Connect with us

kerala

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു, ജാഗ്രത പുലർത്തണമെന്ന് കെ.എസ് .ഇ .ബി

വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേർക്കാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിംഗിൻ്റെ തുടക്കത്തിൽ ആർ സി സി ബി ഘടിപ്പിക്കണമെന്നും കെ എസ് ഇ ബി മുന്നറിയിപ്പ് നൽകി.

Published

on

വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു.ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുത അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 121 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എർത്ത് ലിക്കേജ് കാരണം 17 പേരും വൈദ്യുതിലൈനിനു സമീപം ലോഹനിർമ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോൾ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേരും മരണമടഞ്ഞിട്ടുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് 7 പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്.വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇവയിലേറെയും.

വൈദ്യുത വയറിംഗിൻ്റെ തുടക്കത്തിൽത്തന്നെ ആർ സി സി ബി (ഇ എൽ സി ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാനാകും. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത വേണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.. ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്. കെ എസ് ഇ ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫീസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.

വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേർക്കാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിംഗിൻ്റെ തുടക്കത്തിൽ ആർ സി സി ബി ഘടിപ്പിക്കണമെന്നും കെ എസ് ഇ ബി മുന്നറിയിപ്പ് നൽകി.

 

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending