരമാണ് 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടിയാക്കുന്നത്. എന്നാല്‍ തിരക്കേറിയ സമയമാണെങ്കില്‍ ജീവനക്കാര്‍ക്ക് വീണ്ടും ഡ്യൂട്ടി തുടരേണ്ടി വരുമെന്നും നിര്‍ദേശമുണ്ട്. ഇതിന് ഡ്യൂട്ടി സമയം കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 200 രൂപ വീതം വേതനം നല്‍കും. തിരക്കില്ലാത്ത സമയത്ത് രണ്ട് മണിക്കൂര്‍ വരെ സര്‍വീസ് നിര്‍ത്തിവെക്കുന്നതിനുള്ള അനുമതിയുമുണ്ട്.
കെ.എസ്.ആര്‍.ടി.സിയില്‍ ഒന്നര ഡ്യൂട്ടി എന്ന പുതിയ സമ്പ്രദായവും 15ന് നിലവില്‍ വരും. 8000 രൂപക്കും 10,000 രൂപക്കും ഇടയില്‍ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസുകളിലാണിത്. പത്ത് മണിക്കൂറാണ് ഒന്നര ഡ്യൂട്ടി. 10,000നും 12,000നും ഇടയില്‍ വരുമാനമുള്ള സര്‍വീസുകള്‍ ഒരുമാസത്തിനകം 12,000 രൂപ വരുമാനത്തിലെത്തിക്കണം. ഇല്ലെങ്കില്‍ ഇവയും ഒന്നര ഡ്യൂട്ടിയിലേക്ക് മാറ്റുന്നതിനാണ് ആലോചന. കിലോമീറ്ററിന് 15 രൂപ പോലും വരുമാനമില്ലാത്ത ട്രിപ്പുകള്‍ നിര്‍ത്തുന്നതിനും നിര്‍ദേശമുണ്ട്. സര്‍വീസ് പുനഃക്രമീകരണത്തിലൂടെ അനാവശ്യമായ ട്രിപ്പുകള്‍ നടത്തി നഷ്ടമുണ്ടാക്കിയാല്‍ അത് ബന്ധപ്പെട്ട യൂണിറ്റ് അധികാരികളില്‍ നിന്ന് ഈടാക്കുമെന്നും എം.ഡി രാജമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

chandrika: