കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്‌സ് ലിനിയുടെ ഓര്‍മകളാണ് കൂടുതല്‍ അനുസ്മരിക്കപ്പെട്ടത്. ലിനിയുടെ ഭര്‍ത്താവ് സജീഷും മകന്‍ രണ്ടുവയസ്സുകാരനായ സിദ്ധാര്‍ത്ഥും ശ്രദ്ധാകേന്ദ്രമായി. ലിനിയുടെ സഹോദരി ലിജിയും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. വേദിയില്‍ ദു:ഖം ഉള്ളിലൊതുക്കിയാണ് സജീഷ് ഇരുന്നത്. മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും ലിനിയുടെ ത്യാഗോജ്വലമായ ജീവിതത്തെപറ്റി പരാമര്‍ശിച്ചപ്പോള്‍ സജീഷിന്റെ കണ്ണുകള്‍ നിറഞ്ഞു.
സിദ്ധാര്‍ത്ഥ് അച്ഛന്റെ തോളിലിരുന്നാണ് ഹാളില്‍ എത്തിയത്. മൂത്ത കുട്ടി ഋതുലിനെ അസുഖം കാരണം കൊണ്ടുവന്നിരുന്നില്ല. സിദ്ധാര്‍ത്ഥ് ഇടക്കിടെ കൊച്ചു കുറുമ്പുകളുമായി ഹാളിലെ കസേരകളില്‍ മാറി മാറിയിരുന്നു. പല ആവശ്യങ്ങള്‍ പറഞ്ഞ് ലിജിയോട് വാശി പിടിക്കുന്നു. നഴ്‌സ് ലിനിയുടെ കര്‍ത്തവ്യബോധവും ആത്മാര്‍ത്ഥതയും മാതൃകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ത്ഥും ഇനി നാടിന്റെ മക്കളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലിനിക്കുള്ള ആദരം മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോഴും സജീഷ് വിങ്ങിപ്പൊട്ടുന്ന അവസ്ഥയിലായിരുന്നു.
കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, മണിപ്പാല്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ക്രിറ്റിക്കല്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, അപ്പോളോ ആസ്പത്രിയിലെ ഡോ. അബ്ദുല്‍ ഗഫൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, പ്രസ്‌ക്ലബ് ഭാരവാഹികളായ ഷിത, പൂജാനായര്‍ തുടങ്ങിയവരും ആദരങ്ങള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങള്‍ക്കും നഴ്‌സുമാര്‍ക്കും വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മുരളീധരന്‍പിള്ള(ആലപ്പുഴ), കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, ഡോ. എസ്. രാധാകൃഷ്ണന്‍ (കരമന-ഇ.എസ്.ഐ), ഡോ. ഷാജി തോമസ് ജോണ്‍,ഡോ. എ.എസ് അരുണ്‍കുമാര്‍ (ഇരുവരും ബേബി മെമ്മോറിയല്‍ ആസ്പത്രി, കോഴിക്കോട്)എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. നിപ്പയുടെ വ്യാപനവും ചികിത്സയും മറ്റും വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.