നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത് 1080 പേര്‍. ഇന്ന് 130 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ 297 പേരുണ്ട്.
ഇന്ന് നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 153 പേരാണ് ഉള്ളത്. റീജിയണല്‍ വി ആര്‍ ഡി ലാബില്‍ ഇന്ന് ലഭിച്ചത് 22 സാമ്പിളുകളാണ്.
കോള്‍ സെന്ററില്‍ ഇന്ന് 168 ഫോണ്‍ കോളുകളാണ് വന്നത്. ഇതുവരെ 671 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. ഇതുവരെ 180 പേര്‍ക്കാണ് മാനസിക പിന്തുണ നല്‍കിയത്. ആവശ്യത്തിന് മരുന്നുകള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഒരുക്കിയ 75 മുറികളില്‍ 62 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒന്‍പത് മുറികളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഏഴ് മുറികള്‍ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയില്‍ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 10714 വീടുകളില്‍ ഇന്ന് സന്ദര്‍ശനം നടത്തി. 15,633 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്.
അതേസമയം ജില്ലയിൽ ആഗസ്റ്റ് 30ന് മരണപ്പെട്ട രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പരിശോധനക്ക് അയച്ചതിൽ 30 പേരുടെ ഫലം നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 22, കണ്ണൂരിൽ മൂന്ന്, വയനാട് ജില്ലയിൽ ഒന്ന്, തൃശൂരിൽ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ഇത്തരത്തിൽ സമ്പർക്ക പട്ടികയിൽ കണ്ടെത്തിയവരെ ഐസൊലേഷനിൽ താമസിപ്പിക്കുകയും ഇവരുടെ സാംപിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ രോഗികൾ ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിർബന്ധമായും മെഡിക്കൽ ബോർഡുകൾ രൂപീകരിക്കണമെന്നും ഇവർ ദിവസത്തിൽ രണ്ടു തവണ യോഗം ചേർന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജില്ലയിൽ നിപയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടപ്പെടാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജില്ലയിലെ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുകയും ജില്ലയിൽ അടുത്ത ഞായറാഴ്ചവരെ ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.
മന്ത്രിമാർക്ക് പുറമെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.