Connect with us

kerala

‘അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല’: ബിജെപി നേതാവ് സന്ദീപ് വാര്യര്‍

നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടിട്ടുണ്ടെന്നും വീണ്ടും പാര്‍ട്ടിയില്‍ തുടരാന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പരാമര്‍ശവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടിട്ടുണ്ടെന്നും വീണ്ടും പാര്‍ട്ടിയില്‍ തുടരാന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അമ്മ മരിച്ചപ്പോള്‍ പോലും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാര്‍ വീട്ടിലെത്തുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

തന്നെ ആശ്വസിപ്പിക്കാന്‍ ഏതെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുമെന്ന പ്രതീക്ഷയിലായിരുന്നെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ ഇത്രയും വൈകിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാനാണ് കുറിപ്പെന്നും സന്ദീപ് വാര്യര്‍ പറയുന്നു. കുറിപ്പില്‍ സി കൃഷ്ണകുമാറിന് വിജയാശംസകളും നേരുന്നുണ്ട്.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

 

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാണ് . മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ.

ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്.

പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ് . കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.

ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?

എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി

സൂക്ഷിച്ചത് പൂജാ മുറിയില്‍

Published

on

കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. 1.2 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

അതേസമയം പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവും എംഡിഎംഎയും പ്രതി സൂക്ഷിച്ചിരുന്നത് പൂജാ മുറിയിലായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് പ്രതിയുടെ സഹോദരനും മൊഴി നല്‍കി.

മൂന്ന് ദിവസം മുമ്പ് പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് പൊലീസിന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല.

പൊലീസ് സംഭവത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മരണങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥ മൂലം

‘ഉന്നതതല അന്വേഷണം വേണം’

Published

on

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മരണം സര്‍ക്കാര്‍ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങള്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല.പുതിയ ബ്ളോക്കില്‍ തീ പിടുത്തത്തിന് കാരണമായ നിലവാരം കുറഞ്ഞ ബാറ്ററികള്‍ വാങ്ങിയതില്‍ മുതല്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വവും അഴിമതിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബ്ലോക്കിന്റെ വയറിങ്ങിലും നിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനമോ ടെക്‌നീഷ്യന്‍മാരോ ഇല്ലാതിരുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രോഗികളെ പുറത്തെത്തിക്കേണ്ട വഴികളില്‍ വേസ്റ്റ് കൂടിക്കിടന്നിരുന്നതും, ഗോവണിപ്പടികളില്‍ പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്നതും ചുറ്റു മതിലിന് എമര്‍ജന്‍സി ഗേറ്റില്ലാത്തതു മൂലം മതില്‍ പൊളിച്ച് ആംബുലന്‍സ് കൊണ്ടുവരേണ്ടി വന്നതുമെല്ലാം ജനങ്ങളുടെ ജീവന് ഈ സര്‍ക്കാര്‍ കല്പിക്കുന്ന പുല്ലു വിലയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്ത ഈ സര്‍ക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്തത്തില്‍ മരിച്ച അഞ്ചു പേരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും ഈ സംഭവത്തെക്കുറിച്ച് അടിയന്തിരമായി ഉന്നത തല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മത്സ്യം പിടികൂടി

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്‍ നിന്നും 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

പഴകിയ മത്സ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരത്തിലുള്ള ചൂര മീനുകളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടികൂടിയ പഴകിയ മീനുകള്‍ എല്ലാം നശിപ്പിച്ചു.

Continue Reading

Trending